- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ വൻ വിജയത്തിലേക്ക് നീങ്ങി ബിജെപി; മൂന്നൂറ് കടന്ന് ബിജെപി മുന്നേറ്റം; യോഗി- മോദി കൂട്ടുകെട്ടിന്റെ കുതിപ്പിൽ അടിതെറ്റി അഖിലേഷ് യാദവ്; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്പിയും; പ്രിയങ്കയെ മുന്നിൽ നിർത്തി കളിച്ച കോൺഗ്രസ് തകർന്നടിഞ്ഞു ദയനീയാവസ്ഥയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി തുടർഭരണം ഉറപ്പിച്ചു മുന്നേറ്റുന്നു. യോഗി- മോദി മുദ്രാവാക്യവുമായി കളം നിറഞ്ഞ ബിജെപിക്ക് അവർ ആഗ്രഹിക്കുന്ന വിധത്തിൽ വൻ വിജയത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് പുറത്തുവരുന്ന ലീഡ് നില സൂചിപ്പിക്കുന്നത്. ഇപ്പോൾ കേവല ഭൂരിപക്ഷവും മറികടന്ന് മുന്നൂറ് കടന്നു കുതിക്കുകയാണ് ബിജെപി. യോഗി ആദിത്യനാഥിനെ മുന്നിൽ നിർത്തി ബിജെപി നടത്തിയ പ്രചരണങ്ങൾ എല്ലാം വിജയിച്ചു.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശക്തമായ വെല്ലുവിളി ഉയർത്തി രംഗത്തുണ്ടായിരുന്ന അഖിലേഷിന്റെ എസ് പിക്ക് പിന്നീട് മൂന്നേറാൻ സാധിച്ചില്ല. ഇവർ 84 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്‌ച്ചയാണ് കണ്ടത്. കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. വെറും നാലിടത്തുമാത്രമാണ് ലീഡ്. മായാവതിയുടെ ബി എസ് പിക്ക് മൂന്നിടത്തുമാത്രമാണ് ലീഡുനേടാനായത്.തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്നു കർഷക സമരം നടന്ന ലഖിംപൂർ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്.
ഗൊരഖ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിറത്തുൽ മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും വ്യക്തമായ ലീഡുണ്ട്.വോട്ട് എണ്ണി തുടങ്ങിയപ്പോൾ ബിജെപിയും എസ്‌പിയും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും പിന്നീട് ബിജെപി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ എല്ലാ മന്ത്രിമാരും മുന്നേറ്റം തുടരുകയാണ്. കർഷക സമരം നടന്ന പ്രദേശങ്ങളിലെല്ലാം ബിജെപിയുടെ വലിയ മുന്നേറ്റം ലഖിപുർ-ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്. 62.45 ശതമാനം പേർ ലഖിംപുർ ഖേരിയിൽ പോളിങ് രേഖപ്പെടുത്തിയിരുന്നു. കർഷകരുടെ മരണത്തെ തുടർന്ന് ഏറെ വിവാദമായ ലഖിംപുർ ഖേരി മേഖലയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവിൽ ബിജെപിക്ക് ഒപ്പമാണ്. ലഖിംപുർ സിറ്റിയിൽ സിറ്റിങ് എംഎൽഎ യോഗേഷ് വർമ എസ്‌പിയുടെ ഉത്കർഷ് വർമ മാഥുറിനെക്കാൾ ബഹുദൂരം മുന്നിലാണ്. 2017ൽ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യോഗേഷ് ജയിച്ചത്.
ക്രിമിനിൽ കേസ് പ്രതിയായി ജയിലിൽ കഴിയുന്ന എസ് പി നേതാവ് അസംഖാനും മകനും ലീഡ് ചെയ്യുന്നു. എന്നാൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ലീഡ് ചെയ്യുന്ന നാലിടത്തും പാർട്ടി സ്ഥാനാർത്ഥികളുടെ ലീഡ് വളരെ കുറവാണ്. പാർട്ടി ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേഠിയിലും കോൺഗ്രസ് ഏറെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെയുള്ള ഫല സൂചനകളിൽ വ്യക്തമാകുന്ന മറ്റൊരു കാര്യം കോൺഗ്രസും മായാവതിയുടെ ബി.എസ്‌പിയും സംസ്ഥാനത്ത് കൂടുതൽ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ പോലും നേടാനാകാത്ത വിധം വിയർക്കുകയാണ് ബി.എസ്‌പിയും കോൺഗ്രസും. റായ്ബറേലിയിലും അമേഠിയിലുമടക്കം കോൺഗ്രസ് പിന്നിലാണ്. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തിയായിരുന്നു കോൺഗ്രസ് പ്രചരണം നടത്തിയത്. എന്നിട്ടും തകർന്നടിഞ്ഞു കോൺഗ്രസ്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസ് തീർത്തും അപ്രസക്തമാകുകയാണ്.
മറുനാടന് ഡെസ്ക്