- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ അപ്ടൺ പാർക്കിൽ ബാർബർ ഷോപ്പിൽ വെടിവെയ്പ്പ്; യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ മലയാളി യുവാവിന് പരുക്കെന്നു സൂചന; പരുക്കേറ്റ മറ്റു രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ; അക്രമികളുടെ കറുത്ത ഓഡി കാർ തപ്പി നടന്ന ലണ്ടൻ പൊലീസിന് നിരാശ
ലണ്ടൻ: മലയാളി സാന്നിധ്യം നിറഞ്ഞ ലണ്ടൻ നഗരത്തിലെ അപ്ടൺ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റത് മലയാളി വിദ്യാർത്ഥിക്കെന്നു സ്ഥിരീകരണമായി. ന്യുഹാം പ്രദേശത്തു താമസിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ യുവാവ് കടയിൽ എത്തിയ സമയത്താണ് അക്രമികൾ പാഞ്ഞെത്തി അക്രമം നടത്തിയത്. കരുതിക്കൂട്ടിയുള്ള അക്രമം ആണെന്ന് വെക്തമായ സംഭവത്തിൽ മലയാളി യുവാവ് അവിചാരിതമായി ഉൾപ്പെട്ടതാണെന്നാണ് പ്രാഥമിക വിവരം. കടയിൽ എത്തിയ മറ്റാരെയോ അക്രമികൾ ലക്ഷ്യം വച്ചതാണെന്നാണ് ലഭ്യമായ സൂചന. ഏറെ വർഷങ്ങളായി ന്യുഹാമിൽ താമസക്കാരാണ് യുവാവിന്റെ കുടുംബം. ഇക്കാരണത്താൽ ഞെട്ടലോടെയാണ് ന്യുഹാം മലയാളികൾ വാർത്ത ഉൾക്കൊള്ളുന്നത്.
പാക് - ആഫ്രിക്കൻ വംശജർ തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. വെടിയേറ്റ് വീണ മലയാളി യുവാവിനെ അരിശം തീരാതെ അക്രമികൾ കുത്തിയും പരുക്കേൽപ്പിച്ചിരുന്നു. മലയാളി യുവാവിന്റെ കുടുംബത്തിനുണ്ടായ ആശങ്കയിൽ പങ്കുചേരാൻ ഒറ്റ സുഹൃത്തുക്കളായ കുടുംബാംഗങ്ങൾ ഇവരെ സന്ദർശിച്ചു ധൈര്യം പകരുന്നുണ്ട്. ഇങ്ങനെയൊരു സംഭവത്തിൽ മലയാളി യുവാവിന് പരുക്കേൽക്കുന്നത് ഏറെക്കാലത്തിനു ശേഷമാണ്. മുൻപ് കത്തിക്കുത്തിലും മറ്റും മലയാളി യുവാക്കൾക്ക് ന്യുഹാം ഉൾപ്പെടെ ലണ്ടന്റെ പലഭാഗത്തും പരുക്കേറ്റിറ്റുണ്ട്.
അതേസമയം വെടിയേറ്റ് വീണവരെ തന്നെ ലക്ഷ്യം വച്ചാണ് അക്രമികൾ വന്നതെന്ന് അവരുടെ പെരുമാറ്റം വ്യക്തമാക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികൾ കടയിലേക്ക് ഇരച്ചു കയറിയത് ലക്ഷ്യം പൂർത്തിയാക്കി ഉടൻ കാറിൽ സംഘം സ്ഥലം കാലിയാകുകയും ചെയ്തു. ന്യുഹാം ഭാഗത്തേക്ക് ഓടിച്ചു പോയ കറുത്ത ഓഡി കാർ തപ്പി പൊലീസ് രാവും പകലും അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടെ വെടിയേറ്റ യുവാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ ആണെങ്കിലും അപകട നില തരണം ചെയ്തതായാണ് സൂചന. അക്രമികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നു ലണ്ടൻ പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റിൽ വെള്ളിയാഴ്ച വൈകിട്ട് ബാർബർ ഷോപ്പിലുണ്ടായ വെടിവയ്പിൽ പരിക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണ്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപരിക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും.
യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ശാന്തശീലനുമായ യുവാവാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായത്. ഏഴുമണിയോടെ ബാർബർ ഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരേ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ഇന്നലെ വൈകിട്ടുവരെ ന്യൂഹാമിൽ സ്റ്റോപ്പ് ആൻഡ് സേർച്ച് ഉത്തരവിട്ട് വാഹനങ്ങൾ പരിശോധിച്ചു.