ഡിജിറ്റൽ പണം ഇടപാടിൽ വിസയേയും മാസ്റ്റർ കാർഡിനേയും കടത്തി വെട്ടി യു.പി.ഐ; കുതിപ്പ് എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ മറികടന്ന്; സഹായകരമായത് ഗൂഗിൾ പേ. പേടി.എം തുടങ്ങിയ ആപ്പുകളുടെ ഉപയോഗം; വിജയകുതിപ്പിൽ ഇന്ത്യയുട യു.പി.ഐ
- Share
- Tweet
- Telegram
- LinkedIniiiii
ന്യുഡൽഹി: അഞ്ച് വർഷം മുൻപ് തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെകാര്യത്തിൽ ആഗോള വമ്പന്മാരായ വിസ, മാസ്റ്റർകാർഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്.
എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ യുപിഐ മറികടന്നു. പ്രതിവർഷം 18 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. വർഷങ്ങൾക്കുമുമ്പെ പ്രവർത്തനംതുടങ്ങിയവയാണ് അമെക്സ്, വിസ, മാസ്റ്റർ കാർഡ് എന്നിവ. ഇടപാടുകളുടെ കാര്യത്തിൽ അമെക്സിനെ ഇതിനകം മറികടന്നുകഴിഞ്ഞു.
മൂന്നുവർഷത്തിനുള്ളിൽ വിസയെയും മാസ്റ്റർകാർഡിനെയും മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജൂലായിൽ യുപിഐ വഴിയുള്ള ഇടപാടുകൾ എക്കാലത്തെയും ഉയരത്തിലെത്തി. 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് ജൂലായിൽ നടന്നത്. ജൂണിൽ നടന്നതാകട്ടെ 134 കോടി ഇടപാടുകളാണ്.
സ്മാർട്ട്ഫോൺ ഉപയോഗിച്ച് തത്സമയം പണംകൈമാറാൻ കഴിയുന്ന യുപിഐ സംവിധാനം നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണ് വികസിപ്പിച്ചത്. ഗൂഗിൾപേ, പേ ടിഎം, ഫോൺ പേ പോലുള്ള മൊബൈൽ വാലറ്റുകളും ബാങ്കുകളുടെ ആപ്പുകളും പണംകൈമാറുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ അതിവേഗം കഴിഞ്ഞിട്ടുണ്ട്.
ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായതിനാൽ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.
വാലറ്റുകൾ ഉപയോക്താക്കളിൽ നിന്ന് ഒരു നിശ്ചിത തുക എടുത്തു അവരുടെ അക്കൗണ്ടിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിർച്വൽ പേയ്മെന്റ് വിലാസം (ബാങ്ക് നൽകുന്ന ഒരു യൂണിക് ഐഡി), അക്കൗണ്ട് നമ്പർ ഐഎഫ്എസ് കോഡ് സഹിതം, മൊബൈൽ നമ്പറും എം എം ഐഡി, ആധാർ നമ്പർ ഇവയിൽ ഏതെങ്കിലും സങ്കേതം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്. ഒരു ഇടപാടും സ്ഥിരീകരിക്കാൻ ഒരു എംപിൻ (മൊബൈൽ ബാങ്കിങ് പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) ആവശ്യമാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2018 ജനുവരിയിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രതിമാസം 111 കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തി. യുപിഐ ഇടപാടുകൾ ജനുവരിയിൽ 151.7 ദശലക്ഷം രൂപ കവിഞ്ഞിട്ടുണ്ട്.പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളിലേക്ക് ഈ സംവിധാനം എത്തിയതോടെ ഓൺലൈൻ ബാങ്കിങ്ങിന് രാജ്യത്ത് ഏറ്റവും എളുപ്പമുള്ള സംവിധാനമായി യു.പി.ഐ മാറിക്കഴിഞ്ഞു.
മറുനാടന് ഡെസ്ക്