കൊച്ചി: ബിറ്റ് കോയിൻ തട്ടിപ്പുകാരൻ നിഷാദിനെ അറിയാമെന്ന് സമ്മതിച്ച് നടൻ ഉണ്ണി മുകുന്ദൻ. മൊറിസ് കോയിൻ തട്ടിപ്പിലെ പണം തന്റെ അക്കൗണ്ടിലെത്തിയോ എന്ന പരിശോദനയാണ് എൻഫോഴ്‌സ്‌മെന്റ് നടത്തിയതെന്നും നടൻ സമ്മതിച്ചു. മേപ്പടിയാനിൽ എത്തിയ അഞ്ചു കോടിയുടെ കണക്ക് തേടിയാണ് ഒറ്റപ്പാലത്തെ നടന്റെ വീട്ടിൽ ഇഡി എത്തിയതെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തൽ. ദീർഘകാല പരിചയം നിഷാദുമായി ഉണ്ടായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ സമ്മതിക്കുന്നത്.

' 2019 ലാണ് നിഷാദ് അഡ്വാൻസ് നൽകിയത്. പിന്നീട് കോവിഡും മറ്റു പ്രശ്‌നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂർണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങൾ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയിൽ എത്തിയത്'-മറുനാടൻ വാർത്ത സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദൻ പറയുന്നു. മനോരമയാണ് ഉണ്ണിയുടെ അഭിമുഖം വാർത്തായി നൽകിയത്. ഫലത്തിൽ ബിറ്റ് കോയിനിലെ ഇഡി അന്വേഷണം സ്ഥിരീകരിക്കുക കൂടിയാണ് നടൻ.

എന്റെ പിതാവാണ് കാര്യങ്ങൾ നോക്കുന്നത്. പുതിയ ചിത്രമായ 'മേപ്പടിയാ'ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോൾ ഇഡിയുടെ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദ്ദേശം തന്നിട്ടുണ്ട്-ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതോടെ റെയ്ഡിലെ വസ്തുതകൾ കൂടതൽ തെളിയുകയാണ്.

ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് ദിവസം മുമ്പ് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

1200 കോടിരൂപയുടെ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരിൽ നിന്നായി തട്ടിച്ച സംഭവത്തിൽ കണ്ണൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്.

സംഭവത്തിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്‌നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന.