വാഷിങ്ടൺ: അമേരിക്ക-ഉത്തരകൊറിയ ബന്ധം കൂടുതൽ വഷളായതോടെ തങ്ങളുടെ പൗരന്മാർ ഉത്തരകൊറിയ സന്ദർശിക്കുന്നത് അമേരിക്ക വിലക്കുന്നു. വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം 27ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

തുടർന്ന് ഒരു മാസത്തിനകം സമ്പൂർണ വിലക്ക് പ്രാബല്യത്തിൽ വന്നേക്കും. ഇക്കാര്യത്തിൽ തീരുമാനം വരുന്നതായി വിവരം പുറത്തുവിട്ടത് ട്രാവൽ ഏജൻസികളാണ്. അതേസമയം, ഉത്തരകൊറിയയിൽ തടവിൽ കഴിഞ്ഞിരുന്ന ഒട്ടോ വാമ്പിയർ (22) എന്ന യുവാവിന്റെ മരണത്തെ തുടർന്നാണ് അമേരിക്കയുടെ നടപടിയെന്ന വിവരങ്ങളും പുറത്തുവരുന്നു.

ഉത്തരകൊറിയയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന ട്രാവൽ ഏജൻസികളായ കൊറിയോ ടൂർസ്,യങ്പയനിയർ എന്നിവ നൽകുന്ന സൂചനകൾ പ്രകാരം അമേരിക്ക ഉടൻ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ. ഉത്തരകൊറിയയിലെ അമേരിക്കൻ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സ്വീഡിഷ് എംബസിയാണ് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നല്കിയത്. എന്നാൽ,അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഉത്തരകൊറിയൻ വിനോദസഞ്ചാരമേഖലയ്ക്ക് അമേരിക്കൻ തീരുമാനം തിരിച്ചടിയാണെന്ന് ട്രാവൽ ഏജൻസികൾ പ്രതികരിച്ചു. വിനോദസഞ്ചാരത്തിനെത്തി ഉത്തരകൊറിയയിൽ അറസ്റ്റിലാവുകയും പിന്നീട് കോമയിലായി മരിക്കുകയും ചെയ്ത അമേരിക്കൻ വിദ്യാർത്ഥി ഓട്ടോ വാമ്പിയറിനെ അവിടെയെത്തിച്ചത് യങ്പയനിയർ ഏജൻസിയായിരുന്നു. വാമ്പിയറുടെ മരണം അമേരിക്കയുടെ പൊടുന്നനെയുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

2016 ജനുവരി 2ന് ഉത്തരകൊറിയയിൽ അറസ്റ്റിലായ ഓട്ടോ വാമ്പിയർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവിദ്യാർത്ഥിയായിരുന്നു. ഇയാൾക്ക് 15 വർഷത്തേക്ക് തടവ്ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് ബോട്ടുലിസം ബാധിച്ച് വാമ്പിയർ കോമയിലായെന്ന് ഉത്തരകൊറിയ അറിയിച്ചു. കഴിഞ്ഞ ജൂണിൽ ഇയാളെ അമേരിക്കയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു.

മുപ്പതുദിവസത്തിന് ശേഷം ഉത്തരകൊറിയ സന്ദർശിക്കുന്നവരുടെ വിസ റദ്ദാക്കുമെന്നാണ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ ഉത്തരകൊറിയയിലുള്ള അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ സ്വീഡിഷ് എംബസി ശേഖരിച്ചുവരികയാണ്. ഇവരോട് എത്രയും വേഗം രാജ്യം വിടാനും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

തങ്ങൾക്ക് ഇത് സംബന്ധിച്ച് ഉത്തരകൊറിയയിലെ യു.എസ് കാര്യങ്ങൾ നോക്കുന്ന സ്വീഡിഷ് എംബസിയിൽനിന്നും നിർദ്ദേശം ലഭിച്ചതായി യങ് പയനിയർ അറിയിച്ചു. എല്ലാ യു.എസ് പൗരന്മാരും ഉടൻ രാജ്യം വിടണമെന്നാണ് എംബസിയിൽ നിന്നും അറിയിച്ചതെന്നും ഇവർ വ്യക്തമാക്കി.