ന്യൂഡൽഹി: ഇതാ ഒരു തട്ടിപ്പുകാരൻ വരുന്നേയെന്നും ഇയാൾ മുങ്ങാൻ സാധ്യതയുണ്ടെന്നും ഒരു കേന്ദ്രമന്ത്രി കത്തെഴുതുക. എന്നിട്ടും അതിനെതിരെ യാതൊരു നടപടിയും ഇല്ലാതിരിക്കുക. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽനിന്നാണ് ഈ വാർത്ത. ഉത്തർപ്രദേശിലെ പഞ്ചസാര വ്യവസായി ആയ ഉമേഷ് മോദി തട്ടിപ്പ് വീരനാണെന്നും മറ്റൊരു നീരവ് മോദി ആയി മാറുമെന്നും പറഞ്ഞിരിക്കുന്നത് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രി സത്യപാൽ സിങ്ങാണ്. യുപിയിലെ പഞ്ചസാര വകുപ്പ് മന്ത്രി സുരേഷ് റാണയ്ക്ക് അയച്ച കത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥകൾ വ്യക്തമാക്കിയിരിക്കുന്നത്. കത്തിന്റെ കോപ്പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചിട്ടിട്ടുണ്ട്. എന്നിട്ടും ഇയാൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സത്യപാൽ സിങ്ങിന്റെ കത്തിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്:

രണ്ടു പഞ്ചസാര മില്ലുകൾ സ്വന്തമായുള്ള ഉമേഷ് മോദി കരിമ്പ് കർഷകർക്ക് 450 കോടി രൂപ കൊടുക്കാനുണ്ട്. മലകപുർ ഷുഗർ മിൽ 312 കോടി രൂപയും മോദി ഷുഗർ മിൽ 150 കോടി രൂപയുമാണ് കർഷകർക്ക് നൽകാനുള്ളത്. ഈ രണ്ടു കമ്പനികളും ഉമേഷ് മോദിയുടേതാണ്. ഈ തുക കൊടുത്ത തീർക്കാതെ ഇയാൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണം.

2012 -13 സാമ്പത്തിക വർഷത്തിലാണ് ഈ കമ്പനികൾ അവസാനമായി ബാലൻസ് ഷീറ്റ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം മലകപുർ ഷുഗർ മിൽ 231 . 76 കോടി രൂപ ഇവരുടെ മറ്റൊരു കമ്പനിയായ മോദി എനർജിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. കർഷകർക്ക് കൊടുത്തുതീർക്കാനുള്ള തുകയാണ് ഇങ്ങനെ മറ്റൊരു കമ്പനിയിലേക്ക് മാറ്റിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിരവ് മോദിയെ പോലെ ഇയാളും രാജ്യം വിടും- മന്ത്രി ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 20,000 കോടി രൂപ തട്ടിയെടുത്ത് നിരവ് മോദി 2018 ജനുവരിയിലാണ് കുടുംബ സമേതം വിദേശത്തേക്ക് പറന്നത്. ഇയാൾ ലണ്ടനിൽ സുഖമായി കഴിയുന്നുവെന്നാണ് റിപോർട്ടുകൾ. എന്നാൽ 2017 ജൂണിൽ ഇയാളുടെ തട്ടിപ്പിന്റെ വ്യക്തമായ വിവരങ്ങൾ സഹിതം ബംഗളുരുവിലെ ഒരു വ്യവസായി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് അവഗണിക്കുകയായിരുന്നു. അദ്ദേഹം അയച്ച ഇ മെയിൽ സന്ദേശം മഹാരാഷ്ട്രയിലെ കമ്പനി രജിസ്ട്രാർക്ക് കൈമാറുക മാത്രമാണ് പ്രധാന മന്ത്രിയുടെ ഓഫിസ് ചെയ്തത്. സമാനമായ സാഹചര്യമാണ് ഉമേഷ് മോദിയുടെ കാര്യത്തിലും ഉള്ളത്. കേന്ദ്ര മന്ത്രി കത്തയച്ചുവെങ്കിലും യു. പി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വിവരമില്ല. ഈ നടപടിയെയാണ് ദേശീയ മാധ്യമങ്ങൾ വിമർശിക്കുന്നത്.