ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗസ്സിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും.

2017ലെ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. മാവോയിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെ പോളിങ് ഉണ്ടായിരിക്കുകയുള്ളൂ.

അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അഭിപ്രായ സർവ്വേകൾ ബിജെപിക്ക് അനുകൂലമായിരുന്നു. ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്‌പി നേതാവ് മായാവതി എന്നിവർ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാൻ വാരണാസിയിൽ എത്തിയിരുന്നു.

കോവിഡ് മഹാമാരി കൈകാര്യം ചെയ്ത വിധം, കർഷക സമരം, ഇന്ധനവില, ക്രമസമാധാനം, സാമ്പത്തിക , സുരക്ഷാ സാഹചര്യങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ മുന്നണികൾ പ്രചാരണ വിഷയമാക്കിയിരുന്നു.

യു.പിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപിയാണ് ഭരണത്തിൽ. നാലിടത്തും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണു ജനങ്ങളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അവകാശപ്പെട്ടു. അതേ സമയം യുപിയിൽ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.