കൊച്ചി: 'ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. അതുകൊണ്ടുതന്നെ ഞാനും കുടുംബവും വല്ലാതെ പതറിപ്പോയി. ഇപ്പോൾ എല്ലാം ശരിയായി വരുന്നു. ഇനി നിയമനടപടികളുമായി മുന്നോട്ടുപോകും. പ്രശ്‌നനങ്ങൾ തീരുന്ന ഒരുനാൾ വരും. അന്ന് എല്ലാം തുറന്ന് സംസാരിക്കും' - തനിക്കെതിരെ ഉണ്ടായ അതിക്രമത്തിന്റെ പേരിൽ യുവതി നൽകിയ പരാതിയിൽ നിയമനടപടികൾ നേരിട്ടതിനെക്കുറിച്ച് പ്രചരിച്ച വാർത്തകളുടെ നിജസ്ഥിതി അറിയാൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ നടൻ ഉണ്ണിമുകുന്ദന്റെ പ്രതികരണം ഇങ്ങനെ.

തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്നും ഒറ്റപ്പാലം സ്വദേശിനിയായ യുവതി ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞദിവസം ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതി നൽകിയിരുന്നു. ചേരാമംഗലം പൊലീസ് പരാതി അന്വേഷിച്ചുകൊണ്ടിരിക്കെ ആരോപണ വിധേയയായ യുവതി ഉണ്ണിമുകുന്ദനെതിരെ ലൈംഗികപരാതി ഉന്നയിച്ച് രംഗത്തെത്തി. താൻ കോടതിയിൽ നടനെതിരെ പരാതി നൽകിയെന്നും ഇതിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത നടൻ തനിക്കെതിരെ ആക്ഷേപം ഉയർത്തുകയാണെന്നും ആയിരുന്നു യുവതിയുടെ ആക്ഷേപം. ഇതിനോട് പ്രതികരിച്ചാണ് താൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ഉണ്ണിമുകുന്ദൻ പ്രതികരിക്കുന്നത്.

ഇപ്പോൾ എന്തുപറഞ്ഞാലും കേസിനെ ബാധിക്കുമോ എന്ന് ഭയമുണ്ട്. എന്റെ വാക്കുകളെ വളച്ചൊടിക്കപ്പെടുമെന്ന ആശങ്ക അതിലേറെയാണ്. എനിക്കെതിരെ ഉണ്ടായിട്ടുള്ള കേസ് കെട്ടിച്ചമച്ചതാണ്. ആ സ്ത്രീ നിരവധി തവണ കോടതിയിൽ കയറി ഇറങ്ങിയാണ് എനിക്ക് സമൻസ് അയപ്പിച്ചത്. - ഉണ്ണിമുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബലാൽസംഗ ശ്രമമുൾപ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. കൃത്യമായ സെക്ഷനും കാര്യങ്ങളുമൊന്നും ഇപ്പോഴും എനിക്കറിയില്ല. എല്ലാം അഭിഭാഷകനെ ഏൽപ്പിച്ചിരിക്കുകയാണ്. പരാതിയിൽ കേസ് എടുത്തപ്പോൾ സ്വാഭാവിക നിയമനടപടി ഉണ്ടായി. അത് ഇപ്പോഴും തുടരുന്നുണ്ട്. കോടതി നടപടിക്രമങ്ങളോട് പൂർണ്ണമായും സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. - നടൻ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ തുടരുന്ന സംഭവത്തിലാണ് യുവതിക്കെതിരെ ഒറ്റപാലം പൊലീസിൽ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഈ പരാതിയിൽ പൊലീസ് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞുപോയ കാര്യങ്ങൾ അവർ പുറത്താക്കുന്നത്. ഇത് കാര്യമാക്കുന്നില്ല. ഇപ്പോൾ കൊച്ചിയിൽ സിനിമാ തിരക്കിലാണ്. സങ്കീർണ്ണമായ നിയമപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ കഴിയാത്തതിൽ വിഷമമുണ്ട് - ഉണ്ണിമുകുന്ദൻ പറയുന്നു. നിയമനടപടികളും അപവാദ പ്രചരണങ്ങളും മനസിലേൽപ്പിച്ച ആഘാതം ചെറുതല്ലെന്നും ഇപ്പോൾ ഇതിൽ നിന്നെല്ലാം പൂർണ്ണമായും കരകയറിയെന്നും സിനിമ മാത്രമാണിപ്പോൾ മനസിലുള്ളതെന്നും താരം പറഞ്ഞു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചുവരുന്നത്. കൊച്ചിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

ഉണ്ണി മുകുന്ദൻ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് താൻ നാല് മാസം മുമ്പ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്ന് വെളിപ്പെടുത്തിയാണ് യുവതി ഇന്ന് രംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്നും യുവതി ആക്ഷേപിച്ചിരുന്നു.

അതേസമയം പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണിമുകുന്ദൻ നൽകിയ പരാതി ഇപ്പോൾ ചേരാനെല്ലൂർ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയിൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഐപിസി 385,506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.

യുവതി വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെ:

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി. പ്രശ്നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.

പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങും. - യുവതി പറയുന്നു.

ഉണ്ണിമുകുന്ദൻ നൽകിയ പരാതി ഇപ്രകാരം

തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്നാണ് ഉണ്ണി മുകുന്ദൻ പരാതി നൽകിയത്. യുവതിക്കും ഇവരുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോൺചെയ്ത ആൾക്കുമെതിരെ ഉണ്ണിമുകുന്ദന്റെ പരാതി.

ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി നൽകിയത്. പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ ആക്ഷേപം. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണി മുകുന്ദൻ പരാതി നൽകുകയും കേസ് പിന്നീട് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

തിരക്കഥ വായിച്ച് കേൾപ്പിക്കാൻ എത്തിയ യുവതിയാണ് പിന്നെ തനിക്കെതിരെ തിരിഞ്ഞതെന്നും ഭീഷണി തുടങ്ങിയതെന്നുമാണ് ഉണ്ണി മുകുന്ദന്റെ പരാതി. തിരക്കഥ മോശമായതിനാൽ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കണമെന്നും അല്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്നും 25 ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി യുവതി രംഗത്തെത്തുകയായിരുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം.