ഓക്ക്‌ലാൻഡ്: അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഒരു വർഷം കൊണ്ട് ന്യൂസിലാൻഡിനു സമ്മാനിച്ചത് 1.1  ബില്യൺ ഡോളർ അധികമെന്ന് റിപ്പോർട്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തേയ്ക്ക് അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഒഴുക്കാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടൂറിസം മേഖലയിൽ ശക്തമായ കുതിപ്പിനാണ് രാജ്യം സാക്ഷിയായത്.

ഒരു വർഷം കൊണ്ടു തന്നെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഒഴുക്കിൽ 7.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മുൻ വർഷം ടൂറിസ്റ്റുകളുടെ വരവിൽ 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 2002-നു ശേഷം ഇപ്പോഴാണ് ടൂറിസം മേഖലയിൽ ശക്തമായ ഉണർവ് കാണുന്നതെന്ന് നാഷണൽ അക്കൗണ്ട്‌സ് മാനേജർ ഗാരി ഡണ്ണറ്റ് പറയുന്നു. ടൂറിസം മേഖലയിലെ ചെലവിലും അഞ്ചു ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. മൊത്തം ചെലവ് 23.8 ബില്യൺ ആയിരുന്നു 2014 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ.

ഇന്റർനാഷണൽ ടൂറിസം രാജ്യത്തിന് സമ്മാനിച്ചത് 10.3 ബില്യൺ ഡോളറാണ്. ന്യൂസിലാൻഡിന്റെ മൊത്തം കയറ്റുമതിയുടെ 15 ശതമാനം വരുമിത്. അതേസമയം ടൂറിസം രാജ്യത്തിന്റെ ജിഡിപിക്ക് നേരിക്ക് 8.3 ബില്യൺ ഡോളറാണ് സംഭാവന നൽകിയത്. ടൂറിസം മേഖലയിൽ ശക്തമായ മുന്നേറ്റം ഉണ്ടായതോടെ ടൂറിസം  ഇൻഡസ്ട്രിയിൽ 94,100 പേർക്ക് മുഴുവൻ സമയ ജോലിയും ലഭിച്ചു. രാജ്യത്തിന്റെ മൊത്തം തൊഴിൽ നിരക്കിന്റെ 4.7 ശതമാനം വരുമിത്.