കൊച്ചി:നടൻ ഉണ്ണിമുകുന്ദന് നല്ലകാലം തുടങ്ങിയോ? വിവാദ വെളിപ്പെടുത്തലുകൾക്കും വാദകോലാഹലങ്ങൾക്കും വഴിതെളിച്ച ആദ്യ കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് താരത്തിന് അനുകൂലമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേർന്ന് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി തന്നിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഉണ്ണിമുന്ദൻ നേരത്തെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള സംഭവം കൊച്ചി ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയൽ ഇവിടേക്ക് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെ ഉണ്ണിമുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് താൻ കോടതിയിൽ രഹസ്യമൊഴി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽപ്പെട്ട നടൻ ഇപ്പോൾ ജാമ്യത്തിലാണെന്നും വെളിപ്പെടുത്തി കോട്ടയത്തെ പ്രമുഖ കുടുബാംഗവും തിരക്കഥാകൃത്തുമായ യുവതി മാധ്യമങ്ങൾക്ക് വിവരം നൽകുകയായിരുന്നു.

ഈ വെളിപ്പെടുത്തൽ നടത്തി ഏറെ താമസിയാതെ് തന്റെ ചിത്രം ഉൾപ്പെടെ അപകീർത്തികരമായ വാർത്ത ഓൺലൈൻ പോർട്ടൽ വഴി പുറത്ത് വിട്ടതായി കാണിച്ച് യുവതി വീണ്ടും നടനെതിരെ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് താരത്തിന് അനുകൂലമായ പൊലീസ് റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. നടന്റെ പരാതിയിലെ വിവരങ്ങൾ ഏറെക്കറുറെ ശരിയാണെന്ന് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും തുടരന്വേഷണം നടന്നുവരികയാണെന്നും ഇതിന് ശേഷം മാത്രമേ കൂടുതൽ വിവരവരങ്ങൾ വ്യക്തമാവു എന്നും കേസന്വേഷണം നടത്തിവരുന്ന ചേരാനല്ലൂർ എസ് ഐ മറുനാടനോട് വ്യക്തമാക്കി.

ഇതുവരെ നടന്ന തെളിവെടുപ്പിൽ ലഭിച്ച ഏതാനും മൊഴികളും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പൊലീസിന്റെ പ്രാഥമീകാന്വേഷണത്തിൽ നടന് തുണയായിരിക്കുന്നത്. നടന്റെ പരാതിയിൽ പരാമർശിച്ചിട്ടുള്ള വസ്തുകളെ സാധുകരിക്കുന്ന തെളിവുകൾ ഇതിൽനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നടന്റെ പിതാവിന്റെതടക്കമുള്ള ഏതാനും പേരുടെ മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇതുവരെ അന്വേഷണത്തിന് സഹായകമാവുന്ന മൊബൈൽ സംഭാഷണങ്ങളോ വീഡിയോ ദൃശ്യങ്ങളോ പൊലീസിന് ലഭിച്ചിട്ടില്ല. ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ സൈബർ സെല്ലിന് കൈമാറിയിരുന്നു. ഇവിടെ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിപ്പോൾ കേസിൽ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. പരാതിയിൽ ചേരാനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ട് ഒരുമാസത്തോളമെത്തുകയാണ്.

താരത്തിന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ള വസ്തുതകളിൽ പൊലീസ് കൃത്യമായ വിവരശേഖരണം നടത്തിയ സാഹചര്യത്തിൽ എതിർകക്ഷിയായ യുവതിയെയും മറ്റ് മൂന്നുപേരെയും അടുത്തുതന്നെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാക്കുമെന്നാണ് സൂചന. പരാതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കോട്ടയം സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോർഡ് ചെയ്ത ഫോൺ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടൻ വെളിപ്പെടുത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. യുവതിയുൾപ്പെടെ നാല് പേരെക്കുറിച്ച് പരാതിയിൽ പരാമർശമുണ്ടെന്നും ഉണ്ണിമുകന്ദുൻ നേരിലെത്തി കാര്യങ്ങൾ വിശദമാക്കിയാണ് പരാതി സമർപ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാൻ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

തിരക്കഥ കേൾക്കണമെന്നാവശ്യപ്പെട്ട് തന്നേ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നൽകിയല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.

ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമർശങ്ങൾ ഇങ്ങിനെ...

ഇടപ്പിള്ളിയിൽ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാൻ വന്നത്.കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.വീട് മാറുന്ന തിരക്കിലായതിനാൽ ഇപ്പോൾ കഥ കേൾക്കാൻ സമയമില്ലന്നും തിരക്കഥയുണ്ടെങ്കിൽ തന്നിട്ടുപോകാനും പറഞ്ഞു.

തിരക്കഥ ആക്കിയിട്ടില്ലന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാൻ തയ്യാറായി.സ്ഥലപരിചയമില്ലന്ന് പറഞ്ഞപ്പോൾ ഞാൻ വാഹനം തരപ്പെടുത്തി, പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് ഇവർ ഫോണിൽ വിളിച്ച് ഭീഷിണി തുടങ്ങി.സിനിമയിൽ അഭിനയിപ്പിക്കാൻ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം.ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലന്നു കണ്ടപ്പോൾ പണം ആവശ്യപ്പെട്ട് വിളിയായി. ഇതിനും വഴങ്ങില്ലന്ന് ബോദ്ധ്യമായതോടെ മാനഭംഗ് കേസിൽപെടുത്തുമെന്നും ഭീഷിണിപ്പെടുത്തി.പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്.

25 ലക്ഷം രുപ നൽകിയാൽ പ്രശ്‌നം ഒത്തുതീർക്കാമെന്നായിരുന്നു ഇയാൾ മുന്നോട്ടുവച്ച നിർദ്ദേശം.പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളികൾക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും താരം പരാതിയിൽ അവശ്യപ്പെട്ടിട്ടുണ്ട്.