- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലസമ്മർദംമൂലം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് കല്ല് അടർന്നുവീഴാം; എന്നാൽ ഇത്രയധികം ഉയരത്തിൽ തെറിച്ച് വീടിനുമുകളിൽ വീഴാനുള്ള സാധ്യത ഇല്ല; ഉപ്പുതറയിലേത് അത്ഭൂത പ്രതിഭാസം തന്നെ; ശാസ്ത്ര ലോകവും ആശ്ചര്യത്തിൽ; പുളിങ്കട്ടയിലേത് 'ചാത്തനേറ്' അല്ല
ഇടുക്കി: വീടുകൾക്ക് മുകളിൽ കല്ലുവീഴുന്നതിന് കാരണം തേടി ജിയോളജി വകുപ്പ് പരിശോധന. ജൂലായ് രണ്ടുമുതലാണ് സെൽവരാജിന്റെയും സുരേഷിന്റെയും വീടുകൾക്ക് മുകളിലേക്ക് കല്ലുകൾ വീണുതുടങ്ങിയത്. എറിയുന്നതാണെന്നുകരുതി വീട്ടുകാർ വാഗമൺ പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധിക്കുന്നതിനിടയിലും വീടിന് മുകളിൽ കല്ല് പതിച്ചു. തുടർന്ന് ഭൗമശാസ്ത്ര വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.
ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് വി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഒന്നരയോടെ ഉപ്പുതറ, പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്റെയും മരുമകൻ സുരേഷിന്റെയും വീടുകളിൽ പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള ഭൗമപ്രതിഭാസം ഇപ്പോഴും തുടരുകയാണ്. അതിനിടെ വീടിന്റെ ഭാഗത്തെ ഭൂമി ചെറിയതോതിൽ ഇടിഞ്ഞുതാഴുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജിയോളജി വകുപ്പിന്റെ പരിശോധന.
വീടുകൾക്ക് മുകളിൽ വീണ കല്ലുകൾ സംഘം ശേഖരിച്ചു. ജലസമ്മർദംമൂലം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് കല്ല് അടർന്നുവീഴാം. എന്നാൽ, ഇത്രയധികം ഉയരത്തിൽ തെറിച്ച് വീടിനുമുകളിൽ വീഴാനുള്ള സാധ്യത ഇല്ല. വീടിന്റെ മേൽക്കൂരയിലേക്ക് ചറപറ കല്ലുകൾ വന്നുവീഴുകയാണ്. ആരെങ്കിലും മനഃപൂർവം എറിയുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീട് മനസ്സിലായി, ഭൂമിയുടെ ഉപരിതലത്തിൽനിന്നു കല്ലുകൾ തെറിച്ച് വീടുകൾക്കു മുകളിൽ വീഴുകയാണ്.
ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനയും പഠനവും ആവശ്യമാണ്. മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും ഭൗമശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. സെൽവരാജിന്റെ വീടിന്റെ കൽക്കെട്ട് മണ്ണിലേക്ക് ഇരിന്നിട്ടുണ്ട്. ഇതുകൊണ്ടാണ് വീട് വിണ്ടത്. പരിശോധന സംബന്ധിച്ച് രണ്ടുദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് റിപ്പോർട്ട് നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. അസി. ജിയോളജിസ്റ്റുമാരായ പി.എ.അജീബ്, ശബരിലാൽ എന്നിവരും ഉണ്ടായിരുന്നു.
ജൂലൈ രണ്ടാംതീയതി രാത്രിയിലാണ് ആദ്യം വീടിനുമുകളിൽ രണ്ടുതവണ കല്ലുവീണത്. കുറേദിവസം രാത്രിയിൽ ഇത് തുടർന്നു. പിന്നീട് പകൽ സമയവും കല്ലുകൾ വീഴാൻ തുടങ്ങി. ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തു. മനഃപൂർവം ആരോ എറിയുന്നതാണെന്നു കരുതിയാണ് വീട്ടുകാർ വാഗമൺ പൊലീസിൽ പരാതി നൽകി. സിഐ.യുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിക്കുന്നതിന് ഇടയിലും വീടിനുമുകളിലും, മുറ്റത്തും കല്ലുകൾ വന്നുവീണു.
വീണകല്ലുകൾ ശേഖരിച്ച് പൊലീസ് മടങ്ങി. വിവരമറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.െജയിംസും പഞ്ചായത്തംഗങ്ങളും എത്തിയപ്പോഴും കല്ലുകൾ വീടിനു മുകളിലും മുറ്റത്തുംവന്നു പതിച്ചു. കുട്ടികൾ അടക്കമുള്ളവർക്ക് ഭീഷണിയാകുന്നവിധം രാപകലില്ലാതെ കല്ലുകൾ തെറിച്ചുവീഴുന്നത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരുന്നു. തുടർന്ന് സംസ്ഥാന ഭൗമശാസ്ത്രവിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു.
ഇതിനിടെ വീടിനുള്ളിലെ സിമിന്റുതറ വീണ്ടുകീറി ഇതിനുള്ളിൽ നിന്നു കല്ല് മുകളിലേക്ക് തെറിക്കാൻ തുടങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതരെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അദ്ഭുത പ്രതിഭാസം നേരിൽ കാണാൻ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ