തിരുവനന്തപുരം: വർഷങ്ങളുടെ പഴക്കമുണ്ട് രാജ്‌മോഹൻ ഉണ്ണിത്താനും കെ.മുരളീധരനും തമ്മിലുള്ള രാഷ്ട്രീയ കുടിപ്പകയ്ക്ക്. 2004 ൽ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും മുണ്ടുരിഞ്ഞു മർദിച്ച സംഭവം അരങ്ങേറിയിരുന്നു. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഒരുസംഘം അക്രമികൾ മർദിച്ചത്. അക്രമികളെ പിരിച്ചുവിടാനെത്തിയ അ്ന്നത്തെ കെപിസിസി പ്രസിഡന്റ് പി.പി.തങ്കച്ചനും മാദ്ധ്യമപ്രവർത്തകർക്കും മർദനമേറ്റു. ഇതിനു പിന്നിൽ കെ. മുരളീധരനാണെന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം.

അക്കാലത്തെ ഗ്രൂപ്പ് തർക്കങ്ങളെ തുടർന്നു നിർവാഹകസമിതി യോഗത്തിലേക്ക് ക്ഷണിക്കാത്തിന്റെ നീരസത്തിലായിരുന്നു ശരത്ചന്ദ്രപ്രസാദും ഉണ്ണിത്താനും. ഇതിനു പിന്നിൽ കെ.മുരളീധരനും കരുണാകരനുമാണെന്ന് ആരോപിച്ച ഇരുവരും യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും എത്തുമ്പോൾ അവരെ യോഗത്തിൽ പങ്കെടുപ്പിക്കാൻ കഴിയാത്തതിന്റെ കാരണം കെപിസിസി പ്രസിഡന്റ് തങ്കച്ചൻ ബോധ്യപ്പെടുത്തുമെന്നും ഇതു കേട്ട് ഇരുവരും മടങ്ങുമെന്നുമായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. ഇനി പ്രതിഷേധമുണ്ടെങ്കിൽത്തന്നെ, ഇവിടെ ഇരിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ട്, എന്നാൽ കെപിസിസി എക്‌സിക്യൂട്ടീവിന്റെ പൊതുവികാരം മാനിച്ച് ഞങ്ങൾ വിട്ടുനിൽക്കുന്നു' എന്നു പറഞ്ഞ് ശരത്തും ഉണ്ണിത്താനും ഇറങ്ങിപ്പോകുമെന്നും പ്രതീക്ഷിക്കപ്പെട്ടു. യോഗം അലങ്കോലമാവുമെന്ന് ആരും കരുതിയിരുന്നില്ല.

മൂന്നു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ മുകൾനിലയിൽ നിർവാഹക സമിതി ചേരാൻ നേതാക്കളെല്ലാം എത്തി. 3.10ന് ഉണ്ണിത്താനും ശരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചെമ്പഴന്തി അനിലും എത്തി. വാഹനം മ്യൂസിയത്തിന്റെ മുറ്റത്തു പ്രവേശിച്ചതോടെ ഇരുപതോളം പേരടങ്ങിയ ഗുണ്ടാസംഘം കരുണാകരനും മുരളിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് ഓടിയടുത്തു.

വാൻ തല്ലിത്തകർത്ത ഗുണ്ടകൾ ഉണ്ണിത്താനെയും ശരത്തിനെയും ക്രൂരമായി മർദിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി. പരുക്കേറ്റു ചോരയൊലിപ്പിച്ച് കരഞ്ഞിട്ടും മർദനം തുടർന്നു. ചെമ്പഴന്തി അനിലിനെ മർദിച്ചു വലിച്ചു പുറത്തിടാൻ ശ്രമിച്ചു. വാഹനത്തിനടുത്തെത്തിയ മാദ്ധ്യമപ്രവർത്തകർക്കുനേരെയും ഗുണ്ടകൾ ആക്രമണമഴിച്ചുവിട്ടു. അക്രമികളെ പിരിച്ചുവിടാനെത്തിയ പി.പി.തങ്കച്ചനെയും വെറുതെ വിട്ടില്ല. അടിയും ചവിട്ടുമേറ്റ അദ്ദേഹത്തെ പ്രവർത്തകരാണു രക്ഷപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്നില്ല. തകർക്കപ്പെട്ട വാഹനം സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷമായതു ദുരൂഹതയുണ്ടാക്കി. അരമണിക്കൂറിനുശേഷം വാഹനം തിരികെയെത്തിച്ചു.

പി.സി. വിഷ്ണുനാഥാണ് യോഗവേദിയിലിരുന്ന നേതാക്കളെ അക്രമത്തിന്റെ വിവരം അറിയിച്ചത്. കോമ്പൗണ്ടിൽ വന്ന ഒരു വാൻ ആരോ തല്ലിത്തകർക്കുന്നുവെന്ന് വിഷ്ണുനാഥ് നേതാക്കളെ അറിയിച്ചു. ആരാണെന്നായിരുന്നു എ.കെ.ആന്റണിയുടെ ചോദ്യം. ഏതോ ഗുണ്ടകളാണെന്ന് മറുപടി കേട്ടതും ആന്റണി കസേരയിൽ ചെന്നിരുന്നു. വേദിയിൽ മുൻനിരയിൽ ആന്റണി മാത്രം. രണ്ടാം നിരയിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ തെന്നലയും പത്മരാജനും. ഉണ്ണിത്താനും ശരത്തുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് വിഷ്ണുനാഥ് വീണ്ടുമെത്തി നേതാക്കളെ അറിയിച്ചു. ഇതിനിടെ, അക്രമത്തിനെതിരെ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധവുമായി മുകളിലേക്ക് എത്തി. യോഗസ്ഥലത്തുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ രാജിവയ്ക്കുമെന്ന് പ്രചാരണമുണ്ടായി. കുറ്റക്കാരെ വിടില്ലെന്ന് ആന്റണിയും വ്യക്തമാക്കി.

കെ. മുരളീധരൻ, കെ.പി. കുഞ്ഞിക്കണ്ണൻ, എൻ. വേണുഗോപാൽ, ജി. രതികുമാർ ഉൾപ്പെടെ നാലു പേർക്ക് എതിരെ ആദ്യം കൊലപാതക ശ്രമത്തിനു കേസ് എടുത്തെങ്കിലും പിന്നീടു യൂത്ത് കോൺഗ്രസ് നേതാക്കളായ വണ്ടന്നൂർ സന്തോഷ്, പെരുങ്ങുഴി കൃഷ്ണകുമാർ, എച്ച്.പി. ഷാജി ഉൾപ്പെടെ 30 പേർക്കെതിരെ ആക്രമണക്കുറ്റത്തിനു കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. നീണ്ടനാളത്തെ കേസിനൊടുവിൽ ശരത്ചന്ദ്രപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കൾ കൂറുമാറിയതോടെ കേസ് ദുർബലമായി.