അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി ഒരുങ്ങുന്നു. ആസ്ട്രോണമിക്കൽ ആൻഡ് പ്ലാനറ്ററി സയൻസ് ആൻഡ് കെമിസ്ട്രിയിൽ ബിരുദം നേടണമെന്നാണ് അലീന പറയുന്നത്.

പതിനാറ് വയസാകുമ്പോൾ നാസയിൽ ജോലി കണ്ടെത്തണം. ബിരുദ പഠനത്തിനിടയിൽ തന്നെ ശൂന്യാകാശ പേടകം എങ്ങനെ നിയന്ത്രിക്കണമെന്നു മനസിലാക്കണം. ജീവിതത്തിലെ ആഗ്രഹങ്ങൾ പുറത്തു പ്രകടിപ്പിക്കുക മാത്രമല്ല, അതു പ്രാവർത്തികമാക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് അലീന.നാലു വയസിൽ തന്നെ അലീന പറയുമായിരുന്നു നാസയിൽ തനിക്ക് ജോലി ചെയ്യണമെന്ന് - അമ്മ സഫിൻ മക്വാർട്സ് പറഞ്ഞു.

ഭാവിയെക്കുറിച്ച് എനിക്ക് എന്റേതായ സ്വപ്നങ്ങളുണ്ട്. ഒരു എൻജിനീയർ ആകുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതൽ മനസിലാക്കണമെന്ന് ആഗ്രഹിച്ചു. ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണ് എന്റെ വിശ്വാസം. പ്രായത്തേക്കാൾ വളർച്ച പ്രാപിച്ച ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന അലീന മറ്റു കുട്ടികൾക്കുകൂടി മാതൃകയാകുകയാണ്. മാതാപിതാക്കളുടെ സീമാതീതമായ സഹകരണം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായും പന്ത്രണ്ടുവയസുകാരി അലീന പറഞ്ഞു.