- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ വീണ്ടും ഒത്തുകളിയുടെ നിഴലിൽ; രാജസ്ഥാൻ റോയൽസ് താരത്തിന് പണം വാഗ്ദാനം ചെയ്തതായി പരാതി: സുപ്രീം കോടതി ഇടപെടലിനും ഐപിഎലിനെ രക്ഷിക്കാനായില്ലേ?
ന്യൂഡൽഹി: എട്ടാം സീസണിലും ഇന്ത്യൻ പ്രീമിയർ ലീഗിനെ ഒത്തുകളി വിവാദം പിന്തുടരുന്നു. ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ആജീവനാന്ത വിലക്കു സമ്മാനിച്ച രാജസ്ഥാൻ റോയൽസ് ടീമംഗത്തിനെയാണ് ഇത്തവണ ഒത്തുകളിക്കു വേണ്ടി സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ആദ്യ മത്സരം ഇന്നു കളിക്കാൻ ഒരുങ്ങവെയാണ് ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ടീ
ന്യൂഡൽഹി: എട്ടാം സീസണിലും ഇന്ത്യൻ പ്രീമിയർ ലീഗിനെ ഒത്തുകളി വിവാദം പിന്തുടരുന്നു. ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ആജീവനാന്ത വിലക്കു സമ്മാനിച്ച രാജസ്ഥാൻ റോയൽസ് ടീമംഗത്തിനെയാണ് ഇത്തവണ ഒത്തുകളിക്കു വേണ്ടി സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ ആദ്യ മത്സരം ഇന്നു കളിക്കാൻ ഒരുങ്ങവെയാണ് ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ടീമിലെ ഒരംഗത്തെ രഞ്ജി ട്രോഫി താരം സമീപിച്ചെന്ന് വെളിപ്പെടുത്തൽ പുറത്തുവന്നത്. ട്വന്റി 20 ലീഗിന്റെ ഭാഗമല്ലാത്ത താരമാണ് ഓഫർ മുന്നോട്ടു വച്ചത്.
ആ വാഗ്ദാനം സ്വീകരിക്കാതെ റോയൽസിന്റെ താരം ഇക്കാര്യം ടീമിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ടീം ഉദ്യോഗസ്ഥൻ അക്കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. രഞ്ജി ട്രോഫി കളിക്കുന്ന സമയത്ത് തനിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടയാളാണ് ഓഫറുമായി വന്നത്. അയാൾ തമാശ പറയുകയാണെന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ ഒത്തുകളിച്ചാൽ പണമുണ്ടാക്കാമെന്ന് അയാൾ പറഞ്ഞതോടെ സംഭവത്തിന്റെ ഗൗരവം മനസിലായെന്നും രാജസ്ഥാൻ താരം പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ അഴിമതി വിരുദ്ധ സമിതിയുടെ ചെയർമാൻ രവി സവാനി വിസമ്മതിച്ചു.
രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരാണ് ഒത്തുകളിയെ തുടർന്ന് നേരത്തെ അറസ്റ്റിലായത്. വിവാദങ്ങളെ തുടർന്ന് സുപ്രീം കോടതി തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും ബിസിസിഐ മുൻ അധ്യക്ഷൻ എൻ ശ്രീനിവാസൻ വരെ ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാകുകയും ചെയ്തു. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിങ്‌സ് സഹ ഉടമയുമായ ഗുരുനാഥ് മെയ്യപ്പനെതിരെ സുപ്രീം കോടതി പരാമർശം നടത്തുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയും ഒത്തുകളി വിവാദത്തിൽ സംശയത്തിന്റെ നിഴലിയായിരുന്നു.
സുപ്രീം കോടതി വരെ ഇടപെട്ടതോടെ പുതിയ സീസണിൽ ഒത്തുകളിക്കായി ആരും മുന്നോട്ടുവരില്ലെന്ന ധാരണയാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ ഇല്ലാതായത്. പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും മേളയായ ഐപിഎലിൽ ഒത്തുകളി അവസാനിക്കില്ല എന്ന സൂചന തന്നെയാണ് റിപ്പോർട്ടുകൾ നൽകുന്നത്.