കോട്ടയം: കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ ആയതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് ജീവിതത്തിൽ കൈത്താങ്ങായി സി.പി.എം. കോട്ടയം നഗരത്തിൽ താമസിച്ചിരുന്ന ഉണ്ണിമായയെന്ന പെൺകുട്ടിക്കാണ് പാർട്ടിയുടെ തണലിൽ നാളെ വിവാഹത്തിന് വേദിയൊരുങ്ങുന്നത്.

സദ്യയുൾപ്പെടെ എല്ലാമൊരുക്കി പുതുപ്പള്ളി ബ്രാഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ  ഞായറാഴ്ച ബ്രാഞ്ച് സെക്രട്ടറി സി എസ് സുധൻ എന്ന കുട്ടച്ചന്റെ വസതിയിൽ വച്ചാണ്  വിവാഹം. വരൻ നഗരത്തിലെ തന്നെ ഓട്ടോ ഡ്രൈവറായ അഖിലും.

കോട്ടയം നഗരത്തിൽ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛൻ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെൺകുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തൻകാലയിൽ മിനിയുടേയും ഭർത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.

പിന്നീട് പഠനം പൂർത്തിയാക്കി ഒരു സ്വകാര്യ കമ്പനിയിൽ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കൽ വീട്ടിൽ വിമൽ - ഗീതാ ദമ്പതികളുടെ മകൻ അഖിൽ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാൻ താൽപര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖിൽ അറിയിച്ചതോടെ കാര്യങ്ങൾ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.

സി.പി.എം നേതാക്കൾ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂർണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവൻ സ്വർണം, വസ്ത്രങ്ങൾ എന്നിവ പാർട്ടി തന്നെ വാങ്ങി.

ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന വിവാഹത്തിന് ശേഷം കുട്ടച്ചന്റെ ചെങ്ങളക്കാട്ട് വീട്ടിൽ
ആയിരം പേർക്കുള്ള വിഭവസമൃദ്ധമായ സദ്യ ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായക്ക് ആരും ഇല്ല എന്ന തോന്നൽ ഉണ്ടാകാതിരിക്കാനാണ് പാർട്ടി നേരിട്ട് വിവാഹം നടത്തി കൊടുക്കുന്നതെന്ന് സി എസ് സുഗതൻ പറയുന്നു. നാളെ ഉച്ചയ്ക്ക് 12.15നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

വിവാഹ ക്ഷണക്കത്തും പാർട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ അല്ലാത്ത ഉണ്ണിമായയുടെ മാതൃ സഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സി.പി.എം ശ്രദ്ധിക്കുന്നുണ്ട്.

സുഹ്യത്തുക്കളും സഹപ്രവർത്തകരുമായ എല്ലാവരുടെ കൂട്ടായ ശ്രമങ്ങൾക്ക് ഉണ്ണിമായയും അഖിലും നന്ദി പറയാനും മറക്കുന്നില്ല. അതോടൊപ്പം എല്ലാവരും വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹിക്കണമെന്നും ഇരുവരും അഭ്യർത്ഥിക്കുന്നു.