- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഓർമ്മയാകുന്നു; ദേശീയ പാതാ വികസനത്തിനായി പൊളിച്ചു നീക്കുന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം
കോഴിക്കോട്: കേരളനവോത്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട് ഒരു നൂറ്റാണ്ടു തികയ്ക്കാൻപോകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആസ്ഥാനമന്ദിരം ദേശീയപാതാ വികസനത്തിനായി പൊളിച്ചുനീക്കുന്നു.
ഒരു ജനതയ്ക്കാകെ തൊഴിൽ നല്കി അന്നമൂട്ടുന്ന സൊസൈറ്റി ഊരാളുങ്കലിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിലും അവിടങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സുപ്രധാനപങ്കുകൾ വഹിച്ചതും അതിനെല്ലാമുള്ള തീരുമാനങ്ങൾ എടുത്തതുമായ മന്ദിരമാണ് ഓർമ്മയാകുന്നത്. റോഡുവികസനത്തിന് ഒരു കെട്ടിടം പൊളിക്കുന്നു എന്നതിനപ്പുറം ഒരു ജനത ഏറെ വികാരവായ്പോടെ നിർവ്വഹിക്കുന്ന ഒരു സംഭവമാണത്.
1925-ൽ പിറവികൊണ്ട സൊസൈറ്റിയുടെ ആദ്യത്തെ ഓഫീസ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വാടകക്കെട്ടിടത്തിലായിരുന്നു. സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ കുടുംബം വക ചായക്കടയുടെ മുകൾ നിലയിലായിരുന്നു ഇത്. പാലേരി കണാരൻ മാസ്റ്റർ പ്രസിഡന്റായിരിക്കെ 1954-ലാണു ഇപ്പോഴത്തെ നാഷണൽ ഹൈവേയോടു ചേർന്ന് സംഘത്തിനു പുതിയ ആസ്ഥാനമന്ദിരത്തിനു സ്ഥലം വാങ്ങിയത്. അന്ന് 500 രൂപയ്ക്കു വാങ്ങിയ സ്ഥലത്ത് കെട്ടിടം ഉണ്ടാക്കി. പണി പൂർത്തിയായി അതിലേക്കു സംഘം പ്രവർത്തനം മാറ്റുന്നത് 1969-ലാണ്.
ഏറെക്കഴിഞ്ഞാണു ദേശീയപാതാവികസനം ആസൂത്രണം ചെയ്യുന്നത്. ഹൈവേയ്ക്കു വീതികൂട്ടുമ്പോൾ സ്വന്തം ചെലവിൽ പൊളിച്ചുനീക്കുമെന്ന നിലപാട് സൊസൈറ്റി അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നിൽ ബഹുനില ഓഫീസ് നിർമ്മിക്കുകയും ചെയ്തു. ഇതുവരെ ഓഫിസായി ഉപയോഗിക്കുകയായിരുന്ന പഴയ കെട്ടിടം വാഗ്ദാനം പാലിച്ചുകൊണ്ട് സൊസൈറ്റിതന്നെ പൊളിച്ചുനീക്കുകയാണ്. സൊസൈറ്റിക്കും അതിലെ അംഗങ്ങളും അല്ലാത്തവരുമായ തൊഴിലാളികൾക്കും നാട്ടുകാർക്കും ഏറെ വൈകാരികതയുള്ളതാണ് പൊളിച്ചു നീക്കുന്ന കെട്ടിടം.
മുൻ തലമുറ ചോര നീരാക്കി പടുത്തുയർത്തി സംഘത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ ഓരോ ഇഷ്ടികയ്ക്കും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഒട്ടേറെ കഥകൾ പറയാനുണ്ടെന്ന് ഊരാളുങ്കൽ ഭാരവാഹികൾ വ്യക്തമാക്കുന്നു. ഒരു ജനതയുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നതായതുകൊണ്ട് ഓഫീസ് മന്ദിരം ഓരോ ഇഷ്ടികയും വാതിലും ജനലുമെല്ലാം പൊളിച്ചെടുത്ത് സംരക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 19 ന് പൊളിച്ചു നീക്കുന്ന പ്രവർത്തനം ആരംഭിക്കും. 23 ന് പുതിയ കെട്ടിടത്തിലേക്കുള്ള ഔപചാരികമായ മാറ്റം നടക്കും.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.