മൂപ്പിളത്തർക്കമോ ഈഗോയോ ഇല്ലാതെ, യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പുതിയ മഹാസഖ്യത്തിന് വാതിൽ തുറന്നത്. തർക്കങ്ങളില്ലാതെ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെടാനായത് യുപിയിലെ രാഷ്ട്രീയ നീക്കങ്ങളെ അതിവേഗം പുതിയ ദിശയിലേക്ക് നയിക്കുകയും ചെയ്തു. അഖിലേഷിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായ അജിത് സിങ്ങും അപ്‌നാദളും ജനതാദൾ യുവും തൃണമുൽ കോൺഗ്രസ്സും മഹാസഖ്യത്തിൽ പങ്കാളികളാൻ തയ്യാറായി രംഗത്തുവരികയും ചെയ്തു.

യഥാർഥ സമാജ്‌വാദി പാർട്ടിയെന്ന അവകാശവും ചിഹ്നവും ഉറപ്പിച്ചശേഷമാണ് കോൺഗ്രസ്സുമായുള്ള സഖ്യം അവസാന രൂപത്തിലെത്തിയത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി ഗുലാം നബി ആസാദുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സഖ്യം സ്ഥിരീകരിക്കപ്പെട്ടത്. അഖിലേഷും ഗുലാം നബി ആസാദും വെവ്വേറെ പത്രസമ്മേളനങ്ങളിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത രണ്ടുദിവസത്തിനുള്ളിൽ സംയുക്ത പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

ബീഹാർ ശൈലിയിൽ മഹാസഖ്യമാണ് അഖിലേഷും കോൺഗ്രസ്സും യുപിയിൽ ലക്ഷ്യമിടുന്നത്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിനെയും അപ്‌ന ദളിന്റെ ഒരുവിഭാഗത്തെയും ജെ.ഡി.യു, എൻ.സി.പി എന്നിവരെയും കൂടെനിർത്താനും ശ്രമങ്ങൾ തുടരുന്നുണ്ട്. കോൺഗ്രസ്സുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന്റെ യുപി ഘടകവും മഹാ സഖ്യത്തിന് അനുകൂലമാണ്. അച്ഛൻ മുലായവുമായുള്ള തർക്കത്തെത്തുടർന്ന് പ്രചാരണരംഗത്ത് പിന്നിലായിപ്പോയ എസ്‌പി എത്രയും പെട്ടെന്ന് സഖ്യകക്ഷികളുമായി ചർച്ച പൂർത്തിയാക്കി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

യു.പിയിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ബിജെപിക്കും മായാവതിയുടൈ ബി.എസ്‌പിക്കും തലവേദനയുണ്ടാക്കുന്നതാണ്. കോൺഗ്രസ്സുമായുള്ള സഖ്യം എസ്‌പിയുടെ കരുത്ത് ഇരട്ടിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജാതി രാഷ്ട്രീയത്തിന് നിർണായക സ്വാധീനമുള്ള യു.പിയിൽ ചെറിയ പ്രാദേശിക കക്ഷികളുടെ പിന്തുണയും സീറ്റ് ഉറപ്പിക്കാൻ അഖിലേഷിനെ സഹായിക്കുമെന്നും അവർ ഭയക്കുന്നു. യു.പി.യിൽ അധികാരത്തിലേറാമെന്ന ബിജെപിയുടെ പ്രതീക്ഷകളാണ് ഇതോടെ മങ്ങിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കിയ ബിജെപിയെ ഒന്നിച്ചുനിന്ന് തറപറ്റിക്കാമെന്ന് അഖിലേഷും കോൺഗ്രസ്സും കരുതുന്നു.