- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വളരട്ടങ്ങനെ വളരട്ടെ, ഊരാലുങ്കൽ വളരട്ടെ, ഊരാലുങ്കൽ മാത്രം വളരട്ടെ'; ട്രഷറിയേക്കാൾ ഉയർന്ന പലിശ ഊരാളുങ്കലിൽ സ്ഥിരനിക്ഷേപത്തിന് തുടരാനുള്ള സർക്കാർ ഉത്തരവ് നീട്ടിയതിൽ വിമർശനവുമായി ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: ട്രഷറിയേക്കാൾ ഉയർന്ന പലിശനൽകുന്നത് തുടരാൻ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. സ്ഥിരനിക്ഷേപത്തിന് ഒരു ശതമാനം അധികം പലിശ നൽകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ ടെണ്ടർ ഇല്ലാതെ ഒട്ടേറെ കരാറുകൾ നൽകിയ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് പ്രവർത്തനമൂലധനം കണ്ടെത്താനാണ് അധികപലിശ അനുവദിച്ചത്. ഇതോടെ ഉയർന്ന പലിശ നൽകുന്ന സർക്കാർ ട്രഷറിയേക്കാൾ പലിശ നൽകാൻ ഊരാളുങ്കലിനുള്ള അനുമതി തുടരും.
ട്രഷറി നിക്ഷേപങ്ങൾക്ക് പലിശ കുറച്ചും ഊരാലുങ്കലിലെ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടിയും സംസ്ഥാന സർക്കാരിന്റെ ഊരാ ലുങ്കൽ പ്രേമം ശക്തി പ്രാപിക്കുകയാണെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം
2020-21 സാമ്പത്തിക വർഷം ഊരാലുങ്കൽ സൊസൈറ്റിയിൽ നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 1% അധിക പലിശ നൽകാൻ സർക്കാർ ഊരാലുങ്കലിന് അനുമതി നൽകിയിരുന്നു. ഇതിന്റെ ഫലമായി ഊരാലുങ്കലിൽ സ്ഥിര നിക്ഷേപങ്ങളിൽ 342. 28 കോടി രൂപയുടെ വർധനവ് ഉണ്ടായി.
കൂടാതെ 31.3- 21 വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ ബാലൻസ് 1370 .85 കോടി രൂപയായി. 4100 കോടിയുടെ പ്രവൃത്തികളാണ് ഊരാലുങ്കലിന് സർക്കാരിൽ നിന്നും മറ്റും ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് സ്ഥിര നിക്ഷേപങ്ങൾ അനിവാര്യമാണന്നും ഒരു ശതമാനം അധിക പലിശ നൽകി സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരു വർഷം കൂടി അനുമതി നൽകണമെന്ന ഊരാലുങ്കലിന്റെ അപേക്ഷ കൈയോടെ സ്വീകരിച്ച് സർക്കാർ 22-6-2021 ന് ഒരു വർഷം കൂടി അനുമതി നൽകി.
ട്രഷറികളിലും മറ്റ് സഹകരണ സ്ഥാപനങ്ങളിലും നിക്ഷേപങ്ങളിൽ ഫെബ്രുവരി 2021 മുതൽ പലിശ കുറച്ചിരിക്കുമ്പോഴാണ് ഊരാലുങ്കലിന് ഉയർന്ന പലിശ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കാൻ രണ്ടാമതും അനുമതി നൽകിയത്. സർക്കാരിന്റെ ഈ നിലപാട് ട്രഷറികളുടെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപം ഗണ്യമായി കുറക്കാൻ ഇടയാക്കും.
വളരട്ടങ്ങനെ വളരട്ടെ, ഊരാലുങ്കൽ വളരട്ടെ, ഊരാലുങ്കൽ മാത്രം വളരട്ടെ എന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും ട്രഷറിയുടെയും കടയ്ക്കൽ കത്തി വയ്ക്കുന്ന പരിപാടിയാണ്. അതുകൊണ്ട് ഒരു ശതമാനം അധിക പലിശ നൽകി സ്ഥിരനിക്ഷേപങ്ങൾ സ്വീകരിക്കാൻ ഊരാ ലുങ്കലിന് അനുമതി നൽകിയത് അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്