ഴയ ഒരു ആത്മഹത്യാശ്രമവും സൂപ്പർ താരത്തിന്റെ സിനിമാ സ്റ്റൈൽ രക്ഷപ്പെടുത്തലും സിനിമാവൃത്തങ്ങളിൽ വീണ്ടും ചർച്ചയാകുകയാണിപ്പോൾ. 1984ൽ പുറത്തിറങ്ങിയ ഐ വി ശശി ചിത്രം കാണാമറയത്തിന്റെ ചിത്രീകരണവേളയിൽ നടി ഉണ്ണിമേരി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവമാണ് സിനിമാമാദ്ധ്യമങ്ങളിൽ വീണ്ടുമെത്തിയത്.

പി പത്മരാജന്റെ തിരക്കഥയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനനാക്കി ഐ വി ശശി ഒരുക്കിയ ചിത്രമായിരുന്നു കാണാമറയത്ത്. തന്റെ അച്ഛനോളം പ്രായമുള്ള ഒരാളെ തമ്മിൽ ഒന്നു കാണുകപോലും ചെയ്യാതെ പ്രണയിച്ച അനാഥയായ വിദ്യാർത്ഥിനിയുടെ കഥ പറഞ്ഞ ഹൃദയ സ്പർശിയായ ചിത്രമായിരുന്നു കാണാമറയത്ത്. മമ്മൂട്ടിയും ശോഭനയും റഹ്മാനും തകർത്തഭിനയിച്ച ഈ ചിത്രം മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു. നടി ഉണ്ണിമേരിയും ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് നടക്കവേ ഒരു രാത്രിയിൽ നടി ഉണ്ണി മേരിയുടെ അച്ഛൻ ഹോട്ടലിൽ വന്നു. പക്ഷെ സിനിമയുടെ യൂണിറ്റ് അംഗങ്ങൾ അദ്ദേഹത്തെ ഉണ്ണി മേരിയെ കാണാനും സംസാരിക്കാനും അനുവദിച്ചില്ല. വെളുപ്പിന് മൂന്നു മണി വരെ മകളെ കാത്ത് നിന്ന ശേഷം അച്ഛൻ മടങ്ങി. തന്റെ അച്ഛനു നേരെ യൂണിറ്റ് അംഗങ്ങളിൽ നിന്നുണ്ടായ മോശം പ്രവൃത്തി അറിഞ്ഞ ഉണ്ണി മേരി മനോവിഷമത്താൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണു വാർത്ത. മെട്രോമാറ്റിനിയാണ് ഈ പഴയ സംഭവം വീണ്ടും ശ്രദ്ധയിലെത്തിച്ചത്.

രാവിലെ പള്ളിയിൽ പോയി വന്ന ഉണ്ണി മേരി മുറിയിൽ കയറി കുറ്റിയിട്ടു. മഴയായതിനാൽ ഷൂട്ടിങ് വൈകിയാണു തുടങ്ങിയത്. എന്നാൽ, ലൊക്കേഷനിലേക്ക് പോകാൻ നേരം ഉണ്ണി മേരി മാത്രം വന്നില്ല. ഉറക്കത്തിൽ എന്ന് കരുതി ഉണർത്താൻ എല്ലാവരും കതകിൽ മുട്ടി. വാതിൽ തുറന്നില്ല. എല്ലാവരും വാതിലിനു പുറത്തു കൂടിയതോടെ മമ്മൂട്ടി വന്ന് കതക് ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഈ സമയം ഉണ്ണി മേരി. തുടർന്ന് നടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് അപകടനില തരണം ചെയ്തത്. മൂന്നാം ദിവസം ആശുപത്രി വിട്ടു.