വിമാനത്താവളത്തിൽ പുഞ്ചിരിച്ചുകൊണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്ന ജീവനക്കാരെയാകും നിങ്ങൾ കണ്ടിട്ടുണ്ടാവുക. എന്നാൽ, അമേരിക്കയിലേക്ക് പോകാനുള്ള യാത്രക്കാരാണെങ്കിൽ, വിസയും പാസ്‌പോർട്ടും ശരിയായാൽ മാത്രം പോര. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസ് മുറയിൽ ചോദ്യം ചെയ്ത് തൃത്പരായാൽ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കാനാണ് നീക്കം. ഇന്നുമുതൽ നിലവിൽ വരുന്ന പദ്ധതിയിൽ തുടക്കത്തിൽ അഞ്ച് വിമാനക്കമ്പനികളാണ് ചോദ്യം ചെയ്യൽ ഒരുക്കുന്നത്.

എയർഫ്രാൻസ്, കാത്തി പസഫിക്, ഈജിപ്ത്എയർ, എമിറേറ്റ്്‌സ്, ലുഫ്താൻസ എന്നീ അഞ്ച് വിമാനക്കമ്പനികളാണ് അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥനയനുസരിച്ച് യാത്രക്കാരെ സുരക്ഷാപരിശോധനയുടെ ഭാഗമായി പുതിയ രീതിയിൽ ചോദ്യം ചെയ്യാൻ പോകുന്നത്. ജനുവരി മധ്യത്തോടെ റോയൽ ജോർദാനിയൻ വിമാനങ്ങളിലും സമാനമായ പദ്ധതിക്ക് തുടക്കമിടും. ജോർദാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് കുറച്ച് സാവകാശം അവർക്ക് നൽകാൻ അമേരിക്ക തീരുമാനിച്ചത്.

പലതരത്തിലാണ് യാത്രക്കാർക്കുള്ള മുഖാമുഖം വിമാനക്കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ളത്. ചിലതിൽ ഉത്തരങ്ങൾ എഴുതി നൽകിയാൽ മതിയെങ്കിൽ മറ്റു ചിലതിൽ യാത്രക്കാരൻ വിമാനജീവനക്കാരനുമുന്നിൽ നേരിട്ട് ഹാജരാകണം. ഇത്തരം ചോദ്യം ചെയ്യലുകൾ ഈ വിമാനക്കമ്പികളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. നേരത്തേ, ലാപ്‌ടോപ് കൊണ്ടുപോകുന്നത് വിലക്കിയതും ചില രാജ്യങ്ങലിൽനിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയതും ആഗോളതലത്തിൽ വിമാനക്കമ്പനികൾക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

ചോദ്യം ചെയ്യൽ പരിപാടിയെക്കുറിച്ച് പ്രതികരിക്കാൻ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ലാപ്‌ടോപ് വിലക്കും യാത്രാവിലക്കും നീക്കിയശേഷം അമേരിക്ക കൊണ്ടുവന്ന പുതിയ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കുന്നതിന് വിമാനക്കമ്പനികൾക്ക് 120 ദിവസത്തെ സാവകാശം അമേരിക്ക നൽകിയിരുന്നു. അതവസാനിക്കുന്നതിന്റെ ഭാഗമായാണ് ഈ അഞ്ച് വിമാനക്കമ്പനികൾ ചോദ്യം ചെയ്യൽ പരിപാടി തുടങ്ങാൻ തീരുമാനിച്ചത്.

വ്യാഴാഴ്ച പാരീസ് വിമാനത്താവളത്തിൽ മാത്രമാകും പരിപാടിക്ക് തുടക്കമിടുകയെന്ന് എയർ ഫ്രാൻസ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുശേഷം ചാൾസ് ഡി ഗൗൾ വിമാനത്താവളത്തിലും തുടക്കമിടും. ഒരു ചോദ്യാവലിയുടെ രൂപത്തിലാകും അഭിമുഖമെന്നും അത് യാത്രക്കാർക്ക് വിതരണം ചെയ്യുകയാവും ചെയ്യുകയെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എമിറേറ്റ്ശ് വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പറക്കുന്നവരോട് ഈ പരിപാടികൂടി മനസ്സിൽക്കണ്ട് വിമാനത്താവളത്തിൽ ചെക്കിൻ ചെയ്യാനെത്തണമെന്ന് എമിറേറ്റ്‌സ് അധികൃതർ അഭ്യർത്ഥിച്ചു.