ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള മാനദണ്ഡം ദേശീയ പ്രസിഡന്റ് അമിത് ഷാ തയ്യാറാക്കിയതായി സൂചന. സീറ്റ് മോഹികളോടെല്ലാം ഇക്കാര്യം അമിത് ഷാ പറഞ്ഞതായാണ് റിപ്പോർട്ട്. അതായത് ഫേസ്‌ബുക്കിൽ കുറഞ്ഞത് 25,000 ലൈക്കോ ഫോളോവേഴ്‌സോ ഉള്ളവർക്ക് മാത്രമേ സീറ്റ് നൽകൂ എന്നാണ് അമിത് ഷായുടെ നിലപാട്.

യുപിയിലെ ബിജെപി നേതാക്കൾ ആരും സോഷ്യൽ മീഡിയയിൽ സജീവമല്ല. അതുകൊണ്ട് തന്നെ മാറുന്ന ലോകത്തിന്റെ മുഖം മനസ്സിലാകുന്നുമില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിന് മാറ്റം അനിവാര്യതയാണ്. എങ്കിൽ മാത്രമേ യുവാക്കളുമായി കൂടുതൽ അടുക്കാൻ നേതാക്കൾക്ക് കഴിയൂ. അതിനാൽ ഫെയ്‌സ് ബുക്കിലെ ലൈക്കും ഫോളോവേഴ്‌സും തന്നെയാകും ടിക്കറ്റ് നൽകുന്നതിനെ സ്വാധീനിക്കുക. സാമൂഹിക പ്രശ്‌നങ്ങളിൽ ഒരു വ്യക്തി നടത്തുന്ന ഇടപെടലുകളാണ് ലൈക്കിലും ഫോളേവേഴ്‌സിലും പ്രതിഫലിക്കുന്നതെന്നതാണ് അമിത് ഷായുടെ വിലയിരുത്തൽ.

അടുത്ത വർഷമാണ് യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകവും. ഇത് മുന്നിൽ കണ്ട് യുപി പിടിക്കാൻ അമിത് ഷാ സജീവമായി ഇറങ്ങി കഴിഞ്ഞു. ഇത്തരം ആശയ വിനിമയത്തിലാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഫെയ്‌സ് ബുക്ക് മാനദണ്ഡം വിശദീകരിച്ചത്. ബിജെപി സംസ്ഥാന ഘടകം പ്രസിഡന്റ് അടക്കം ഇതോടെ വെട്ടിലായി. ലക്ഷ്മി കാന്ത് ബാജ്‌പേയിക്ക് ട്വിറ്ററിൽ 10,000 ഫോളേവേഴ്‌സ് ഉണ്ട്. മൂന്ന് മാസം കൊണ്ട് ഇത് 25,000 ആക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയൂ.

മുസാഫർ നഗറിലെ കലാപവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എംഎൽഎ സുരേഷ് റാണയ്ക്ക് ഫെയ്‌സ് ബുക്കിൽ 12, 856 ഫോളേവേഴ്‌സ് ഉണ്ട്. മീററ്റിലെ എംഎൽഎ രാജേന്ദ്ര അഗർവാളിന് 13, 957 ലൈക്കുകൾ. യുപി ബിജെപിയിലെ മറ്റൊരു നേതാവും സോഷ്യൽ മീഡിയയിൽ സജീവമല്ല.