കൊച്ചി: ഓൺലൈൻ പോർട്ടൽ വഴി നടൻ ഉണ്ണിമുകുന്ദൻ അപകീർത്തികരമായ വാർത്ത നൽകിയെന്നുള്ള കോട്ടയം സ്വദേശിനിയും തിരക്കഥാകൃത്തുമായ യുവതി നൽകിയ പരാതിയിൽ നടപടിവൈകുന്നത് സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലെന്ന് സൂചന.

കോട്ടയം എസ് പി ക്ക് നൽകിയ പരാതിയിൽ തൃക്കൊടിത്താനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. പരാതിക്കാർ സമർപ്പിച്ച വിവരങ്ങൾ പ്രകാരം ഐ പി സി 119 ബി വകുപ്പനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നാണ് നിയമ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

 

നിർമ്മാതാവ് രാജൻ സക്കറിയ, നടൻ ഉണ്ണിമുകുന്ദൻ, ഓൺലൈൻ പോർട്ടലിന്റെ നടത്തിപ്പുകാരൻ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഓൺലൈൻ പോർട്ടൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് അമേരിക്കയിലാണെന്നും വാർത്ത പോസ്റ്റുചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്നും ഇതിനകം തന്നെ പൊലീസിന് വിവരം ലഭിച്ചിതായും അറിയുന്നു.