കൊച്ചി: തൃശൂരിലെ ഗിരിജ തിയേറ്റർ ഉടമ ഡോ. കെ.പി.ഗിരിജയാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ നിർമ്മാതാവിനും വിതരണക്കാർക്കുമെതിരെ പരസ്യമായി രംഗത്തുവന്നത് പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ക്വട്ടേഷൻകാരുടെയും ഗുണ്ടകളുടെയും കഥ പറഞ്ഞ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ക്വട്ടേഷൻ പ്രവർത്തനം കാരണം പ്രതിസന്ധിയിലായെന്ന പരാതിയാണ് ഗിരിജ ഉന്നയിക്കുന്നത്.

നാണംകെട്ടൊരു ചരിത്രത്തിൽ നിന്ന് ഒറ്റയ്ക്ക് ഒരു തിയേറ്ററിനെ ഉയർത്തെഴുന്നേൽപിച്ച സ്ത്രീയാണ് ഗിരിജ. മോശം ചിത്രങ്ങൾ മാത്രം പ്രദർശിച്ചിരുന്ന ഗിരിജാ തിയേറ്റർ മൾട്ടി പ്ലക്‌സിന്റെ നിലവാരത്തിലേക്ക് അവർ ഉയർത്തി. അ്ത്തരത്തിലൊരു വ്യക്തിത്വമാണ് പരാതിയുമായി രംഗത്തുള്ളത്. ദിലീപ് ഫാൻസ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയും മറ്റൊരു തിയേറ്റർ ഉടമയും ചേർന്നാണ് ഇപ്പോൾ എനിക്കെതിരെ ചരടുവലി നടത്തുന്നത്. ദിലീപിന്റെ ഒരു ചിത്രവും തൃശൂരിൽ പ്രദർശിപ്പിക്കരുതെന്ന വാശിയാണ് അയാൾക്ക്. ഇതിന് എന്നെ കരുവാക്കുകയാണ്. അങ്കമാലി ഡയറീസ് തുടർന്നും പ്രദർശിപ്പിച്ചാൽ ദിലീപിന്റെ ജോർജേട്ടൻസ് പൂരം പ്രദർശിപ്പിക്കാനാവില്ല. അതുകഴിഞ്ഞ് ഞാൻ പ്രദർശിപ്പിക്കേണ്ടത് ബാഹുബലി 2 ആണ്. അങ്കമാലി തുടർന്നാൽ ഇതെല്ലാം താളംതെറ്റും-ഡോ. ഗിരിജ പറയുന്നു.

ആളുകുറഞ്ഞ ചിത്രം തുടർന്നും പ്രദർശിപ്പിക്കാൻ ബംഗാളികൾക്ക് സൗജന്യമായി ടിക്കറ്റ് കൊടുത്ത് കയറ്റുകയും ചിത്രം മാറ്റാതിരിക്കാൻ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഗിരിജ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ബംഗാളികൾ ചിത്രം കാണുന്നതിന്റെയും തിയേറ്ററിലിരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭീഷണികൾക്കെതിരെ അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിയേറ്റർ നടത്താൻ പൊലീസിനോട് സഹായം അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതിന് ശേഷമാണ് ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ഇതെന്ന് ഗിരിജ ആരോപിക്കുന്നത്. ഇതോടെ വിവാദങ്ങൾക്ക് പുതുതലവും നൽകി. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജോർജ്ജേട്ടൻസ് പൂരം ഒരുക്കിയിരിക്കുന്നത്. അതേസമയം തിയേറ്ററിൽ ആളില്ലെന്ന് കാണിച്ച് അങ്കമാലി ഡയറീസിനെ ഒതുക്കാനും ഷോ മുടക്കാനും ഗിരിജ തിയേറ്ററിന്റെ ഉടമകൾ ശ്രമിക്കുകയാണെന്ന് പറഞ്ഞ് നിർമ്മാതാവ് വിജയ് ബാബു, സാന്ദ്ര തോമസ്, നടൻ രൂപേഷ് പീതാംബരൻ എന്നിവരും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

എറണാകുളത്തെ മൾട്ടിപ്ലക്‌സുകളിൽ പോലും ചിത്രത്തിന് ആളില്ലാത്തപ്പോഴാണ് തന്റെ തിയേറ്ററിൽ മാത്രം ഇത്ര തിരക്കുണ്ടാവുന്നതെന്ന് ഡോ.ഗിരിജ പറഞ്ഞു. അങ്കമാലി ഡയറീസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിതരണക്കാരുമായി തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ഡോ. ഗിരിജ പറഞ്ഞു. ചിത്രം നൽകാമെന്ന് പറഞ്ഞ് ട്രെയിലറും പോസ്റ്ററും നേരത്തെ തന്നെ വിതരണക്കാർ ഗിരിജ തിയേറ്ററിന് നൽകിയിരുന്നു. ഇവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മെക്‌സിക്കൻ അപാരത വേണ്ടെന്ന് വെച്ചു. എന്നാൽ, ഈ ധാരണ തെറ്റിച്ച് അവർ തൃശൂരിലെ തന്നെ മറ്റൊരു തിയേറ്ററിനാണ് അങ്കമാലി ഡയറീസ് നൽകിയത്. വിജയ് ബാബുവിന്റെ മാനേജർ വിളിച്ച് ഗിരിജ തിയേറ്ററിൽ സിനിമയില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഞാൻ പരാതിയുമായി തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയെ സമീപിച്ചു. രണ്ട് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കാനായിരുന്നു ഇവരുടെ നിർദ്ദേശം. ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരം ഇറങ്ങുന്നതു വരെ അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കാമെന്നായിരുന്നു ധാരണ. ഗിരിജ തിയേറ്ററിൽ ചിത്രം മുടങ്ങാതെ പ്രദർശിപ്പിച്ചപ്പോൾ രണ്ട് സ്‌ക്രീനുള്ള മറ്റേ തിയേറ്റർ അവ മാറ്റിമാറ്റി പ്രദർശിപ്പിക്കുകയും വൈകാതെ പ്രദർശനം അവസാനിപ്പിക്കുകയും ചെയ്തു.

തുടക്കത്തിൽ നല്ല തിരക്കുണ്ടായിരുന്ന ചിത്രത്തിന് പിന്നീട് സ്വാഭാവികമായും കാണികൾ കുറഞ്ഞു. കുറച്ചു ദിവസം മുൻപ് നിർമ്മാതാവ് വിജയ് ബാബുവിന്റെ സഹോദരൻ വിനയ് ബാബുവും വിതരണക്കാരും എന്നെ കാണാൻ വന്നു. ചിത്രം നാല് ഷോകളോടെ തന്നെ കളിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ജോർജേട്ടൻസ് പൂരത്തിന് അഡ്വാൻസ് കൊടുത്ത കാര്യം പറഞ്ഞപ്പോൾ അങ്കമാലി തന്നെ തുടരണം എന്ന പിടിവാശി അവർ തുടർന്നു. പിന്നീട് രണ്ട് ഷോ വച്ച് മാറിമാറി പ്രദർശിപ്പിക്കാമെന്ന് പറഞ്ഞിട്ടും അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. ഇവർ മടങ്ങിയതിനുശേഷം തിയേറ്ററിൽ അന്യ സംസ്ഥാനക്കാരുടെ തള്ളിക്കയറ്റമായിരുന്നു തിയേറ്ററിൽ. എല്ലാവരും എത്തിയത് സൗജന്യ ടിക്കറ്റുമായാണ്. ഫ്രൈഡേ ഫിലിംസ് തന്നെ മുൻകൈയെടുത്താണ് ഇവർക്ക് ടിക്കറ്റ് നൽകിയതെന്ന് വ്യക്തമായിരുന്നു. സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന് പറഞ്ഞ് ചിലർ ഫോൺ നമ്പർ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിടുക വരെ ചെയ്തിട്ടുണ്ട്. ചിലർക്ക് സിനിമ കാണേണ്ട. ടിക്കറ്റിന്റെ ഫോട്ടോ മാത്രം മതി. അതുകൊടുത്താൽ കാശ് കിട്ടുമെന്നാണ് പറഞ്ഞത്. തിയേറ്ററിൽ കയറിയവരാവട്ടെ ബഹളം വയ്ക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ചിലർ കിടന്ന് ഉറങ്ങുകയുമായിരുന്നു. ഇവരുടെ ബഹളം കാരണം പിന്നീട് കുടുംബങ്ങൾ ചിത്രത്തിന് വരാതായി. ഇതിനെ തുടർന്നാണ് ഗേറ്റ് പൂട്ടിയിട്ടത്. ഞാൻ ചിത്രം ഹോൾഡ് ഓവർ ആക്കാൻ ശ്രമിക്കുകയായിരുന്നില്ല. ഹോൾഡ് ഓവർ ആയാലും അമ്പത് ശതമാനം വിഹിതം നൽകുന്നയാളാണ് ഞാൻ-ഗിരിജ പറയുന്നു.