- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്ഡ് കാൾ മെമ്പർഷിപ്പ് ഹിറ്റായി; ഒരു ദിവസം ബിജെപിയിൽ ചേരുന്നത് മൂന്നരലക്ഷം പേർ; നവംബറിൽ അംഗത്വം എടുത്തത് ഒരു കോടി ഇന്ത്യക്കാർ; ലോകത്തെ ഏറ്റവും വലിയ പാർട്ടിയാകാൻ ഒരുങ്ങി അമിത് ഷായുടെ തേരോട്ടം
ന്യൂഡൽഹി: ചരിത്രവിജയം കരസ്ഥമാക്കി ഇന്ത്യയുടെ ഭരണം തിരിച്ചുപിടിച്ച ഭാരതീയ ജനതാ പാർട്ടിയിലേക്ക് പുതിയതായി അംഗങ്ങൾ ഒഴുകിയെത്തുന്നു. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മിസ്ഡ് കാൾ മെമ്പർഷിപ്പ് രാജ്യമെമ്പാടും വൻ ഹിറ്റായി മാറിക്കഴിഞ്ഞു. 27 ദിവസത്തിനിടെ പാർട്ടിയിലേക്ക് പുതിയതായെത്തിയത് ഒരുകോടിയോളം പേരാണ്. ഉത്

ന്യൂഡൽഹി: ചരിത്രവിജയം കരസ്ഥമാക്കി ഇന്ത്യയുടെ ഭരണം തിരിച്ചുപിടിച്ച ഭാരതീയ ജനതാ പാർട്ടിയിലേക്ക് പുതിയതായി അംഗങ്ങൾ ഒഴുകിയെത്തുന്നു. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മിസ്ഡ് കാൾ മെമ്പർഷിപ്പ് രാജ്യമെമ്പാടും വൻ ഹിറ്റായി മാറിക്കഴിഞ്ഞു. 27 ദിവസത്തിനിടെ പാർട്ടിയിലേക്ക് പുതിയതായെത്തിയത് ഒരുകോടിയോളം പേരാണ്.
ഉത്തരേന്ത്യയിൽ നിന്നാണ് ബിജെപിക്ക് ഇത്രയേറെ അംഗങ്ങളെ ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ ജയം സമ്മാനിച്ച ഉത്തർപ്രദേശിൽനിന്നുമാത്രം 13 ലക്ഷം പുതിയ അംഗങ്ങളെയാണ് പാർട്ടിക്ക് ലഭിച്ചത്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡുകൂടി ചേരുമ്പോൾ, പുതിയ അംഗങ്ങളുടെ എണ്ണം 18 ലക്ഷമെത്തും. ദിവസവും 55,000 പേർ പുതിയതായി ഈ രണ്ട് സംസ്ഥാനങ്ങളിൽനിന്നുമാത്രം പാർട്ടിയിലേക്കെത്തുന്നുണ്ടെന്ന് പാർട്ടി ദേശീയ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കുന്നു.
ദേശീയ തലത്തിലും ഇതേ നിലവാരത്തിലാണ് പാർട്ടിയുടെ കുതിപ്പ്. ഒരു ദിവസം മൂന്നരലക്ഷത്തോളം പേർ പുതിയതായി പാർട്ടിയിലേക്കെത്തുന്നു. നവംബർ ഒന്നിനുശേഷം പാർട്ടിയിൽ ചേർന്നവരിൽ രണ്ടാം സ്ഥാനം തലസ്ഥാനമായ ഡൽഹിക്കാണ്. 9.34 ലക്ഷം അംഗങ്ങളാണ് ഡൽഹിയിൽ മാത്രം പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിൽ 8.56 ലക്ഷവും മഹാരാഷ്ട്രയിൽ 7.75 ലക്ഷവും ഇതിനിടെ അംഗങ്ങളായി. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് കാവിപ്പാർട്ടിയിൽ അണിചേർന്നത് 53.4 ലക്ഷം പേർ!
മിസ്ഡ് കാൾ മെമ്പർഷിപ്പും ഓൺലൈൻ മെമ്പർഷിപ്പുമല്ലാതെ, നേരിട്ടും അംഗങ്ങളെ ചേർക്കാൻ പാർട്ടി നടത്തിയ ശ്രമങ്ങളാണ് ഇത്രയേറെ അംഗങ്ങളെ ലഭ്യമാക്കിയതെന്ന് ഡൽഹി ഘടകം ജനറൽ സെക്രട്ടറി ആശിഷ് സൂദ് പറയുന്നു. സർവകലാശാലകളിലും ബസ്സുകളിലും മാളുകളിലും ഒക്കെ പുതിയ അംഗങ്ങളെ തേടി പ്രവർത്തകർ എത്തി. ബാർബർ ഷോപ്പുകളിലും മതകേന്ദ്രങ്ങളിലും ഡോക്ടർമാർക്കിടയിലും ഇതിനുള്ള ശ്രമങ്ങളുണ്ടായി.
ഈ ശ്രമങ്ങളാണ് ബിജെപിക്ക് ഇപ്പോൾ 3.25 കോടി അംഗങ്ങളെ സമ്മാനിച്ചിരിക്കുന്നത്. ലോകത്തേറ്റവും കൂടുതൽ അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മറികടക്കുകയെന്ന വലിയ ലക്ഷ്യമാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുന്നോട്ടുവച്ചിട്ടുള്ളത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് 8.3 കോടി അംഗങ്ങളുണ്ട്.
അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മോഹികളായവർക്കുമുന്നിലും മെമ്പർഷിപ്പ് ഒരു ഘടകമായി പാർട്ടി മുന്നോട്ടുവച്ചു. പരമാവധി അംഗങ്ങളെ ചേർക്കുകയെന്നത് അവർക്കുള്ള യോഗ്യതാ നിർണയമായി. ഡൽഹിയിൽ പാർട്ടി ജനുവരിക്കുള്ളിൽ ലക്ഷ്യമിടുന്നത് 28 ലക്ഷം പുതിയ അംഗങ്ങളെയാണ്. മാർച്ചുവരെ മെംബർഷിപ്പ് കാമ്പെയിനുകൾ നടത്താനാണ് പാർട്ടി നിർദേശിച്ചിട്ടുള്ളത്.

