കൊച്ചി: നടൻ ഉണ്ണി പി രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധന പീഡനവും ശാരീരിക മർദ്ദനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. പൊലീസിൽ നേരിട്ട് പരാതി നൽകിയ ശേഷമാണ് പ്രിയങ്ക ജീവനൊടുക്കിയത്. വട്ടപ്പാറ പൊലീസാണ് ഉണ്ണി പി രാജിനെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിലെ വീട്ടിൽ നിന്നായിരുന്നു പിടികൂടൽ. ഈ വിട്ടീൽ നിന്നാണ് പ്രിയങ്കയെ ഉണ്ണി പി രാജ് ഇറക്കി വിട്ടത്.

കോവിഡ് പോസിറ്റീവായതു കൊണ്ട് തന്നെ നടപടിക്രമങ്ങൾ നീണ്ടു പോയി. കോവിഡ് നെഗറ്റീവ് ആയതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കോവിഡിലെ പ്രശ്‌നങ്ങളുള്ളതിനാൽ ജാമ്യമില്ലാ കേസിൽ ഉണ്ണി പി രാജിനെ ജയിലിലേക്ക് അയയക്കുമോ എന്ന കാര്യം സംശയമാണ്. അങ്ങനെ എങ്കിൽ അന്വേഷണ കാലത്തെ ജയിൽ വാസം ഒഴിവാക്കാനാകും.

ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാജൻപി ദേവിന്റെ മകളുടെ ഭർത്താവ് അറിയപ്പെടുന്ന ബാർ മുതലാളിയാണ്. കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അധ്യക്ഷൻ എന്നു പറയുന്ന എലഗന്റ് ബിനോയ്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കുമോ എന്ന ഭയവും വീട്ടുകാർക്കുണ്ടായിരുന്നു. ഇത് അപ്രസക്തമാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നടപടി.  തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷഷനിൽ പരാതി നൽകിയിരുന്നു. അതിന് ശേഷമാണ് മരണമുണ്ടായത്.

സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറഞ്ഞിരുന്നു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും രേഷ്മ പറഞ്ഞു. പക്ഷേ പരാതി കൊണ്ടും കാര്യമുണ്ടായില്ല. ഭീഷണി കൂടി. ഇതാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ വീട്ടുകാരുടെ നിലപാട്. ''പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാൾ ചോദിക്കുന്ന പണം മുഴുവൻ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്‌നങ്ങളൊന്നും തുടക്കത്തിൽ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല-രേഷ്മ പറഞ്ഞിരുന്നു.

എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോൾ ചേച്ചിയെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു. മുതുകിൽ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ചിലത് അവൾ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടിൽ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്-രേഷ്മ നേരത്തെ വെലിപ്പെടുത്തി. വില്ലനായി എത്തി സ്വഭാവനടനായി തിളങ്ങി അവസാനകാലങ്ങളിൽ കോമഡിയിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച നടനാണ് രാജൻ പി ദേവ്. ക്രൗര്യത്തിന്റെ നേർരൂപമായ വില്ലനായും നോട്ടത്തിൽ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജൻ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമാ രംഗത്താണുള്ളത്. ആടിലെ പരിഷ്‌കാരി ബാസ്റ്റിൻ പത്രോസായി എത്തിയ ഉണ്ണി രാജൻ പി ദേവാണ് ഇവിടെ വിവാദത്തിൽ കുടുങ്ങുന്നത്.

മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി.