വാഷിങ്ടൺ: ഉത്തര കൊറിയയ്ക്കു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തി അമേരിക്ക. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടന്നതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക കൊറിയക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയത്. യു.എസ് ബി-1 ബി ബോംബറിനൊപ്പം ദക്ഷിണ കൊറിയയുടെ യുദ്ധ വിമാനങ്ങളും, ജപ്പാൻ വ്യോമ സേനയും സംയുക്തമായാണ് പത്തു മണിക്കൂർ നീണ്ടു നിന്ന ദൗത്യവും, അഭ്യാസപ്രകടനങ്ങളും നടത്തിയത്.

അമേരിക്കയുടെ ഏതു നീക്കത്തെയും പ്രതിരോധിക്കാൻ എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ഈ മാസത്തെ രണ്ടാമത്തെ മിസൈൽ പരീക്ഷണമാണ് ഇത്തരമൊരു ദൗത്യത്തിന് അമേരിക്ക മുതിർന്നതിന് പിന്നിൽ. ഉത്തര കൊറിയ ഇന്ന് സമാധാന രാഷ്ട്രങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുയാണെന്ന് പസഫിക് എയർ ഫോക്‌സ് കമാൻഡർ ജനറൽ ടെറൻസ് ഓ ഷൗഖ്‌നസ്സി പറഞ്ഞു. ആവശ്യമെങ്കിൽ ഇതിനുള്ള ഉത്തരം തരാൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഉത്തരകൊറിയൻ സഖ്യകക്ഷികളെ മൂക്കുകയറിട്ട് നിർത്തുന്നതിൽ പരാജപ്പെട്ട ബയ്ജിങ്ങിനെ സോഷ്യൽ മീഡിയയിൽ രൂക്ഷമായി വിമർശിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്ത ട്വീറ്റിനൊപ്പമാണ് ഈ പ്രഖ്യാപനം നടക്കുന്നത്. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷവും ചൈന ഒന്നും മിണ്ടാത്തത് നിരാശാജനകമെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.

അതിനിടെ, അമേരിക്കയും ദക്ഷിണ കൊറിയയും മിസൈലുകൾ ഉപയോഗിച്ച് തൽസമയപരിശീലനം നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ഭാഗത്തു നിന്നും പ്രതിരോധം ഏർപ്പെടുത്താനാണ് ബെയ്ജിങ്ങിന്റെ തീരുമാനം.