കൊച്ചി: രൂപമല്ല ,അഭിനയ ശേഷിയാണ് താരത്തിന് വേണ്ടെതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. കരീഷ്മയിലേക്കുള്ള രൂപ പരിണാമ പ്രക്രിയ പൂർത്തിയായപ്പോൾ ലക്ഷ്യം നേടി. തയ്യാറെടുപ്പിന് വേണ്ടി വന്നത് 8 മണിക്കൂർ.

6 പായ്ക്ക് ശരീരത്തെ ആരെയും അകർഷിക്കുന്ന അംഗലാവണ്യം ഉൾക്കൊണ്ട സ്ത്രീ ശരീരമാക്കിയതിലൂടെ മേക്കപ്പിന് അതിർവരമ്പുകളില്ലന്നും വ്യക്തമായി. ചിത്രം വാനോളം പ്രതീക്ഷ നൽകുന്നുണ്ടെന്നും താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ പുതിയ ചിത്രമായ ചാണക്യതന്ത്രത്തിൽ സുപ്രധാന കഥാപാത്രമായ കരീക്ഷമയായുള്ള വേഷപ്പകർച്ചയെക്കുറിച്ച് നായകൻ ഉണ്ണിമുകുന്ദൻ മറുനാടനോട് പങ്കുവച്ച വിവരങ്ങൾ ഇങ്ങനെയാണ്.

കരീഷ്മയായി മാറിയ തന്റെ ചിത്രം ഉൾപ്പെടെ ഉണ്ണിമുകുന്ദൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത മേക്കിങ് വീഡിയോ വൈറലായി മാറിക്കഴിഞ്ഞു.യൂടൂബിൽ കൂടുതൽ പേർ കണ്ട വീഡിയോയായി ഇത് മാറിയെന്നും താരമെന്ന നിലയിൽ ഇതിൽ അഭിമാനമുണ്ടെന്നും ഉണ്ണി അറിയിച്ചു. ചെറുപ്പത്തിൽ പന്തുകളിക്കാനും മറ്റും പോകാറുണ്ട്. എല്ലുന്തിയ ശരീരമായിരുന്നു അന്നുണ്ടായിരുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ ഇക്കാര്യം അറിയാം.

ഇന്നത്തെകാലത്തെ ചെറുപ്പക്കാർ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.ഞാനും ഈ വിഭാഗത്തിൽപ്പെടുന്ന ആളാണ്.മസിലൊക്കെ കുറച്ചാൽ കുറച്ചുകൂടി വേഷങ്ങൾ ചെയ്യാൻ പറ്റില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപിടികൂടിയാണ് ഈ വേഷം.ഉണ്ണി വ്യക്തമാക്കി.

മേക്കപ്പിൽ വിദഗ്ധരുടെ നീണ്ട നിരതന്നെ പങ്കാളികളായി. 40 -ൽപരം സ്റ്റൈലുകളിൽ സാരി ഉടുക്കാൻ പഠിച്ചിട്ടുള്ള സംഘാംഗത്തിന്റെ സേവനം നിർണ്ണായകമായി. സാരി ഉടുത്തിട്ടുള്ള രീതിയാണ് കരീക്ഷയെ ഏറെ മനഹരിയാക്കിയിരിക്കുന്നതന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടു. സംവിധായകന്റെയും മേക്കപ്പ്മാന്റെയും ശുഭാപ്തി വിശ്വാസമായിരുന്നു ഈ രൂപമാറ്റത്തിന് കരുത്ത്.

എന്റെ പുരികം മുതൽ പല ഭാഗങ്ങളും സ്ത്രീ ശരീരത്തിന്റെ പൂർണ്ണതയ്ക്കായി മേക്കപ്പ് സംഘം രൂപമാറ്റം വരുത്തി. പൂർണ്ണ രൂപത്തിലെത്തിയ കരീഷ്മയെ കണ്ണാടിയിൽ ദർശിച്ചപ്പോൾ ഉണ്ടായ മനോവികാരം ഇപ്പോഴും പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.ഉണ്ണി പറഞ്ഞു.

ഇരയാണ് ഉണ്ണിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.അടുത്ത മാസം രണ്ടിന് ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചാണക്യതന്ത്രം ഏപ്രിലിൽ പുറത്തിറങ്ങുമെന്നാണ് ഇതുവരെയുള്ള സൂചന.