ഖിലേഷ് യാദവിന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുമ്പോൾ മുലായം സിങ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ഇതാണ്. സമാജ്‌വാദി പാർട്ടിയിലെ കുടുംബത്തിന്റെ മേൽക്കോയ്മ തകരാതിരിക്കുക. മകനെ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയാക്കി, താൻ ഡൽഹിയിലേക്ക് ചേക്കേറുക. അവിടെ, ബിജെപിക്കും കോൺഗ്രസ്സിനും ബദലായി മൂന്നാം മുന്നണി യാഥാർഥ്യമാക്കി, പ്രധാനമന്ത്രിക്കസേര ലക്ഷ്യമിടുക. വലിയ സ്വപ്‌നങ്ങളുമായി തന്ത്രങ്ങൾ മെനഞ്ഞ മുലായത്തെ ഒടുവിൽ മകൻ തന്നെ നിലംപരിശാക്കിയ കാഴ്ചയാണ് ഉത്തർപ്രദേശിലേത്.

സൈക്കിൾ ചിഹ്നവും എസ്‌പി. എന്ന നിലയിലെ നിലനിൽപ്പും കൈമോശം വന്നതോടെ മുലായത്തിന് ഇനി രണ്ടുവഴികളേയുള്ളൂ. അതുരണ്ടും നിലനിൽപ്പിന്റെ അവസാന പോരാട്ടവുമാണ്. ഒ്ന്ന് യു.പി.യിൽ ബിജെപിയെയും മായാവതിയുടെ ബി.എസ്‌പി.യെയും എന്നപോലെ അഖിലേഷിന്റെ എസ്‌പിയെയും സധൈര്യം നേരിടുക. രണ്ടാമത്തേത് ആത്മഹത്യാപരമാണ്. സമസ്താപപരാധവും ഏറ്റുപറഞ്ഞ് അഖിലേഷിന്റെ പാർട്ടിയിലേക്ക് ചേക്കേറുകയെന്നതാണ് ആ മാർഗം.

ആദ്യത്തെ വഴി സ്വീകരിക്കണമെങ്കിൽ മുലായത്തിന് ഒരു അടിത്തറ വേണം. സ്വന്തം പാർട്ടി പോലും കൈയിൽനിന്ന് പോയ നിലയിലാണ് യു.പി.യിലെ ഈ രാഷ്ട്രീയ ഭീഷ്മാചാര്യൻ. സമാജ്‌വാദി പാർ്ട്ടി എന്ന നിലയ്ക്ക് നിലനിൽക്കാൻ സാധിക്കാത്തതിനാൽ, പുതിയൊരു പാർട്ടിയും പേരും ചിഹ്നവുമൊക്കെ വേണം. പഴയ കരുത്തന്മാരായ ലോക്ദൾ അവരുടെ പാർട്ടിയെ മുലായത്തിന് പിടിച്ചുനിൽക്കാനായി നൽകാമെന്ന് സന്നദ്ധത കാട്ടിയിട്ടുണ്ട്. അത് അദ്ദേഹം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ഏതായാലും, കടുത്ത ചില തീരുമാനങ്ങൾ മുലായത്തിന് സ്വീകരിച്ചേ പറ്റൂ.

അഖിലേഷ് യുഗം

ത്തർപ്രദേശിൽ യഥാർഥ സമാജ്‌വാദി പാർട്ടിയെന്ന അവകാശം സ്വന്തമായതോടെ, അഖിലേഷ് യുപിയിൽ ലക്ഷ്യമിടുന്നത് ചെറുപ്പത്തിന്റെ കരുത്ത് കാട്ടലാവും. കോൺഗ്രസ്സുമായുള്ള മഹാ സഖ്യത്തിലൂടെ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. എസ്‌പി നേതൃസ്ഥാനത്ത് താനും കോൺഗ്രസ്സ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധിയും വരുമ്പോൾ സഖ്യത്തിന് ചെറുപ്പത്തിന്റെ പ്രസരിപ്പുമുണ്ടാകും. പ്രായംചെന്ന രാഷ്ട്രീയ നേതാക്കൾക്കിടെ, തങ്ങളുടെ ചെറുപ്പത്തെ വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കോൺഗ്രസ്സും അഖിലേഷുമായുള്ള സഖ്യം ഏതുനിമിഷവും പ്രഖ്യാപിക്കപ്പെടാമെന്നാണ് യുപിയിൽനിന്നുള്ള റിപ്പോർട്ടുകൾ തീരുമാനിക്കുന്നത്. യുപിയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഷീല ദീക്ഷിത് തന്നെ, പ്രഖ്യാപനം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, കോൺഗ്രസ്സിന് അഖിലേഷുമായുള്ള സഖ്യത്തിലാണ് പ്രതീക്ഷ. ഒറ്റയ്ക്ക് മത്സരിച്ചാൽ, ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന്റെ വലിയ തകർച്ചയ്ക്കാവും യുപി വേദിയാവുകയെന്ന ഭയം നേതാക്കൾക്ക് തന്നെയുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നുള്ള തീർപ്പ് വരുന്നതിനുവേണ്ടിയാണ് അഖിലേഷ് ഇതുവരെ കാത്തിരുന്നത്. ഇനിയിപ്പോൾ കോൺഗ്രസ്സുമായി സഖ്യം പ്രഖ്യാപിച്ച് പോരാട്ടത്തിന് ഇറങ്ങുകയാവും അദ്ദേഹം കാണുന്ന എളുപ്പവഴി. ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കൽ ഇന്ന് തുടങ്ങാനിരിക്കെ, സഖ്യം പ്രഖ്യാപനം അധികം വൈകില്ലെന്ന് തന്നെയാണ് സൂചന.

സഖ്യത്തിൽ പ്രതീക്ഷയർപ്പിച്ച് എതിരാളികൾ

ഖിലേഷും കോൺഗ്രസ്സും തമ്മിലുള്ള സഖ്യം നിലവിൽ വന്നാൽ അത് ഗുണം ചെയ്യുമെന്ന് കരുതുന്നത് എതിരാളികൾ തന്നെയാണ്. മുലായവും അഖിലേഷും അടിച്ചുപിരിഞ്ഞതോടെ എസ്‌പി.യെക്കൊണ്ടുള്ള ഉപദ്രവം പാതികുറഞ്ഞെന്ന് കരുതിയിരിക്കുകയാണ് ബിജെപിയും ബി.എസ്‌പിയും. കോൺഗ്രസ്സുമായി അഖിലേഷ് ചേരുന്നതോടെ രണ്ട് ശത്രുക്കളെ ഒറ്റയടിക്ക് നേരിടാനാവുമെന്നും ഇവർ കണക്കുകൂട്ടുന്നു. എസ്‌പി.യിലെ രാഷ്ട്രീയ അനൈക്യം തന്നെയാകും എതിരാളികൾ മുഖ്യമായും തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കുക.

അഖിലേഷിനെ ഉപദ്രവിക്കാൻ മുലായം സർവ അടവും പയറ്റുമെന്നിരിക്കെ മറ്റ് പ്രധാന എതിരാളികളെ നേരിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാകുമെന്ന് കരുതുന്നവരുമുണ്ട് അഖിലേഷിന്റെ മുസ്ലിം വിരുദ്ധതയാണ് മുലായം പ്രധാനമായു ഉയർത്തിക്കാട്ടുന്നത്. ഇന്നലെത്തന്നെ അതിനുള്ള ആദ്യവെടി മുലായം പ്രഖ്യാപിച്ചുകഴിഞ്ഞു. ജാതിവോട്ടുകൾ നിർണായകമായ യുപിയിൽ മറ്റു ചെറുകക്ഷികളെക്കൂടെ ഒപ്പം നിർത്തി വിശാല സഖ്യത്തിലൂടെ ഭരണത്തുടർച്ച നേടാമെന്നാണ് അഖിലേഷിന്റെ കണക്കുകൂട്ടൽ.