തിരുവനന്തപുരം: നല്ല സംഗീതത്തെ സ്‌നേഹിക്കുന്ന ആസ്വാദകവൃന്ദത്തിന്റെ മനം കവർന്ന 'ഈണത്തിൽ പാടിയ പാട്ട്' ഒരു ലക്ഷം ഹിറ്റും പിന്നിട്ടു മുന്നോട്ട്. ഗ്രീൻ ട്യൂൺസ് മ്യൂസിക്കൽസ് പുറത്തിറക്കിയ ഗാനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകൻ ഉണ്ണിമേനോന്റെ മധുരസ്വരത്തിലൂടെയാണ് ശ്രോതാക്കളിൽ എത്തിയത്.

സംഗീതപ്രേമികളുടെ മനസിൽ കുളിർമഴയായി പെയ്തിറങ്ങിയ ഈ ഗാനത്തിന്റെ രചന അനിൽ രവീന്ദ്രനാണ്. സംഗീതം എസ് ആർ സൂരജ്.ഒരുവട്ടം കേൾക്കുമ്പോൾ തന്നെ മനസിൽ പതിയുന്ന ലളിതമായ വരികളും അതിനൊത്ത ഹൃദ്യമായ ഈണവുമാണ് ഗാനത്തെ ശ്രോതാക്കളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചത്. നിത്യഹരിതഗായകൻ ഉണ്ണിമേനോന്റെ ഭാവാർദ്രനാദം കൂടി ചേർന്നതോടെ ഗാനത്തിന് പുതിയൊരു മാനവും കൈവന്നു.

പുറത്തിറങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 'ഈണത്തിൽ പാടിയ പാട്ട്' ഒരു ലക്ഷം ഹിറ്റ് പിന്നിട്ടത് ആസ്വാദകമനസിൽ ഇടംപിടിച്ചു എന്നതിനു തെളിവാണ്. യൂട്യൂബിൽ പ്രേക്ഷകർ കുറിച്ച അഭിപ്രായങ്ങളും ഇതു ശരിവയ്ക്കുന്നു. ആസ്വാദകഹൃദയങ്ങളിൽ പ്രണയത്തിന്റെ മധുരവുമായി ഒഴുകുകയാണ് ഗ്രീൻ ട്യൂൺസ് പുറത്തിറക്കിയ ഈ ഗാനം.

'സ്ഥിതി' എന്ന ചിത്രത്തിലെ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ' എന്ന ഗാനത്തിനു ശേഷം ഏറെ സ്വീകരിക്കപ്പെട്ട ഉണ്ണിമേനോൻ ഗാനമാണ് 'ഈണത്തിൽ പാടിയ പാട്ട്'. പ്രേംകിഷോർ, മേഘ യു തുടങ്ങിയവരാണു ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആഷ്ലിൻ പൊഡുദാസും പി എസ് രാകേഷും. അരുൺ ചന്ദാണു ക്രിയേറ്റീവ് ഡയറക്ടർ. സൗരവ് മോഹൻ എഡിറ്റിങ്ങും വരുൺ മോഹൻ ഗ്രാഫിക്സ് ഡിസൈനിങ്ങും നിർവഹിച്ചു. നല്ല പാട്ടുകൾ ശ്രോതാക്കൾക്ക് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യമാണു ഗ്രീൻ ട്യൂൺസിനുള്ളതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.