തിരുവനന്തപുരം:ഊരാളുങ്കലിന് വീണ്ടും കോളടിച്ചു. സംസ്ഥാനത്തു സർക്കാർ വകുപ്പുകൾ മുഖേന നടക്കുന്ന മുഴുവൻ പൊതു നിർമ്മാണ പ്രവൃത്തികളുടെയും കരാർ നിരക്ക് വർധിപ്പിച്ചു. 2018ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്‌സ് (ഡിഎസ്ആർ) സംസ്ഥാനത്തു നടപ്പാക്കാൻ ധന വകുപ്പ് ഉത്തരവിട്ടു. കേരളത്തിലെ മിക്കവാറും പൊതുമരാമത്ത് പണികൾ ഊരാളുങ്കലാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതിയ ഉത്തരവ് ഊരാളുങ്കലിന് കരുത്താകും.

പുതിയ ഉത്തരവ് അനുസരിച്ച് പൊതു നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് നിരക്കിൽ 10%മുതൽ 20% വരെ വർധനയുണ്ടാകും. സർക്കാരിന്റെ സാമ്പത്തികച്ചെലവ് ഉയരുമെങ്കിലും നിർമ്മാണ സാമഗ്രികളുടെ വില ഉയർന്ന പശ്ചാത്തലത്തിൽ കരാറുകാർ ഉന്നയിച്ച ഏറ്റവും പ്രധാന ആവശ്യമാണു സർക്കാർ അംഗീകരിച്ചത്. പുതുതായി ടെൻഡർ വിളിക്കുന്ന പ്രവൃത്തികൾക്കാണു പുതിയ നിരക്കു ബാധകം. സംസ്ഥാനത്തെ പതിനയ്യായിരത്തോളം വരുന്ന കരാറുകാർക്കു പ്രയോജനപ്പെടുന്നതാണു തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

രണ്ടുവർഷം കൂടുമ്പോൾ നിരക്ക് പുതുക്കുന്നതായിരുന്നു മുൻപുണ്ടായിരുന്ന രീതി. 2018ലെ ഡിഎസ്ആർ അംഗീകരിച്ച് 2019ൽ ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും തൊട്ടുപിന്നാലെ മരവിപ്പിച്ചു. നാലു വർഷമായി 2016ലെ ഡിഎസ്ആറാണു സംസ്ഥാനത്തു പിന്തുടരുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പും മറ്റു ചില സംസ്ഥാനങ്ങളും ഇതിനിടെ 2021ലെ ഡിഎസ്ആർ നടപ്പാക്കി. ഇതോടെയാണു കേരളത്തിലെ കരാറുകാർ ആവശ്യം ശക്തമാക്കിയത്.

എന്നാൽ ഇവരിൽ 70 ശതമാനം പേരും ജോലിയെടുക്കുന്ന തദ്ദേശ വകുപ്പിൽ ഉത്തരവ് നടപ്പാക്കിയില്ല. പുതിയ നിരക്ക് നടപ്പാക്കിയാൽ, ഓരോ ഇനത്തിന്റെയും നിരക്ക് വർധിപ്പിച്ചു പദ്ധതി മുഴുവനായി പരിഷ്‌കരിക്കേണ്ടിവരും.