ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ അറുപതു ശതമാനത്തിലേറെ പോളിങ്. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗിൽ ബിജെപി പ്രതീക്ഷയർപ്പിക്കുമ്പോൾ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കുകൂട്ടൽ.

58 സീറ്റുകളിലെ 2.27 കോടി വോട്ടർമാരാണ് 623 സ്ഥാനാർത്ഥികളുടെ വിധി നിർണയിച്ചത്. യുപിയുടെ പടിഞ്ഞാറൻ മേഖലയിലെ ജാട്ട് ആധിപത്യമുള്ള ബെൽറ്റാണ് ആദ്യ ഘട്ടം ഉൾക്കൊള്ളുന്നത്. വോട്ടെടുപ്പ് നടപടികൾ സമാധാനപരമായിരുന്നു, അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചില പോളിങ് സ്റ്റേഷനുകളിൽ ഇവിഎമ്മുകളും വിവിപാറ്റുകളും തകരാറിലായതായി റിപ്പോർട്ടുകളുണ്ട്. ഈ പരാതികൾ ഉടൻ പരിഹരിച്ചതായി പോളിങ് അധികൃതർ അറിയിച്ചു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ശ്രീകാന്ത് ശർമ, അതുൽ ഗാർഗെ, സുരേഷ് റാണ, കാപിൽദേവ് അഗർവാൾ, സന്ദീപ് സിങ് തുടങ്ങിയ മന്ത്രിമാരാണ് ജനവിധി തേടുന്നത്. ജാട്ടു കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും ശക്തികേന്ദ്രങ്ങളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് ഉള്ളിൽ തന്നെ പലയിടങ്ങളിലും പോളിങ് ശതമാനം നാൽപത് ശതമാനത്തിന് മുകളിലെത്തിയിരുന്നു.

ഷാമിലി മുസഫർ നഗർ,ഗസ്സിയാബാദ് ഹാപ്പൂർ അലിഗഡ് തുടങ്ങിയ ജില്ലകളിൽ രാവിലെ മുതൽ ആളുകൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 58ൽ 53 മണ്ഡലങ്ങളും നേടിയതിനാൽ ഇക്കുറിയും വിജയം ആവർത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ കർഷക രോഷവും കരിമ്പടക്കമുള്ള വിളകളുടെ വിലത്തകർച്ചയിലെ നിരാശയും വോട്ടിംഗിൽ പ്രതിഫലിച്ചുവെന്നാണ് സമാജ് വാദി പാർട്ടി - ആർഎൽഡി സഖ്യത്തിന്റെ കണക്ക് കൂട്ടൽ. വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിൽ 2017ൽ 53 ഇടത്തും ബിജെപിക്കായിരുന്നു വിജയം. സമാജ് വാദി പാർട്ടിയും ബിഎസ്‌പിയും രണ്ട് വീതവും ആർഎൽഡി ഒരു സീറ്റും നേടിയിരുന്നു

അതിനിടെ, വോട്ടെടുപ്പ് ദിവസവും കർണ്ണാടകയിലെ ഹിജാബ് വിവാദം ബിജെപി ഉന്നയിച്ചതും ശ്രദ്ധേയമായി. മുസ്ലിം സ്ത്രീകളെയും പെൺകുട്ടികളെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഷഹാറാൻ പൂരിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത്.

അതേസമയം, ശ്രദ്ധിച്ചു വോട്ടുചെയ്തില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന യോഗിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം കനക്കുകയാണ്. കേരളത്തിന്റെ വികസനനേട്ടങ്ങളും അടിസ്ഥാനസൗകര്യവികസനവും എണ്ണിപ്പറഞ്ഞ്, യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ട് കേരളത്തിനെതിരെ ദുഷ്പ്രചാരണം നടത്തുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്. യോഗിയുടെ പരാമർശത്തിലൂടെ പുറത്തുവരുന്നതിന്റെ തികട്ടൽ എന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.