ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പി.യിലെ വാരണാസിയിൽ ബിജെപിക്ക് നേരിട്ട കനത്ത തോൽവി യഥാർഥത്തിൽ ബി.എസ്‌പി.യുടെ ഉദയത്തെയാണോ സൂചിപ്പിക്കുന്നത്. ഫരീദാബാദിൽ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തോടെ, യു.പി.യിലെ പിന്നാക്ക വിഭാഗക്കാർ വീണ്ടും മായാവതിക്കുപിന്നിൽ അണിനിരക്കുകയാണെന്ന സൂചനയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നൽകുന്നത്. ബിജെപിയെക്കാൾ ഈ തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിയെയാണ് ഇരുത്തിച്ചിന്തിപ്പിക്കുന്നത്.

ബിജെപി. വൻ വിജയം നേടിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാതായതോടെ ബി.എസ്‌പിയുടെ കാലം കഴിഞ്ഞുവെന്ന് വിലയിരുത്തിയവർ ഏറെയായിരുന്നു. എന്നാൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തിരിച്ചുവരവ് അമ്പരപ്പിക്കുന്നാണ്. ഉത്തർ പ്രദേശില ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നിട്ടില്ലെങ്കിലും ബി.എസ്‌പി പിന്തുണച്ച 615-ഓളം സ്ഥാനാർത്ഥികൾ വിജയം കണ്ടു.

മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപി പരാജയപ്പെട്ടതുപോലെ, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്റെ മണ്ഡലമായ അസംഗഢിൽ എസ്‌പി. സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. മുലായം ദത്തെടുത്ത തമൗലി ഗ്രാമത്തിലും എസ്‌പി. സ്ഥാനാർത്ഥി തോറ്റു. മുലായത്തിന്റെ ജന്മനാടായ ഇറ്റാവയിൽ എസ്‌പി പിന്തുണയോടെ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടതും കനത്ത തിരിച്ചടിയായി.

നഷ്ടംനേരിട്ട എസ്‌പി.യും ബിജെപിയും പരസ്പരം പരിഹസിച്ച് തോൽവിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അഞ്ഞൂറിലേറെ സീറ്റുകളിൽ വിജയിക്കുകയും ആയിരത്തോളം സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തുവെന്ന് ബിജെപി. പറയുമ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് തൂത്തുവാരിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എസ്‌പി.യും വാദിക്കുന്നു.

മോദിയുടെ മണ്ഡലമായ വാരണാസിയിലെ 48 സീറ്റുകളിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ദളിത്കുട്ടികളുടെ കൊലപാതകം പിന്നോക്ക വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ടെന്നാണ് ഇതുനൽകുന്ന സൂചന. യു.പിയിലെ ലക്ഷണങ്ങള് ബീഹാർ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ആശങ്ക മോദിക്കും ബിജെപിക്കുമുണ്ട്. മോദി ദത്തെടുത്ത ജയാപ്പുരിലും പാർട്ടി പിന്തുണച്ച സ്ഥാനാർത്ഥി തോറ്റുവെന്നത് ജനങ്ങൾക്കിടയിൽ കടുത്ത വിശ്വാസരാഹിത്യം ഉയർന്നിട്ടുണ്ടെന്ന ആശങ്ക പാർട്ടി നേതൃത്വത്തിലുണ്ടാക്കിയിട്ടുണ്ട്.