ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് ഉപ്പും മുളകും.പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ലച്ചു എന്ന ജൂഹി റുസ്തഗി. ലച്ചുവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെന്നും മറ്റുമുള്ള വാർത്തകൾ ആരാധകരെ ഞെട്ടിച്ചിരുന്നു.

എന്നാൽ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും വലിയ പരിക്കൊന്നും ഏറ്റിട്ടില്ലെന്നും അഞ്ച് ദിവസം വിശ്രമം മാത്രം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രതികരിച്ച് ലച്ചു രംഗത്തെത്തിയതോടെ ആണ് ആരാധകരുടെ മനസ്സു തണുത്തത്. ഹാസ്യപരിപാടിയായ ഉപ്പും മുളകിലെ മികച്ച പ്രകടനം കൊണ്ട് മികച്ച ഫാൻ ഫോളോവേഴ്സ് ഉള്ള ലച്ചുവിന് ഗുരുതര പരിക്കേറ്റു എന്ന വാർത്ത പെട്ടെന്ന് പരക്കുകയായിരുന്നു.

പാതി മലയാളിയായ ലച്ചുവിനെ ഇതിനോടകം നെഞ്ചേറ്റിയ പ്രേക്ഷകർക്ക് സഹിക്കാൻ പറ്റാത്ത വാർത്തയാണ് പ്രചരിച്ചത്. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി സംഭവിച്ച അപകടത്തെക്കുറിച്ച് ലച്ചു തന്നെ ഇക്കാര്യങ്ങൾ വിശദീകരിച്ച് വീഡിയോ പുറത്തുവിട്ടതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. ഈ വീഡിയോ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഇവരുടെ ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ തന്നെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി ചികിത്സ തേടുകയും ചെയ്തു. ബൈക്ക് ഇടിച്ചതിനെത്തുടർന്ന് ലച്ചുവിന്റെ വലതുകാലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. ആ കാലിന് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ലച്ചു പറയുന്നത്. ആദ്യമായിട്ടാണ് താൻ ഇത്തരത്തിൽ ഒരു അപകടത്തിൽ പെടുന്നതെന്നും താരം പറയുന്നു.

പള്ളിമുക്കിൽ വച്ചാണ് അപകടം നടന്നത്. കാൽ ഒടിഞ്ഞിട്ടൊന്നുമല്ല വീഴ്ചയുടെ ആഘാതത്തിൽ ചതവ് സംഭവിച്ചതിനാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. വീഴ്ചയെത്തുടർന്നുള്ള വേദനയും ഉണ്ട്. ഇഷ്ടം പോലെ മരുന്നും ഉണ്ട്. ഇതു പറഞ്ഞ് മരുന്നിന്റെ കവറും താരം ഉയർത്തിക്കാണിക്കുന്നുണ്ട്.

ഉപ്പും മുളകും പരിപാടിയുടെ സംവിധായകനും അണിയറ പ്രവർത്തകരും കാണാനെത്തിയിരുന്നു. ഷൂട്ടിന് വരേണ്ടെന്നു പറഞ്ഞുവെന്നും ലച്ചു പറയുന്നു. ഇപ്പോൾ വിശ്രമത്തിലാണ്, സാരമായിട്ടൊന്നും പറ്റിയിട്ടില്ല, വേറെ വലിയ വണ്ടി വല്ലതും ആയിരുന്നെങ്കിൽ എല്ലാം അവസാനിച്ചേനേ. ലച്ചു പറയുന്നു. താരത്തിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേഗമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ആരാധകരും ഉപ്പുംമുളകും പരിപാടിയുടെ പ്രവർത്തകരും.