ലഖ്‌നൗ: പുറമേ ശാന്തമെങ്കിലും ബുലന്ദ്ശഹർ ഇപ്പോഴും കത്തുകയാണ്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപം പുറമേ അമർച്ച ചെയ്യപ്പെട്ടെങ്കിലും അക്രമത്തിൽ ജീവൻ പൊലിഞ്ഞ സുബോധ് കുമാറും പ്രാദേശിക വാസിയായ യുവാവും ഇന്ത്യൻ മനസാക്ഷിക്കു മുമ്പിൽ ഉയർത്തുന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം തരംതാഴുന്ന അവസ്ഥയിലേക്ക് എത്തിയത് കൈയുംകെട്ടി നോക്കി നിൽക്കുകയാണ് അധികാരികളും. സംഭവത്തിൽ പ്രതികരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായതു പോലും ദിവസങ്ങൾക്കു ശേഷമാണ്. താൻ ഭരിക്കുന്ന സംസ്ഥാനത്ത് മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ആവർത്തിച്ചപ്പോൾ കേവലം പശുവിന്റെ ജഡത്തിന് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു മനുഷ്യജീവൻ വില നൽകേണ്ടി വരുമെന്ന് ആരും ഓർത്തില്ല.

കലാപത്തിനിടെ സുബോധ് കുമാർ കൊല്ലപ്പെടുകയായിരുന്നുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റേതുകൊലപാതകമായിരുന്നു എന്നു സംശയിക്കത്തക്ക വസ്തുതകളിലേക്കാണ് തെളിവുകൾ നയിക്കുന്നത്. ബിജെപിയുടെ കണ്ണിൽ കരടായിരുന്ന സുബോധ് കുമാർ കലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കൾക്ക് സുബോധ് കുമാർ സിംഗിനോട് വിരോധമുണ്ടായിരുന്നെന്നും മൂന്നു മാസം മുമ്പ് ഇദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യാൻ ഇവർ ഇടപെട്ടിരുന്നതായും മാധ്യമങ്ങളും റിപ്പോർ്ട്ട ചെയ്യുന്നു.

റിപ്പോർട്ട് പ്രകാരം സുബോധ് കുമാറിനെ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഒന്നിന് ബിജെപി നേതാക്കൾ ബുലന്ദ്ശഹർ എംപി ബോല സിംഗിന് കത്തയച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മതപരിപാടികൾക്കു തടസം നിൽക്കുകയും ഇതിൽ ഇടപെടലുകൾ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു എംപിക്ക് കത്ത് നൽകിയത്. ആറ് ബിജെപി അംഗങ്ങൾ ഒപ്പിട്ട കത്ത് നൽകിയിരുന്നതായിരി ബിജെപി ജനറൽ സെക്രട്ടറി സഞ്ജയ് ശ്രോടിയയും സ്ഥിരീകരിക്കുന്നു.

ഹിന്ദുമത പരിപാടികൾക്ക് തടസം നിൽക്കുന്ന ശീലം ഈ പൊലീസ് ഓഫീസർക്കുണ്ടായിരുന്നെന്നും തന്മൂലം ഹിന്ദുസമൂഹത്തിൽ സുബോധ് കുമാർ പൊതുസമ്മതനല്ലായിരുന്നെന്നുമാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ സുബോധ് കുമാറിനേയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവർക്കെതിരേ ഡിപ്പാർട്ട്‌മെന്റ് നടപടികൾ സ്വീകരിക്കുകയും വേണമെന്നും രണ്ടു പാരഗ്രാഫുള്ള കത്തിൽ പറയുന്നു.

സുബോധ് കുമാറിന്റെ മരണം കൊലപാതകമെന്ന് വിശേഷിപ്പിക്കാൻ ഇനിയും ഒട്ടേറെ തെളിവുകളുണ്ട്. 2015 സെപ്റ്റംബർ 28ന് ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്ക് സൈഫി എന്ന അമ്പത്തിരണ്ടുകാരന്റെ കൊലപാതകവും തുടർന്നുണ്ടായ അന്വേഷണവുമാണ് ഇതിലൊന്ന്. അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രഡ്ജിൽ പശുവിറച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നാരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ ആക്രമിച്ചതും കൊലചെയ്തതും. എന്നാൽ അഖ്‌ലാക്കിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നുവെന്നാണ് പിന്നീട് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്ന് ജാർച്ച പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട സുബോധ് കുമാർ. ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് അഖ്‌ലാക്ക് വധത്തിൽ പ്രതികളെ പിടികൂടാനും തെളിവുകൾ കൈക്കലാക്കാനും വഴിയൊരുക്കിയത്.

അഖ്‌ലാക്കിനെ കൊന്ന സംഘത്തിലെ പതിനെട്ടു പേരെയും കാലതാമസം കൂടാതെ അറസ്റ്റ് ചെയ്തതും സുബോധ്കുമാറായിരുന്നു. അന്നു മുതൽ തന്നെ ബിജെപിയുടെ അതൃപ്തി പിടിച്ചുപറ്റിയ ഈ പൊലീസ് ഓഫീസർക്ക് ബുലന്ദ്ശഹർ ജില്ലയിലെ സിയാന മേഖലയിലെ ആൾക്കൂട്ട ആക്രമണത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്നുവെന്നതാണ് ദുഃഖകരമായ വസ്തുത.

സയ്‌ന മേഖലയിലെ മഹൗ ഗ്രാമത്തിന്റെ വനപ്രദേശത്ത് മുപ്പതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ബുലന്ദ്ഷഹറിൽ മൂന്നിന് രാവിലെ പതിനൊന്ന് മണിയോടെ ഒരു കൂട്ടമാളുകൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. ഗോവധത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു. അക്രമികൾ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

അക്രമികൾ പൊലീസിന് നേർക്ക് നടത്തിയ കല്ലേറിൽ സുബോധ് കുമാർ സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുബോദ് കുമാർ സിംഗിനേയും കൊണ്ട് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പോകും വഴി ഇവർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. വെടിയുണ്ട തലച്ചോറിൽ തറച്ച നിലയിലായിരുന്നു കൊല്ലപ്പെടുമ്പോൾ ഇൻസ്‌പെക്ടർ സുബോധ് കുമാർ. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. ഇയാൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. വെടിയേറ്റു തന്നെയാണ് സുമിത്കുമാറും കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ട് റിപ്പോർട്ട്.

ഗോവധത്തിന്റെ പേരിൽ ജനവികാരം ഇളക്കി മതവികാരം വൃണപ്പെടുത്താനും അത് വോട്ടാക്കി മാറ്റാനുമുള്ള സംഘ്പരിവാർ ശ്രമമാണെന്നാണ് പൊതുവേ ആരോപണമുയർന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ വർഗീതതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ വേർതിരിക്കുമ്പോൾ ഹിന്ദു തീവ്രവാദം പിടിമുറുക്കിയതിന്റെ ഉത്തമഉദാഹരണമാണ് ബുലന്ദ്ശഹർ സംഭവം.

പശുസംരക്ഷണത്തിന്റെ പേരിൽ കൊലപാതകങ്ങളും കലാപങ്ങളും വാഴുമ്പോൾ അത് ജനാധിപത്യത്തിനു നേരേയുള്ള വെല്ലുവിളിയാണെന്നോ പറയാൻ സാധിക്കൂ. പ്രലോഭനങ്ങൾക്കു വഴങ്ങാത്ത സുബോധ് കുമാർ കലാപത്തിനിടെ കൊല്ലപ്പെടുമ്പോൾ ഇത്തരത്തിൽ മുമ്പും ജീവൻ വെടിഞ്ഞവരെ നമുക്ക് മറക്കാൻ സാധിക്കില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവൻ ഹേമന്ത് കാർക്കറെയും ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊറാബുദ്ധീൻ വ്യാജഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റീസ് ഗോപാൽ ഹർകിഷൻ ലോയയുടെ മരണവും ഈയവസരത്തിൽ ജനമനസുകളിൽ ഉയർന്നുവന്നിരിക്കുന്നവയാണ്. സൊറാബുദ്ധീൻ കേസിന്റെ അടുത്ത ഹിയറിംഗിന് വെറും രണ്ടാഴ്ച മാത്രം ബാക്കി കിടക്കെയാണ് 2014-ന് നാഗ്പൂരിലെ സർക്കാർ അഗതിമന്ദിരത്തിൽ വച്ച് നാല്പത്തെട്ടുകാരനായ ജസ്്റ്റീസ് ലോയ മരണപ്പെടുന്നത്. ലോയയുടെ ദുരൂഹമരണവും സുബോധ്കുമാറിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടിവായിക്കാവുന്ന ഒന്നാണ്.

സുബോധ്കുമാർ വധത്തിൽ ആരോപണ വിധേയനായ സൈനികൻ പിടിയിലായെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പൂർണതോതിൽ നീതി ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം. ജിതേന്ദ്രമാലിക് എന്ന ജീതുഫൗജിയാണ് ശ്രീനഗറിലെ സൈനിക യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. താൻ കുറ്റവാളിയാണെന്ന പൊലീസ് ആരോപണം ജീതു നിഷേധിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സംഭവ സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നും അയാൾ പറയുന്നു. ഗോസംരക്ഷണവും മറ്റും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി കത്തിനിൽക്കുമ്പോൾ പശുവിന്റെ പേരിൽ ഇനിയെത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. വർഗീയത മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കി ബിജെപി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസും അറിയാതെ തന്നെ ഹിന്ദുത്വവാദം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് കാണുമ്പോൾ ഇന്ത്യയുടെ മതേതരത്വ മൂല്യത്തിന് ഇനി എന്തുവിലയെന്ന് തോന്നിയില്ലെങ്കിലാണ് അത്ഭുതം!