കോതമംഗംലം: ബംഗാളി സീരിയൽ -സിനിമ നടി ഉൾപ്പെട്ട വിവാദമായ ഊന്നുകൽ കള്ളനോട്ട് കേസ്സിൽ പൊലീസ് കള്ളക്കള്ളി നടത്തിയെന്ന് ആരോപണം. കേസ്സിൽ അറസ്റ്റിലായി, അടുത്തിടെ ജാമ്യത്തിലിറങ്ങിയ കോട്ടയം സ്വദേശി അനൂപാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തുവന്നിട്ടുള്ളത്. തന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിൽപ്പന നടത്തിയ വകയിൽ കിട്ടിയ നോട്ടുകെട്ടുകളിൽ നിന്നാണ് പൊലീസ് കള്ളനോട്ട് കണ്ടെടുത്തതെന്നും സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കരാറും പണം നൽകിയത് സംബന്ധിച്ച വിവരങ്ങളും പൊലീസിന് കൈമാറിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇയാളെ സാക്ഷിപ്പട്ടികയിൽപ്പോലും പൊലീസ് ഉൾപ്പെടുത്താതിരുന്നത് ദുരൂഹമാണെന്നും അനൂപ് വ്യക്തമാക്കുന്നത.

ജാമ്യത്തിലിറങ്ങയ ശേഷം നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കള്ളിക്കളി വ്യക്തമായതെന്നും പൊലീസ് തയ്യാറാക്കിയ ചാർജ്ജ് ഷീറ്റടക്കമുള്ള രേഖകളിലെ വിവരങ്ങൾ യഥാർത്ഥ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലന്നും ഇക്കാര്യം തെളിവുകൾ സഹിതം പുറത്തുകൊണ്ടുവരുന്നതിന് ശ്രമം തുടരുകയാണെന്നും അനൂപ് മറുനാടനോട് വ്യക്തമാക്കി.

അനുപ് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.

18 വർഷമായി ഗൾഫിൽ ജോലിചെയ്യുന്നു. 16 വർഷവും വിവധ സ്ഥാപനങ്ങളിലാണ് തൊഴിലെടുത്തിരുന്നത്. പച്ചക്കറിയുയെും പഴവർഗ്ഗങ്ങളുടെയും ഹോൾസെയിൽ ചെറിയ രീതിയിൽ ആരംഭിച്ചിട്ട് രണ്ട് വർഷം ആവുന്നതേ ഉണ്ടായിരുന്നുള്ളു. അവസരം ഒത്തുവന്നപ്പോൾ ഇത് അല്പം മെച്ചപ്പെടുത്താമെന്ന് കരുതിയാണ് സ്ഥലം വിറ്റത്. കയ്യിലുണ്ടായിരുന്ന പണം സ്ഥലം വാങ്ങിയ ആൾ നൽകിയതാണെന്ന് പൊലീസിൽ വെളിപ്പെടുത്തിയിരുന്നു. വസ്തു കച്ചവട കരാറും നൽകി. എന്നിട്ടും സാക്ഷിപ്പട്ടികയിൽപ്പോലും ഇയാളുടെ പേര് ഉൾപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഇത് ഈ കേസ്സിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന് തെളിവാണ്.

കഴിഞ്ഞ ജനുവരി 30-ന് ഞാൻ ഇന്ത്യയിൽ വന്നതാണ്. പച്ചക്കറി ബിസിനസ്സിൽ പങ്കാളിയായ ഷാഹീനും ഇവരുടെ സഹോദരിയായ സഹാനയും കേരളം കാണണമെന്ന് പറഞ്ഞതുകൊണ്ടാണ് കൂട്ടിക്കൊണ്ടുവന്നത്. രണ്ട് ദിവസം പലസ്ഥങ്ങൾ ചുറ്റിക്കറങ്ങി കണ്ടശേഷമാണ് മൂന്നാറിന് പുറപ്പെട്ടത്. ഇതിനിടയിൽ പണം നൽകി പലസാധനങ്ങൾ വാങ്ങുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇവിടെയൊക്കെ പൊലീസ് തിരഞ്ഞെങ്കിലും എനിക്കെതിരെ തെളിവൊന്നും ലഭിച്ചില്ല. ഇത്രയും കാലം ഗൾഫിൽ ജോലിചെയ്തിട്ട് ഒരു പെറ്റിക്കേസുപോലും അവിടെ ഇല്ല. നാട്ടിലും പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട സാഹചര്യം ഈ കേസ്സിന് മുമ്പ് വരെ ഉണ്ടായിട്ടില്ല.

ജനുവരി 30-ന് വൈകിട്ട് ബാങ്ക് സമയത്തിന് ശേഷമാണ് വസ്തുവാങ്ങിയ വകയിൽ നാട്ടുകാരൻ കൂടിയായ വേഴമ്പശേരി ഔസേപ്പൻ 6 ലക്ഷം രൂപ നൽകിയത്. അന്ന് കുമരകത്ത് ബോട്ടിങ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നതിനാൽ ഇതും കൈയിൽ വച്ച് നേരെ അങ്ങോട്ടുപോയി. പിറ്റേന്ന് രാവിലെ മുന്നാറിൽ ഹോംസ്റ്റേയിൽ ചെക്ക് ഇൻ ചെയ്യണമായിരുന്നു. ഇത്തൊക്കെ നേരത്തെ പ്ലാൻചെയ്തകാര്യങ്ങളായിരുന്നു. തിരിച്ചുവരും വഴി വാളറ ഭാഗത്ത് വച്ച് സിഗരിറ്റും മറ്റും വാങ്ങിയപ്പോൾ കൈയിലുണ്ടായിരുന്ന പണത്തിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടെടുത്ത് കടക്കാരന് നൽകിയിരുന്നു. പിന്നാലെയാണ് പൊലീസ് തലക്കോട് വച്ച് കസ്റ്റഡിയിൽ എടുക്കുന്നതും കൈയിലുണ്ടായിരുന്ന നോട്ടുകെട്ടുകൾ തിരഞ്ഞ് 11 രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ കണ്ടെടുത്തതും.

ഇവിടെ വച്ച് തന്നെ പൊലീസിനോട് ഔസേപ്പച്ചൻ പണം നൽകിയ കാര്യം വെളിപ്പെടുത്തിയിരുന്നു.65 ലക്ഷം രൂപയ്ക്കായിരുന്നു ഇയാൾ സ്ഥലം വാങ്ങിയിരുന്നത്. മുമ്പ് നടന്ന പണമിടപാടികളെ സംബന്ധിച്ച മുഴുവിവരങ്ങളും എസ് ഐ യെ അറിയിച്ചിരുന്നു. ഇയാളെ പിറ്റേന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നെന്നും പറഞ്ഞ് കേട്ടിരുന്നു.എന്നാൽ ഇപ്പോൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള ചാർജ്ജ് ഷീറ്റിൽ സാക്ഷിപ്പട്ടികയിൽ പോലും ഇയാളെ ചേർത്തിട്ടില്ല. ബഹ്റനിൽ ഞാൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിനടുത്താണ് ഷാഹിൻ ജോലിചെയ്തിരുന്നത്.അങ്ങിനെയാണ് പരിചയപ്പെട്ടത്.എന്റെ ഭാര്യയ്ക്കും ഇവരെ അറിയാം.ഞങ്ങൾ കുടംബ സുഹൃത്തുക്കളുമാണ്.ഷാഹിന്റെ ഒരു ബന്ധു പണം മുടക്കുമെന്നും പഴം -പച്ചക്കറി ബിസ്സ്നസ്സിൽ പങ്കാളിയാവാൻ താൽപര്യമുണ്ടെന്നും പറഞ്ഞതോടെയാണ് ഈ വഴിക്ക് ഇവരുമായി കരാറിലെത്തുന്നതും പ്രാരംഭ നടപടികൾ പൂർത്തിയാക്കുന്നതും.

ഔസേപ്പച്ചൻ പണം നൽകുമെന്നറിയിച്ചതിനാൽ നാട്ടിലേക്ക് വരുമ്പോൾ ഞങ്ങളുടെ കയ്യിൽ ഇന്ത്യൻ രൂപ കാര്യമായി കരുതിയിരുന്നില്ല. നാട്ടിലെത്തിയ ശേഷം ചെലവ് ചെയ്തതെല്ലാം ഇയാൾ നൽകിയ പണമായിരുന്നു. കണക്കുവിവരങ്ങൾ രേഖകൾ സഹിതം കയ്യിലുണ്ട്.പൊലീസിനെ അറിയിച്ചിട്ടുമുണ്ട്.തെറ്റായ മാർഗ്ഗത്തിൽ ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല. എന്റെ കയ്യിലുണ്ടായിരുന്ന പണത്തിൽ നിന്നും കള്ളനോട്ട് കണ്ടെടുത്ത സംഭവത്തിലാണ് കൊൽക്കത്ത സ്വദേശിനികളായ സഹോദരിമാർ ഇപ്പോഴും ജയിലിൽ കഴിയുന്നത്. അവർ വൻ റാക്കറ്റിലെ കണ്ണികളാണെന്നും 35 -ഓളം കേസ്സിലെ പ്രതികളാണെന്നുമൊക്കെയാണ് പൊലീസ് കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. ഇത്രയും കേസ്സിൽ പ്രതിയാണെങ്കിൽ അവരെ പണ്ടേ പൊലീസ് ജയിലിൽ അടയ്ക്കില്ലായിരുന്നോ. അവർക്ക് കൊൽക്കത്ത വിട്ട് പുറത്തുകടക്കാൻ ആവുമായിരുന്നോ-അനൂപ് ചോദിക്കുന്നു.

അനൂപിനെയും ഒപ്പമുണ്ടായിരുന്ന രണ്ട് കൊൽക്കത്ത സ്വദേശികളായ യുവതികളെയും മൂന്നാറിൽ നിന്നും കാറിൽ കോതമംഗലം ഭാഗത്തേയ്ക്ക് വരവേ കഴിഞ്ഞ ഫ്രബ്രുവരി 2-നാണ് ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തലക്കോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്. അനൂപിന് ജാമ്യം ലഭിച്ചെങ്കിലും കൊൽക്കത്ത സ്വദേശിനി കൾ ഇപ്പോഴും റിമാന്റിലാണ്.