- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ കാണുന്നതല്ല ശരിക്കും ഇഡി; വീട്ടിൽ ഇഡി വന്നത് വലിയ സംഭവമാണെന്ന് മനസിലായത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ; തന്റെ മസിലളിയൻ ഇമേജ് നിരവധി വേഷങ്ങൾ നഷ്ടപ്പെടുത്തി; കഥ പറയാൻ വന്ന സംവിധായകനെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു: മനസു തുറന്ന് ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ യുവനടനാണ് ഉണ്ണിമുകുന്ദൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മേപ്പടിയാൻ ജനുവരി 13 ന് റിലീസ് ആകുകയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദനാണ്. സമീപകാലത്ത് ക്രിപ്റ്റോ കറൻസി കേസുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്ഡിലൂടെ വിവാദങ്ങളിലും ഇടം നേടി ഈ യുവനടൻ. അഭിനയത്തിനും നിർമ്മാണത്തിനും പുറമെ രണ്ട് സിനിമാ ഗാനങ്ങൾ രചിക്കുകയും നാല് പാട്ടുകൾ പാടുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം.
2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിങ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി. 2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി.
2017-ൽ റിലീസായ മാസ്റ്റർ പീസിലെ വില്ലൻ വേഷമായ എസിപി ജോൺ തെക്കൻ ഐപിഎസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിന്റ് എന്ന സിനിമയിലെ ഉണ്ണി മുകുന്ദന്റെ ക്ലിന്റിന്റെ അച്ഛൻ വേഷം മികവുറ്റതായി. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. ഇര, ചാണക്യതന്ത്രം, മിഖായേൽ, മാമാങ്കം, ഭ്രമം തുടങ്ങിയ സിനിമകൾക്ക് ശേഷം പുറത്തിറങ്ങുന്ന മേപ്പടിയാൻ ഉണ്ണിമുകുന്ദന്റെ കരിയറിലെ അടുത്ത ചുവടുവയ്പ്പാകുമെന്നുറപ്പ്. പുതിയ ചിത്രത്തിന്റെ റിലീസിന്റെയും ഇഡി റെയ്ഡിന്റെയും പശ്ചാത്തലത്തിൽ ഉണ്ണി മുകുന്ദൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയോട് സംസാരിക്കുന്നു.
മേപ്പടിയാൻ എന്ന സിനിമയിലേയ്ക്ക് ഉണ്ണി മുകുന്ദൻ എത്തുന്നതെങ്ങനെയാണ്?
സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ വിഷ്ണു മോഹൻ നാല് വർഷം മുമ്പാണ് സ്ക്രിപ്റ്റുമായി എന്നെ കാണാൻ വരുന്നത്. ആദ്യ പകുതി വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു ഈ സിനിമ ഞാൻ ചെയ്യുമെന്ന്. ഫസ്റ്റ് ഹാഫ് വായിച്ചിട്ട് ഞാൻ വിഷ്ണുവിനോട് പറഞ്ഞതുതന്നെ നല്ല കഥയാണ്, ഇത് കുളമാക്കരുത് എന്നാണ്.
കഥ നോക്കി സിനിമ തെരഞ്ഞെടുക്കാൻ പ്രധാന കാരണം തെലുങ്ക് സിനിമകളിൽ അഭിനയിച്ചതിന്റെ സ്വാധീനമാണോ?
അങ്ങനെയല്ല. ഞാൻ മനസിലാക്കുന്നത്, ഇനി ഏത് ഭാഷ ആണെങ്കിലും ഒരു സിനിമ നന്നാകുന്നതിന്റെ പ്രധാനഘടകം അതിന്റെ സ്ക്രിപ്റ്റാണ്. ഞാൻ ഈ സിനിമ സമ്മതിക്കുമ്പോൾ ഇതിനൊരു നിർമ്മാതാവ് ഉണ്ടായിരുന്നു. നിർമ്മാതാവുമായാണ് വിഷ്ണു എന്നെ കാണാൻ വന്നത്. പിന്നീട് വിജയ് ബാബു ഈ സിനിമ നിർമ്മിക്കാൻ തയ്യാറായി. എന്നാൽ അദ്ദേഹത്തിന്റെ തിരക്കും എന്റെ തിരക്കും ചേർന്ന് പോകാത്തതിനാൽ അത് നടന്നില്ല. അപ്പോഴാണ് കോവിഡ് ഒക്കെ വന്ന് സിനിമ നീണ്ടുപോയത്.
എന്നോട് സംസാരിച്ചപ്പോൾ വിഷ്ണു പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു. എനിക്ക് പൊതുവേ ഒരു മസിലളിയൻ ഇമേജുണ്ട്. വിഷ്ണു കഥ പറയാൻ വന്നപ്പോൾ തന്നെ നിരവധിപേർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഫൈറ്റില്ലാത്ത സിനിമയിൽ ഉണ്ണി അഭിനയിക്കില്ല എന്നുവരെ പറഞ്ഞു. അതുകൊണ്ട് ഈ കഥയിൽ ഉണ്ണി മുകുന്ദനെ കാണാൻ പാടില്ല എന്നായിരുന്നു വിഷ്ണുവിന്റെ ആവശ്യം. ഇതൊരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരന്റെ കഥയാണ്. അതിനുവേണ്ടിയാണ് താൻ വണ്ണം വച്ചതൊക്കെ. ഞാൻ കൃത്യമായി ഫിറ്റ്നസ് നോക്കുന്ന ആളാണ്. ജീവിതകാലം മുഴുവൻ ജോലി ചെയ്തിട്ട് റിട്ടയർമെന്റ് കാലത്ത് സമ്പാദിച്ച പണം മുഴുവൻ ആശുപത്രിയിൽ കൊടുക്കാൻ താൽപര്യമില്ല. മാത്രമല്ല, ഞാൻ ജന്മനാ അരിസ്തമാറ്റിക് രോഗി കൂടിയായിരുന്നു. ഏഴാംക്ലാസ് വരെ അതിന്റെ ദുരിതങ്ങൾ അനുഭവിച്ചയാളാണ് ഞാൻ. ഇതിൽ നിന്നൊക്കെ മോചനം ലഭിച്ചത് വ്യായാമം ചെയ്തുതുടങ്ങിയപ്പോഴാണ്.
ഫിറ്റ്നസിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന താങ്കൾ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടി, ഇത്രയും റിസ്ക് എടുക്കാൻ കാരണമെന്താണ്?
സിനിമ കണ്ട് ഇഷ്ടപ്പെട്ട് സിനിമയിൽ വന്ന ഒരാളാണ് ഞാൻ. എനിയ്ക്കൊരു സിനിമാ പാരമ്പര്യമില്ല. സിനിമ അക്കാദമിക് ആയി പഠിച്ചിട്ടുമില്ല. എന്നാൽ ഫിറ്റ്നസ് നോക്കുന്നതുകൊണ്ട് എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു, ചില കഥാപാത്രങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ഒരു കഥാകൃത്ത് പറയുമ്പോൾ എനിക്ക് വളരെയധികം വിഷമം തോന്നി. എന്നോട് കഥ പറയാൻ വന്നപ്പോൾ അദ്ദേഹം നേരിടേണ്ടി വന്ന എതിർപ്പുകൾ എന്നെ അതിശയിപ്പിച്ചു. ഒരുകണക്കിന് മസിലുള്ള ഒരാൾക്ക് വികാരങ്ങളുണ്ടാകില്ല എന്ന് പറയുന്നത് ഒരുതരത്തിൽ ബോഡി ഷെയിമിംഗാണ്.
എന്തായാലും എന്നോടുള്ള വിശ്വാസം കൊണ്ട് വിഷ്ണു എന്റെടുത്ത് വന്നു. ഞാൻ കൈ കൊടുത്തു. ആ സമയത്ത് വുഹാനിൽ വൈറസ് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നിട്ടേ ഉള്ളു. എന്നാൽ പിന്നെ എല്ലാം അതിവേഗമായിരുന്നു. കേരളം ലോക്ക്ഡൗണിലായി. അതുകഴിഞ്ഞപ്പോൾ വിഷ്ണു കൊണ്ടുവന്ന നിർമ്മാതാവ് സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാൽ അപ്പോഴേയ്ക്കും ഞാനൊരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങാനും വൈശാഖിന്റെ ബ്രൂസിലി എന്ന സിനിമ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. ആ സാഹചര്യത്തിലാണ് മേപ്പടിയാൻ നിർമ്മിക്കാൻ ഞാൻ തയ്യാറായത്. എന്റെ ഏറ്റവും നല്ല തീരുമാനമായാണ് ഞാനതിനെ കാണുന്നത്. ഞാനിതിൽ ഒരു പാട്ട് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
വിഷ്ണു ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. എന്ത് ഉറപ്പിലാണ് ഈ ചിത്രം നിർമ്മിക്കാമെന്ന് ഏറ്റത്?
ഞാൻ ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ തനിക്ക് അഭിനയിക്കാൻ അറിയാമെന്ന് എന്തുറപ്പാണ് ഉള്ളതെന്ന് അവരാരും എന്നോട് ചോദിച്ചില്ലല്ലോ. ആ മര്യാദ ഞാനും കാണിക്കണ്ടേ. പിന്നെ നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് വിഷ്ണു. എന്നെപോലെ തന്നെ സിനിമ കണ്ട് സിനിമയെ ഇഷ്ടപ്പെട്ട് വന്നയാളാണ്. മാത്രമല്ല എഴുത്തുകാരനുമാണ്. തിരക്കഥാകൃത്ത് തന്നെ സംവിധാനവും ചെയ്താൽ അയാൾ അതിന്റെ ഓരോ സീനിനെ പറ്റിയും വ്യക്തത ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
ഈ പ്രോജക്ട് കഴിഞ്ഞപ്പോൾ വിഷ്ണു എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?
പൂർണ തൃപ്തനാണ്. ഒരു നിർമ്മാതാവിന്റെ സ്ഥാനത്ത് നിന്ന് സംസാരിച്ചാൽ 48 ദിവസത്തോളം ഉണ്ടായിരുന്ന ഷെഡ്യൂൾ 38 ദിവസം കൊണ്ട് തിർത്തുതന്ന സംവിധായകനാണ് അദ്ദേഹം. അതും കൂടെ ജോലി ചെയ്തവരെ കൊണ്ട് അമിതമായി പണി എടുപ്പിക്കാതെ തന്നെ. മാത്രമല്ല എനിക്ക് ഒരു നിർമ്മാതാവിന്റെ ടെൻഷനില്ലാതെ ഫ്രീയായി അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കിതന്നതും സംവിധായകന്റെ കഴിവായി ഞാൻ കാണുന്നു.
സിനിമയുടെ റോഡ്ഷോയ്ക്ക് ഇടയിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. അത് ഗുണമായോ ദോഷമായോ?
ശരിക്കും അത് റെയ്ഡല്ല. അവർ വന്നു, കണക്കുകൾ ചോദിച്ചു. അതിന്റെ ഫണ്ടിങ് എങ്ങനെയാണ്, സോഴ്സ് ഏതാണ് എന്നൊക്കെയുള്ള അന്വേഷണങ്ങൾ നടത്തി. അതിന്റെ രേഖകൾ പരിശോധിച്ചു. 2019 ൽ നിഷാദ് ഒരു സിനിമ ചെയ്യാനുള്ള അഡ്വാൻസുമായി വന്നിരുന്നു. അതിന് ശേഷം പുള്ളിയുമായി വേറെ കോണ്ടാക്ട് ഒന്നും ഉണ്ടായിട്ടില്ല. പിന്നീടാണ് പുള്ളിക്ക് ക്രിപ്റ്റോ കറൻസി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായത്. അക്കൗണ്ട് വഴിയായിരുന്നു പണമിടപാട് എന്നതുകൊണ്ട് ഞാനതിന്റെ രേഖകളൊക്കെ ഇഡി ഉദ്യോഗസ്ഥരെ കാണിച്ചു. മൂന്നാല് മണിക്കൂറുകൾക്ക് ശേഷം അവർ പോകുകയും ചെയ്തു. അതിന് ശേഷം വാർത്തകളൊക്കെ വന്നപ്പോഴാണ് ഇതൊരു വലിയ സംഭവമായിരുന്നു എന്ന് എനിക്ക് മനസിലായത്.
എന്റെ വരുമാനമൊക്കെ അക്കൗണ്ടബിൾ ആണ്. എന്റെ അച്ഛനാണ് ഇക്കാര്യങ്ങളൊക്കെ നോക്കുന്നത്. അവർ വന്നിട്ട് വളരെ മാന്യമായാണ് പെരുമാറിയത്. സിനിമയിൽ കാണുന്നത് പോലെ ഇടിച്ചുകയറി വന്നതൊന്നുമല്ല. കാര്യമാത്രമായാണ് അവർ സംസാരിച്ചത്. എല്ലാം വ്യക്തമായിക്കഴിഞ്ഞപ്പോൾ അവർ പോകുകയും ചെയ്തു. കേസൊന്നുമില്ല.
മറുനാടന് മലയാളി ബ്യൂറോ