- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഷ്ട്രീയ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബി.എസ്പി എംഎൽഎമാർ സമാജ് വാദി പാർട്ടിയിൽ; യു പിയിൽ ബിജെപിയെ ഞെട്ടിച്ച് സീതാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് രാത്തോറും എസ് പിയിലേക്ക്
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയ നീക്കങ്ങളുമായി സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും മുൻപ് ഭരണം കയ്യാളിയിരുന്ന ബിഎസ്പിക്കും കനത്ത തിരിച്ചടി നൽകി ഈ പാർട്ടികളിൽ നിന്നുള്ള ഏഴ് എംഎൽഎമാർ പാർട്ടി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. ആറ് ബിഎസ്പി എംഎൽഎമാരും ഒരു ബിജെപി എംഎൽഎയുമാണ് എസ്പിയുടെ ഭാഗമായത്.
കഴിഞ്ഞ ദിവസം രണ്ട് മുൻ കോൺഗ്രസ് എംഎൽഎമാരും എസ്പിയിൽ ചേർന്നിരുന്നു. 403 അംഗങ്ങളുള്ള യു.പി നിയമസഭയിലേക്ക് അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ രാഷ്ട്രീയ മാറ്റം സമാജ്വാദി പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അധ്യക്ഷതയിൽ ലഖ്നൗവിലെ ആസ്ഥാന മന്ദിരത്തിൽ എംഎൽഎമാർക്ക് സ്വീകരണം നൽകി. ബിഎസ്പി എംഎൽഎമാരായ അസ്ലം അലി ചൗധരി, അസ്ലം റെയ്നെ, ഹർഗോവിന്ദ് ഭാർഗവ, മുജ്തബ സിദ്ദിഖി, ഹക്കീം സിങ് ബിന്ദ്, സുഷമ പട്ടേൽ എന്നിവരാണ് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് രാത്തോറിനൊപ്പം സമാജ്വാദി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.
വിമത പ്രവർത്തനം നടത്തിയതിന്റെ പേരിൽ ബി.എസ്പി അധ്യക്ഷ മായാവതി നടപടി സ്വീകരിച്ച എംഎൽഎമാരാണ് എസ് പിയിൽ അംഗത്വം സ്വീകരിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവർ എസ്പി സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നു.
2017 ലെ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസ്-എസ്പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബിജെപിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്. 312 സീറ്റിൽ ബിജെപി ജയിച്ചപ്പോൾ എസ്പി 47 ഉം കോൺഗ്രസ് ഏഴും സീറ്റുകളിലാണ് ജയിച്ചത്.
സംസ്ഥാനത്തെ സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത സർക്കാരാണ് യോഗി ആദിത്യനാഥിന്റേതാണ് അഖിലേഷ് യാദവിന്റെ വിമർശനം. തൊഴിലില്ലായ്മയും കർഷക പ്രതിഷേധങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉയർത്തിക്കാട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അദ്ദേഹം ഇനിയും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിക്കുന്ന നീക്കങ്ങൾ നടത്തുമെന്ന മുന്നറിയിപ്പ് കൂടി നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്