കരുനാഗപ്പള്ളി: പാവുമ്പയിൽ വീടിനു സമീപത്തെ കുളത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വിശദ അന്വേഷണത്തിന്. വിജയലക്ഷ്മിയുടെ മരണത്തിന് പിന്നിൽ അപമാനം മാത്രമല്ല ഭീഷണിയും ഉണ്ടായിരുന്നുവെന്ന് സൂചന. മോഷ്ടാവായ ഭർത്താവ് കൊലക്കേസിൽ കുടുങ്ങിയതിന് പിന്നാലെയായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യ. സിനിമാ നടി കൂടിയായ വിജയലക്ഷ്മിയെ ഉണ്ണിയാർച്ച എന്നാണ് അറിയപ്പെട്ടിരുന്നത്. വിജയലക്ഷ്മിക്ക് കോവിഡ് ആയിരുന്നതിനാൽ വീട്ടുകാർ ക്വാറന്റൈനിലാണ്. ഇതിന് ശേഷം സംഭവത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നു വീട്ടുകാർ പറഞ്ഞു.

ജീവിതം വഴിതെറ്റിയ നിരാശയോടെ പാവുമ്പയിലെ കുടുംബ വീട്ടിൽ കാൻസർ രോഗിയായ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ ഭർത്താവ് പ്രദീപിന്റെ ബന്ധുക്കളിൽ ചിലരെത്തി ഭീഷണിപ്പെടുത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രദീപിനെ ജാമ്യത്തിലിറക്കാനും മറ്റുമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പ്രദീപിനെ രക്ഷിക്കാൻ ഇനി താനില്ലെന്ന് വെളിപ്പെടുത്തിയ വിജയലക്ഷ്മിയെ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഇവർ വിരട്ടിയതായും സൂചനയുണ്ട്. ഇതോടെയാണ് സിനിമാ നടി കൂടിയായ ഇവർ ആത്മഹത്യ ചെയ്തത്.

എങ്ങനെയെങ്കിലും കുട്ടികളുമായി ജീവിക്കാനുള്ള മാർഗങ്ങളെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ഭീഷണിയുണ്ടായത്. പ്രദീപിന്റെ നിർദേശ പ്രകാരമായിരുന്നു ഭീഷണി. അപമാനത്തിന് പുറമെ ഭീഷണി കൂടിയായതോടെ തളർന്നുപോയ വിജയലക്ഷ്മി ജീവിതം അവസാനിപ്പിക്കുമെന്ന് അമ്മയോട് പറഞ്ഞിരുന്നു. മകളെ സമാധാനിപ്പിച്ച അമ്മ ഭീഷണി അത്ര കാര്യമാക്കിയില്ല. സംഭവത്തിന്റെ തലേരാത്രി ഉറങ്ങാതെ കിടന്ന വിജയലക്ഷ്മി നേരം പുലരുമ്പോഴാണ് ക്ഷേത്രത്തിലേക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങി സമീപത്തുള്ള മരണച്ചിറയെന്ന പേരുള്ള ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ചത്. കള്ളനോട്ട് നിർമ്മാണത്തിലും വിജയലക്ഷ്മിയുടെ ഭർത്താവ് പ്രദീപ് പ്രതിയാണ്. പ്രദീപ് ഇപ്പോൾ കൊലപാതക കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ്.

വിജയലക്ഷ്മി പ്രദീപുമായി പ്രണയത്തിലാകുന്നത് അയാട്ട പഠനത്തിനിടെയാണ്. പഠിക്കാനായി പോകുന്ന സമയം സ്ഥിരം ബസിൽ വച്ചും മറ്റും കാണുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. വിലകൂടിയ ബൈക്കിൽ വിജയലക്ഷ്മി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിലും മറ്റുമൊക്കെ എത്തിയിരുന്നു. വലിയ സമ്പത്തുള്ള കുടുംബത്തിലുള്ള ആളാണ് എന്ന മട്ടിലായിരുന്നു നടപ്പും ഭാവവും. പ്രദീപിന്റെ പണക്കൊഴുപ്പിലും വാക്ചാതുര്യത്തിലും മയങ്ങിപ്പോയ വിജയലക്ഷ്മി ഒടുവിൽ വീട്ടുകാരെ ധിക്കരിച്ചാണ് പ്രദീപിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷമാണ് പ്രദീപ് മോഷ്ടാവാണ് എന്ന് അറിയുന്നത്. ഇപ്പോൾ ബൊമ്മനഹള്ളിയിലെ കൊലക്കേസിൽ കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിജയലക്ഷ്മി ആകെ തളരുന്നത്.

പ്രദീപും അയൽവാസിയായിരുന്ന ഇടകണ്ടത്തിൽ നമ്പോലൻ എന്നു വിളിക്കുന്ന രഞ്ചു എന്ന യുവാവും ചേർന്നാണ് ബൈക്കുകളിൽ കറങ്ങി മാല മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ചിരുന്ന സ്വർണ്ണാഭരണങ്ങളിൽ ഉണ്ടായിരുന്ന താലി നെടിയാണിക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. താലി പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്താൽ സംശയം തോന്നുമെന്നതിനാലായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കാണിക്ക വഞ്ചിയിൽ താലി ഭക്തർ നിക്ഷേപിക്കുന്നത് പതിവായതിനാൽ ക്ഷേത്ര ജീവനക്കാർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് താലി കാണിക്ക വഞ്ചിയിൽ നിക്ഷേപിച്ചിരുന്ന വിവരം പുറത്താകുന്നത്.

മോഷണം നടത്തി കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രദീപും കുടുംബവും. പ്രദീപിന്റെ മാതാവ് ആഴ്ചയിൽ പുതിയ മാലയും വളകളും ധരിച്ചായിരുന്നു പുറത്തിറങ്ങുന്നത്. മകന്റെ ബിസിനസ് വലിയ ലാഭമാണെന്നും അതിനാൽ ഇപ്പോൾ നല്ല നിലയിലാണ് ജീവിക്കുന്നതെന്നും മറ്റുമാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. അയൽക്കാരോട് അധികം അടുപ്പമില്ലാത്തവരാണ് ഇവർ. മതിൽകെട്ടിനകത്ത് എന്താണ് നടക്കുന്നതെന്നോ ഒന്നും ആരും അറിഞ്ഞിരുന്നില്ല. 2008 ജൂലൈയിൽ പ്രദീപ് ആദ്യമായി മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് നാട്ടുകാർ പെരുംകള്ളനെ തിരിച്ചറിഞ്ഞത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുറത്തികാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാളുടെ പേരിൽ അന്നുണ്ടായിരുന്നത്. മൂന്നുമാസത്തിനുശേഷം ജയിൽമോചിതനായ പ്രദീപ് 2015ൽ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂർ, അടൂർ, ചവറ പൊലീസ് സ്റ്റേഷനുകളിലായി 28 കേസുകൾ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നോട്ടപ്പുള്ളിയായതോടെ പത്തനംതിട്ടയിലേക്ക് തട്ടകം മാറുകയായിരുന്നു.

പിന്നീട് 2015 ൽ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. പ്രദീപിനൊപ്പം മോഷ്ടിച്ച സ്വർണ്ണാഭരണം വിൽക്കാൻ സഹായിക്കുന്ന ജൂവലറി ഉടമ താമരക്കുളം മേക്കുംമുറി കിഴക്കേ വലിയത്തുവീട്ടിൽ ഷെഫിനും (ഷാനി-31) അറസ്റ്റിലായി. ഇവർ വിവിധ ഘട്ടങ്ങളിൽ 105 പവന്റെ സ്വർണ്ണമാലകളാണ് കവർന്നത്. കൊല്ലം റൂറൽ എസ്‌പി എസ് ശശികുമാറിന്റെ നിർദ്ദേശപ്രകാരം ആന്റി തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ടൂവീലറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെയും റോഡിലൂടെ പോകുന്ന സ്ത്രീകളുടെയും മാലകളാണ് പൊട്ടിച്ചെടുത്തിരുന്നത്.

കൊട്ടാരക്കര സ്റ്റേഷൻ അതിർത്തിയിൽ രണ്ട് സ്ത്രീകളുടെ മാല മോഷ്ടിച്ചതോടെയാണ് അന്വേഷണം വിപുലമാക്കിയത്. സ്വന്തമായി ആഡംബര കാറുള്ള പ്രദീപ് ടാക്സി സർവീസിന്റെ മറവിലാണ് മോഷണം തുടർന്നത്. മോഷ്ടിക്കുന്ന സ്വർണം പ്രദീപ് ഷെഫീന്റെ ജൂവലറിയിൽ ഏൽപ്പിക്കും. ഇയാൾ സ്വർണം ഉരുക്കിവിറ്റു പണം നൽകും. മുമ്പു മത്സ്യവ്യാപാരം നടത്തിയിരുന്ന ഫെഷീൻ മോഷ്ടിച്ച സ്വർണം മറിച്ചുവിൽക്കാനായാണ് ജൂവലറി തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.