- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്തരം തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യം; സിനിമ എന്താണ് പറയുന്നത് എന്നറിയാൻ 'മേപ്പടിയാൻ' കാണണം'; വ്യാജ വാർത്തയുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി: മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'മേപ്പടിയാൻ' മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാവായ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.
'മേപ്പടിയാൻ' തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും താരം പറയുന്നു. വ്യാജ വാർത്തയുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം.
'ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാൻ പൂർണ്ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നറിയാൻ എല്ലാവരും 'മേപ്പടിയാൻ' കാണണം', എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.
ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. ''ഒരിക്കലും 'മറ്റൊരു ചിത്ര'മല്ല എനിക്ക് മേപ്പടിയാൻ. എനിക്ക് വെല്ലുവിളിയായ ചിത്രമായിരുന്നു. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിൽ ഞാൻ ചെലവഴിച്ച ഓരോ സെക്കൻഡും അതിന് അർഹിക്കുന്നതായിരുന്നു എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മേപ്പടിയാൻ കണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് സമ്മാനിച്ച എല്ലാവർക്കും നന്ദി. ഇനി കാണാനുള്ളവരും കാണുക എന്നായിരുന്നു പ്രതികരണം
മനക്കരുത്ത്, ദൃഢവിശ്വാസം, പ്രതീക്ഷ എന്നിവയെകുറിച്ചാണ് മേപ്പടിയാൻ. നാമെല്ലാവരും എന്തിനുവേണ്ടി പരിശ്രമിക്കുന്നു അത്. വിഷ്ണു മോഹൻ എന്ന യുവ രചയിതാവിലും സംവിധായകനിലും വിശ്വസിച്ചതു മുതൽ, 'ജയകൃഷ്ണനാ'യതും പിന്നീട് ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് എത്തിയതും, നിലവിലെ സാഹചര്യത്തിലും പറഞ്ഞിരുന്നതുപോലെ ചിത്രം തിയറ്ററുകളിൽ എത്തിച്ചതുമൊക്കെ എക്കാലവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും.
ഈ സ്നേഹത്തിന് നന്ദി. മേപ്പടിയാൻ കണ്ട് ഇഷ്ടപ്പെട്ട്, സോഷ്യൽ മീഡിയയിൽ പ്രശംസ അറിയിച്ചവർക്കെല്ലാം നന്ദി. എല്ലാ മെസേജുകൾക്കും കോളുകൾക്കും നന്ദി. ഇതായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാൻ പരിശ്രമിച്ചിരുന്നത്.
ഉണ്ണി മുകുന്ദൻ ഫിലിംസിലെ സംഘാംഗങ്ങൾക്കും സിനിമയെ പ്രമോട്ട് ചെയ്ത ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കും മേപ്പടിയാനിലെ മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദി''. ഉണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സിനിമയിൽ സിനിമ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങളിൽ സംവിധായകൻ വിഷ്ണു മോഹൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാൻ'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സ് ആണ്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളിൽ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു.
ന്യൂസ് ഡെസ്ക്