തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഉണ്ണിമേനോന്റെ ഏറ്റവും പുതിയ ഗാനം നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. 'ഈണത്തിൽ പാടിയ പാട്ടും' എന്നു തുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനമാണ് ഉണ്ണിമേനോന്റെ മനോഹരശബ്ദത്തിലൂടെ പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ പ്രൊമോ 'ഗ്രീൻ ട്യൂൺസ്' യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.

സംഗീതാസ്വാദകർ നെഞ്ചേറ്റി ലാളിച്ച 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ', 'മഴനീർത്തുള്ളികൾ' എന്നീ ഗാനങ്ങൾക്കുശേഷം മലയാളത്തിൽ ഉണ്ണിമേനോൻ ആലപിക്കുന്ന പ്രണയഗാനം കൂടിയാണിത്. അനിൽ രവീന്ദ്രൻ രചിച്ച് എസ് ആർ സൂരജ് സംഗീതം പകർന്ന ഈ ഗാനം ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കു മുന്നിലെത്തും. നല്ല പാട്ടുകൾ സംഗീതപ്രേമികൾക്കു മുന്നിലെത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'ഗ്രീൻ ട്യൂൺസി'ന്റെ ആദ്യ സംരംഭമാണ് 'ഈണത്തിൽ'.

മൂന്നരപ്പതിറ്റാണ്ടിലേറെയായി സംഗീതലോകത്തുള്ള ഉണ്ണിമേനോൻ ഒട്ടനവധി ഹിറ്റുകൾ മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ട്. 'ഓളങ്ങൾ താളം തല്ലുമ്പോൾ', 'വളകിലുക്കം ഒരു വളകിലുക്കം' തുടങ്ങി ആദ്യകാലത്ത് അദ്ദേഹം പാടിയ ഗാനങ്ങളൊക്കെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടവയാണ്.

സ്വരമാധുര്യത്താൽ ആസ്വാദകമനസുകളിൽ സ്ഥിരസാന്നിധ്യമായി മാറിയ പ്രിയഗായകൻ മലയാളത്തിനു പുറമെ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഹിറ്റ് ഗാനങ്ങളുടെ പിറവിയിൽ പങ്കാളിയായിട്ടുണ്ട്. 'ഗ്രീൻ ട്യൂൺസി'നൊപ്പം വീണ്ടും ഗാനവസന്തം തീർക്കാനൊരുങ്ങുകയാണ് ഉണ്ണിമേനോൻ. ചെമ്പനീർപ്പൂവും മഴനീർത്തുള്ളികളും തിരുവാവണിരാവുമൊക്കെ സൂപ്പർ ഹിറ്റാക്കിയ ആസ്വാദകർ 'ഈണത്തിൽ പാടിയ പാട്ടി'നെയും താലോലിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒക്ടോബർ 26 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഗ്രീൻ ട്യൂൺസിന്റെ യൂട്യൂബ് ചാനലിലൂടെ ഗാനം ആസ്വാദകർക്കു മുന്നിലെത്തും.