നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ മലയാളത്തിന്റെ പ്രിയ നടി മഞ്ജുവിന് ലഭിച്ച സ്വീകരണം ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു.എന്നാൽ ചിലപ്പോഴൊക്കെ മഞ്ജുവിന് കിട്ടുന്ന സ്വീകാര്യത കണ്ട് പലരും വിമർശനം നടത്തിയിട്ടുമുണ്ട്. തിരിച്ചുവരവിൽ മഞ്ജു വാര്യർക്ക് ഇത്രമാത്രം പബ്ലിസിറ്റി കൊടുക്കേണ്ടതുണ്ടോയെന്ന കാര്യം പലതവണ പലരും ഉന്നയിച്ചും കഴിഞ്ഞു.

മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം മഞ്ജുവിന് നൽകിയതിൽ ഡോക്ടർ ബിജു കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സോഷ്യൽ മീഡിയ വഴിയും ഇതിനെതിരെ പലരും രംഗത്തെത്തിയതും ചർച്ചയായിരുന്നു. മുമ്പും തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ച് പറഞ്ഞ് വിവാദങ്ങൾക്ക് കൂട്ടുപിടിച്ച മായ വിശ്വനാഥാണ് ഇപ്പോൾ മഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

അർഹിക്കുന്ന പലരും അവസരം ലഭിക്കാതെ ഇരിക്കിമ്പോൾ ഒരാൾ അനാവശ്യ പബ്ലിസിറ്റി കൊടുക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു. മാത്രവുമല്ല, 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന് 'ഇംഗ്ലീഷ് വിങ്ലീഷ്' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ കഥാപാത്രവുമായി സാമ്യമുണ്ടെന്നും മായ പറഞ്ഞു. പല രംഗങ്ങളിലും നിരുപമ എന്ന വീട്ടമ്മയാവാൻ മഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്നും നടി പറയുന്നു.

മായയുടെ അഭിപ്രായത്തിൽ കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ മാത്രമാണ് മഞ്ജു നന്നായി അഭിനയിച്ച ചിത്രങ്ങൾ.മഞ്ജുവിനെക്കാൾ മികച്ച നടിയാണ് ഉർവശിയെന്നും മായ വിശ്വനാഥ് പറഞ്ഞു.ഏത് കഥാപാത്രവും തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിൽ ഉർവശി മിടുക്കിയാണെന്നും നടി വ്യക്തമാക്കി.