- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണി രാജൻ പി ദേവും അമ്മയും കോവിഡ് പോസിറ്റീവ്; ക്വാറന്റീനിൽ വീട്ടിൽ കഴിയുന്ന ഇരുവരും നിരീക്ഷണത്തിൽ; ഭാര്യയുടെ ആത്മഹത്യയിൽ രാജൻ പി ദേവിന്റെ മകൻ കുടുങ്ങും; നിർണ്ണായകമായത് നെടുമങ്ങാട് ഡിവൈഎസ് പിയുടെ ഇടപെടൽ; പ്രിയങ്കയുടെ ആത്മഹത്യയിൽ പൊലീസ് ശക്തമായ നടപടികളിലേക്ക്
തിരുവനന്തപുരം: വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയിൽ അറസ്റ്റ് വൈകാൻ കാരണം ഭർത്താവും നടനുമായ ഉണ്ണി പി.രാജൻ കോവിഡ് പോസിറ്റീവായതിനാലാണെന്ന് പൊലീസിന്റെ വിശദീകരണം. ഇതോടെ ഉണ്ണിയെ അറസ്റ്റു ചെയ്യുമെന്ന ഉറപ്പാണ് പൊലീസ് നൽകുന്നത്. നടൻ ഉണ്ണി പി.രാജൻദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശി പ്രിയങ്ക(25) മെയ് 12-ാം തീയതി ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാൻ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
കേസിൽ പ്രതിചേർക്കപ്പെട്ട ഉണ്ണി പി.രാജൻദേവും അമ്മയും കോവിഡ് പോസിറ്റിവായി വീട്ടിൽ ക്വാറന്റീലാണെന്നും പ്രദേശം കണ്ടെയ്ന്മെന്റ് സോണിലാണെന്നും നെടുമങ്ങാട് ഡിവൈ.എസ്പി. ജെ.ഉമേഷ്കുമാർ പറഞ്ഞു. കോവിഡ് നെഗറ്റീവായി ക്വാറന്റീൻ പൂർത്തിയായാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നും ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭർത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നൽകിയത്. അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അതിന് മുമ്പ് അങ്കമാലി പൊലീസിലും പരാതി നൽകിയിരുന്നു. അതും പൊലീസ് ഗൗരവത്തോടെ എടുത്തിയത്.
ഈ സാഹചര്യത്തിലാണ് വീട്ടിൽ എത്തിയ ശേഷം വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മൊബൈലിൽ ഒരുഫോൺകോൾവന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്.
ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. കേരളാ കോൺഗ്രസ് സക്റിയാ തോമസ് വിഭാഗം പ്രസിഡന്റും എലഗന്റ് ബാർ ഉടമയുമായ ബിനോയുടെ ഭാര്യാ സഹോദരനാണ് ഉണ്ണി. ഇതും കേസ് അന്വേഷണത്തിന്റെ വേഗത കുറച്ചെന്ന പരാതിയുണ്ട്.
2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാർ നൽകിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്ളാറ്റ് വാങ്ങാനും പണം നൽകി. എന്നാൽ ഇതിനുശേഷവും ഉണ്ണി പി.രാജൻദേവ് പണം ആവശ്യപ്പെട്ട് പ്രിയങ്കയെ നിരന്തരം മർദിച്ചിരുന്നു എന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ