- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് പഠനവും ലൈസൻസ് വിതരണവും ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപിക്കാൻ നീക്കം; മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങൾ മാത്രമേ ഡ്രൈവിങ് പഠിപ്പിക്കാൻ പാടുള്ളൂ എന്ന റോഡ് സുരക്ഷാ ബില്ലിന്റെ മറവിൽ ചരടുവലികൾ; പ്രതിസന്ധിയിലാകുന്നത് ഡ്രൈവിങ് സ്കൂളുകളും ഓട്ടോ കൺസൽറ്റന്റുമാരും
തൃശൂർ: സംസ്ഥാനത്ത് ഡ്രൈവിങ് പഠനവും ലൈസൻസ് വിതരണവും ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപിക്കാൻ നീക്കം. കേന്ദ്ര റോഡ് സുരക്ഷാ ബില്ലിന്റെ മറവിലാണ് ഈ നീക്കം. ഇത് നടപ്പായാൽ സംസ്ഥാനത്തെ ആയിരക്കണക്കിനു ഡ്രൈവിങ് സ്കൂളുകളും ഓട്ടോ കൺസൽറ്റന്റുമാരും പ്രതിസന്ധിയിലാവും.
കോവിഡിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തിൽ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കൽ. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങൾ മാത്രമേ ഡ്രൈവിങ് പഠിപ്പിക്കാൻ പാടുള്ളൂ എന്ന പുതിയ നിർദേശത്തിന്റെ മറവിലാണ് നടപടികൾ.
നിലവിൽ കാലാവധി പൂർത്തിയായ ഡ്രൈവിങ് സ്കൂളുകൾ ലൈസൻസ് പുതുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മോട്ടർ വാഹന വകുപ്പിൽ നിന്ന് വൈകാതെ വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഊരാളുങ്കലിന് അനുകൂലമായി ഉപദേശം നൽകിയതെന്നാണ് റിപ്പോർട്ട്. നേരത്തേ, പാസ്പോർട്ട് വെരിഫിക്കേഷൻ ഊരാളുങ്കലിനെ ഏൽപിക്കാനുള്ള ശ്രമം എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. അതിന് സമാനമാണ് ഇപ്പോൾ നടക്കുന്ന നീക്കം.
രാജ്യത്ത് മോട്ടോർവാഹനവകുപ്പിൽ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം വന്നതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണം സ്തംഭനാവസ്ഥയിലാണ്. ആർ.ടി. ഓഫീസുകളിൽത്തന്നെ ലൈസൻസ് പ്രിന്റ് ചെയ്തുനൽകുന്ന സംവിധാനം മാറിയതോടെയാണ് ലൈസൻസ് വിതരണത്തിൽ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോർവാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്വേറായ 'വാഹൻ സാരഥി' നടപ്പാക്കിത്തുടങ്ങിയത്.
ഓരോ ആർ.ടി. ഓഫീസുകളിലും 3500 മുതൽ 5000 വരെ ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, പ്രായോഗിക പരീക്ഷ പാസായി എന്ന രേഖ ലൈസൻസായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിർദേശിച്ചിട്ടുള്ളത്. സാരഥി സോഫ്റ്റ്വേറിന്റെ പരീക്ഷണ ഉപയോഗം നടന്ന കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി ഓഫീസുകളിൽ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെക്കൊണ്ട് സ്മാർട്ട്കാർഡ് ലൈസൻസ് നൽകിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം.