മസ്‌കത്ത്: വാഹനവുമായി റോഡിലേക്കിറങ്ങുന്നവർ അല്പം കരുതൽ എടുത്തോളൂ. രാജ്യത്ത് ചുവപ്പ് സിഗ്‌നൽ ലംഘകരെ കർക്കശമായി നേരിടാൻ റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. സിഗ്‌നൽ കണക്കിലെടുക്കാതെ വാഹനവുമായി പായുന്നവർക്കുള്ള ശിക്ഷ കർക്കശമാക്കിയതായി റോയൽ ഒമാൻ പൊലീസ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. സിഗ്‌നൽ ലംഘകർക്ക് ഒരു വർഷം തടവോ അഞ്ഞൂറ് റിയാൽ പിഴയോ ശിക്ഷയായി നൽകും.

നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് രണ്ടു ശിക്ഷയും ഒരുമിച്ച് ചുമത്താനും സാധ്യതയുണ്ടെന്ന് ആർ.ഒ.പി അറിയിച്ചു. ചുവപ്പ് സിഗ്‌നൽ മറികടക്കൽ ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് നിയമം കർക്കശമാക്കുന്നതെന്ന് ഗതാഗത വകുപ്പിലെ നിയമലംഘന വിഭാഗം മേധാവി അറിയിച്ചു. ഇത്തരം അപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ശിക്ഷ കർക്കശമാക്കിയതിന്റെ ലക്ഷ്യം.

റോഡിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നവരിൽനിന്നും സിഗ്‌നലുകളിൽ തെറ്റായ ലൈനിലൂടെ വാഹനങ്ങൾ മറികടക്കുന്നവരിൽ നിന്നും 35 റിയാൽ വീതം പിഴയും ചുമത്തും. സിഗ്‌നലുകൾ എത്തുന്നതിന് മുമ്പേ വാഹനങ്ങൾ നിശ്ചിത ട്രാക്കിലേക്ക് പ്രവേശിക്കണം. റോഡിലെ ആരോമാർക്കിന് അനുസരിച്ച് മാത്രമാണ് സിഗ്‌നലുകളിൽ വാഹനം ഓടിക്കാൻ പാടുള്ളൂ. നിലവിൽ ചുവപ്പ് സിഗ്‌നൽ മറികടക്കുന്നവർക്ക് 48 മണിക്കൂർ ജയിലും 50 റിയാൽ വരെ പിഴയുമാണ് ശിക്ഷ. അബദ്ധത്തിൽ സംഭവിച്ചുപോയ കുറ്റകൃത്യങ്ങൾക്ക് ജയിൽശിക്ഷ ഒഴിവാക്കാനും നിയമം അനുവദിക്കുന്നുണ്ട്.എന്നാൽ, ഭേദഗതി ചെയ്ത നിയമത്തിൽ ഈ ഇളവുകൾ അനുവദിക്കുന്നില്‌ളെന്ന് അറിയുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പല റോഡുകളിലും വേഗപരിധി നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തേ, 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ 110,120 കിലോമീറ്റർ വരെ വേഗമെടുക്കാം.

എന്നാൽ, ഇപ്പോൾ വേഗപരിധി നിർബന്ധമാക്കിയ റോഡുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. റോഡിലെ വാഹനങ്ങളുടെ എണ്ണം, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ വാഹനങ്ങൾ നിശ്ചയിച്ചതിലും അധികം വേഗമെടുക്കുന്നത് അനുവദിക്കാൻ കഴിയൂവെന്ന് ആർ.ഒ.പി നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജി.സി.സിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ഏറ്റവും കുറവ് പിഴചുമത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഒമാൻ.