സിഡ്‌നി: യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷന്റെ (യു ഐ എ) ഇരുപതാം വാർഷികാഘോഷവും അവാർഡ് ദാനവും ബ്ലാക്ക്ടൗൺ ബൗമാൻ ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യു ഐ എ യുടെ ഈ വർഷത്തെ അവാർഡിനായി സിഡ്‌നി മലയാളി അസോസിയേഷന്റെ നോമിനികളായ രാമൻ കൃഷ്ണയ്യർ (ഔട്ട് സ്റ്റാൻഡിങ് പേഴ്‌സൺ ഓഫ് ദ ഇയർ), കെ പി ജോസ് (കമ്മ്യൂണിറ്റി വർക്കർ ഓഫ് ദ ഇയർ), രോഹിത് റോയ് (ഹൈ അച്ചീവ്‌മെന്റ് അവാർഡ്) എന്നിവർക്ക് മലയാളി സമൂഹത്തിൽ നിന്നും അവാർഡുകൾ ലഭിച്ചു.

സിഡ്‌നി മലയാളി അസോസിയേഷന്റെ പ്രഥമ സെക്രട്ടിയും (1976) പത്ര പ്രവർത്തകനും സാമൂഹിക പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യവുമായ രാമൻ കൃഷ്ണയ്യരുടെ നിസ്വാർത്ഥ സേവനങ്ങൾക്കാണ് ആദരം ലഭിച്ചത്. സിഡ്‌നി മലയാളി അസോസിയേഷന്റെ അമരത്ത് ദീർഘകാലം പ്രവർത്തിച്ച കെ പി ജോസ് മലയാളികളുടെ പ്രിയപ്പെട്ട ജോസേട്ടനാണ്. കഴിഞ്ഞ വർഷങ്ങളിൽ മലയാസമൂഹത്തിലുണ്ടായ ദുരന്തസമയങ്ങളിൽ സിഡ്‌നി മലയാളി അസോസിയേഷനുവേണ്ടി നടത്തിയ മികവുറ്റതും നിസ്വാർത്ഥവുമായ സേവനങ്ങൾക്കാണ് ബഹുമതി ലഭിച്ചത്. സിഡ്‌നിയിലെ മലയാളി വിദ്യാർത്ഥികളിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചതിനാണ് രോഹിത് അംഗീകാരം നേടിയത്. സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസും എക്‌സിക്യുട്ടീവ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്ത് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.

ഇന്ത്യൻ കോൺസൽ ജനറൽ സഞ്ജയ് സുധീർ പരിപാടി ഉദ്ഘാടനും ചെയ്തു. കുടിയേറ്റ വകുപ്പ് മന്ത്രി വിക്ടർ ഡോമിനെല്ലോ മുഖ്യ പ്രഭാഷണം നടത്തി. മേയർ, എം പി മാർ, കൗൺസിലർമാർ, സാമൂഹിക രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു. മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ സൈമൺ കാറ്റിച് അവാർഡുകൾ സമ്മാനിച്ചു. യു ഐ എ പ്രസിഡന്റ് ജോൺ കെന്നഡി സ്വാഗതവും യൂത്ത് വിങ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.