വാഷിങ്ടൺ ഡി.സി: രണ്ട് യുവ ഇന്ത്യൻ അമേരിക്കൻ വംശജരെ കൂടി പ്രസിഡന്റ് ബൈഡൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു. ഡിസംബർ എട്ടിനാണ് നിയമനത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് തരുൺ ഛബ്ര, സുമോന്ന ഗുഹ എന്നിവരെ സെക്യൂരിറ്റി കൗൺസിലേക്ക് നിയമനം നടത്തിയതിലൂടെ ബൈഡൻ ഭരണകൂടം ഉറപ്പുവരുത്തുന്നത്.

ഇന്ത്യൻ അമേരിക്കൻ യുവതലമുറയിൽപ്പെട്ട തരുൺ ഛബ്ര സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി, ഹാർവാർഡ് ലോ സ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. നാഷണൽ സെക്യൂരിറ്റി ആൻഡ് ടെക്നോളജി സീനിയർ ഡയറക്ടറായാണ് തരുണിന്റെ നിയമനം.

ജോൺ ഹോപ്കിൻസ്, ജോർജ് ടൗൺ യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദം നേടിയ സുമോന്നയെ സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യയായിട്ടാണ് നിയമിച്ചിരിക്കുന്നത്.

നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ജേക്ക് സുള്ളവന്റെ കീഴിലാണ് ഇരുവരും പ്രവർത്തിക്കുക. അമേരിക്കയുടെ സുരക്ഷിതത്വവും, സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉത്തരവാദിത്വം.