ദോഹ: വില്ലകളിലും ഫ്‌ളാറ്റുകളിലും അനുമതിയില്ലാതെ നഴ്‌സറി നടത്തുന്നവർക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. അനുമതിയില്ലാതെ നഴ്സറികൾക്ക് നടത്തരുതെന്നാണ് ഭരണ നിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ താക്കീത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിലക്കുണ്ട്. വീടുകളിൽ നഴ്സറി സ്‌കൂളിന് സമാനമായി കുട്ടികളെ പരിപാലിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ട്വിറ്ററിലൂടെ താക്കീത് നൽകിയത്.

അനുമതിയില്ലാതെ അനധികൃതമായി നഴ്സറി സ്‌കൂൾ നടത്തുന്നതിലൂടെ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണി ഉയർത്തുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അനധികൃത സ്ഥാപനങ്ങൾ നിയന്തിക്കാനാൻ സർക്കാർ നിയമം തയാറാക്കിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി നഴ്സറി കെട്ടിടങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളും ഉണ്ട്.

അംഗീകൃത നഴ്സറികളിലെ ഫീസ് നിരക്ക് താങ്ങാൻ കഴിയാത്തവർ അല്ലെങ്കിൽ വീട്ടു സഹായി ഇല്ലാത്തവരുമാണ് ജോലിക്ക് പോകുമ്പോൾ മറ്റ് കുടുംബങ്ങളിൽ കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നത്. ദിവസാടിസ്ഥാനത്തിലോ മാസാടിസ്ഥാനത്തിലോ നിശ്ചിത തുക
നൽകുകയും ചെയ്യും. വ്യക്തിപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതിനാൽ ഇത് നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ പ്രയാസമാണെന്നും അൽ മാലികി ചൂണ്ടിക്കാട്ടി.

വീടുകളിൽ നഴ്സറി സ്‌കൂളുകൾക്ക് സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നത് കുട്ടികളുടെ സുരക്ഷയിൽ അപകട സാധ്യത വർധിപ്പിക്കുമെന്ന് നഴ്സറി സ്‌കൂൾ നിയമം സംബന്ധിച്ച 2014ലെ ഒന്നാം നമ്പർ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർ ഉടമയായാലും അവരുടെ സഹപ്രവർത്തകർ ആയാലും ഇരുവരും നിയമനടപടി നേരിടേണ്ടി
വരുമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.