- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; യുപി പൊലീസിന്റെ നടപടി കള്ളപ്പണ കേസിൽ വെള്ളിയാഴ്ച ജാമ്യം ലഭിച്ചതിന് പിന്നാലെ
കൊച്ചി: ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാഥ്റസ് കേസിലാണ് റൗഫ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ മഥുര കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുമായി കഴിഞ്ഞ ദിവസം യുപി പൊലീസ് കേരളത്തിലെത്തിയിരുന്നു. കാക്കാനാട്ടെ ജില്ലാ ജയിലിലെത്തിയായിരുന്നു അറസ്റ്റ്.
നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്ത റൗഫിന് വെള്ളിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി പൊലീസിന്റെ നടപടി. ഹാഥ്റസ് സംഭവത്തെത്തുടർന്ന് ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടയിൽ യു.പി. സ്വദേശികളായ അത്തീഖുർ റഹ്മാൻ, മസൂദ് അഹമദ്, ആലം, മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ എന്നിവരെ യു.പി. പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഡിസംബർ 12 നാണ് റൗഫ് ഷെരീഫിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. കാമ്പസ് ഫ്രണ്ട് എന്ന സംഘനടയ്ക്ക് റൗഫിന്റെ അക്കൗണ്ടിലൂടെ രണ്ടു കോടിയിലേറെ രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച തുകയാണിതെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. എന്നാൽ വിദേശത്തു കമ്മിഷൻ ഏജന്റായി ജോലി ചെയ്യുന്ന തനിക്ക് ബിസിനസിലൂടെ ലഭിച്ച പണമാണിതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാനിട്ടൈസറും മാസ്കും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ബിസിനസിന്റെ ഭാഗമാണ് പണമെന്നും വ്യക്തമാക്കിയിരുന്നു.
കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കേസെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഇ.ഡി. ഡൽഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഇതിലാണ് കഴിഞ്ഞ ഡിസംബറിൽ റൗഫിനെ അറസ്റ്റുചെയ്തിരുന്നത്. ഇതിനുശേഷമാണ് റൗഫിനെതിരേ യു.പി. പൊലീസ് ഹാഥ്റസ് കലാപശ്രമത്തിൽ കേസെടുത്തെന്ന് കോടതിയിൽ വ്യക്തമാക്കിയത്. റൗഫിനെ അറസ്റ്റുചെയ്യാൻ യു.പി. പൊലീസ് നേരത്തെ എറണാകുളത്തെത്തിയിരുന്നുവെങ്കിലും ജാമ്യാപേക്ഷയിൽ വാദം നീണ്ടുപോയതിനാൽ അറസ്റ്റുചെയ്യാതെ മടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ