ന്യൂഡൽഹി: ഉത്തർപ്രദേശിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവാധ് പൂർവ്വാഞ്ചൽ മേഖലകളിലെ 12 ജില്ലകളിലായി 61 മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 34.83 ശതമാനം പോളിങ് രേഖപ്പെടുത്തി. രാമക്ഷേത്ര നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യയടക്കം നിർണ്ണായക മണ്ഡലങ്ങൾ ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി.

ഈ ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങളിൽ അയോധ്യയും പ്രയാഗ്രാജും ഉൾപ്പെടുന്നു. കോൺഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേഠിയിലും റായ്ബറേലിയിലും ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. സുൽത്താൻപൂർ, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ്, ബരാബങ്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നിവയാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മറ്റ് ജില്ലകൾ.

2,24,77,494 വോട്ടർമാരാണ് 693 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുക എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും.

രാവിലെ പോളിങ് ബൂത്തുകളിൽ നല്ല തിരക്കാണുണ്ടായത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോൺഗ്രസ് നേതാവും റാംപൂർ ഖാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

അയോധ്യ, അമേഠി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിൽ 12 മണിയോടെ പോളിങ് ശതമാനം ഇരുപത് പിന്നിട്ടിരുന്നു. പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ചർച്ചയാക്കിയ കർഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. എന്നാൽ കർഷക പ്രക്ഷോഭം വോട്ടിംഗിൽ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.

രാമക്ഷേത്ര നിർമ്മാണം തന്നെയാണ് അവാധ് പൂർവ്വാഞ്ചൽ മേഖലകളിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്. എന്നാൽ ക്ഷേത്ര നിർമ്മാണത്തോടെ കുടിയൊഴിപ്പക്കപ്പെടുന്നവരുടെ പ്രതിഷേധം നിലനിൽക്കുന്ന അയോധ്യയിലെ അടിയൊഴുക്കുകളെ ബിജെപി പൂർണ്ണമായും തള്ളിക്കളയുന്നില്ല. റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ ജനവിധിയോടെ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഭാവി ചിത്രം ഏതാണ്ട് തെളിയും.

പിന്നാക്ക ദളിത് വിഭാഗങ്ങളിൽ സ്വാധീനമുള്ള ചെറുകക്ഷികളെ ഒപ്പം ചേർത്തുള്ള സമാജ് വാദി പാർട്ടിയുടെ പരീക്ഷണത്തിനുള്ള മറുപടി കൂടിയാകും അഞ്ചാംഘട്ടത്തിലെ ജനവിധിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. 'കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല'. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഉത്തർപ്രദേശ് കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയിൽ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു. യുപിയിൽ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വൻ വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.