പ്യോങ്യാങ്: ഹൈട്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജൻ ബോംബിന്റ പ്രകമ്പനം ഉത്തരകൊറിയയിൽ ഉണ്ടായെന്നുമുള്ള വാർത്തകൾക്ക് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക ചാനലിന്റെ സ്ഥിരീകരണം. ഹൈട്രജൻ ബോംബ് പരീക്ഷണത്തിന് അനുമതി നൽകിക്കൊണ്ട് കിം ജോങ്ഉൻ ഒപ്പിട്ട ഉത്തരവും ചാനൽ പുറത്തു വിട്ടിട്ടുണ്ട്. പ്യോങ്യാങ് ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന് അമേരിക്ക ചില സംശയങ്ങളുന്നയിച്ചിരുന്നു. ഇതിന് സ്ഥിരീകരണം നൽകുന്ന വിവരങ്ങളാണ് ദേശീയ മാധ്യമം പുറത്ത് വിടുന്നത്.

ഉത്തര കൊറിയയുടെ ആണവ ഗവേഷണ കേന്ദ്രത്തിൽ എത്തി കിം ജോങ് ഉൻ ഹൈട്രജൻ ബോംബിന്റെ പ്രവർത്തന ശേഷി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഉത്തരകൊറിയയിൽ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനം ഉണ്ടായത് അമേരിക്കൻ ഭൗമ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെടുന്നത്. 5.6 തീവ്രതയുള്ള പ്രകമ്പനം ഉത്തരകൊറിയയിലുണ്ടായെന്നായിരുന്നു അമേരിക്കൻ ഭൗമ ശാസ്ത്രജ്ഞരുടെ നിരീക്ഷണം. പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തരകൊറിയയുടെ നടപടി ലോകരാഷ്ട്രങ്ങൾക്കിടയിൽ വ്യാപക എതിർപ്പിനും വഴിവച്ചു. ഉത്തരകൊറിയ ഒരു വഞ്ചകരാഷ്ട്രമായി മാറിയിരിക്കുന്നു.സ്‌നേഹത്തിന്റെ ഭാഷ ഇവരോട് പറ്റില്ല. യു എസിനുൾപ്പടെ ഇവർ ഭീഷണി ഉയർത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീ്റ്റ് ചെയ്തു. ചൈന, റഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും നിശിതമായി ഈ നടപടിയയെ വിമർശിച്ചിട്ടുണ്ട്

അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഹൈഡ്രജൻ ബോംബിന് ആവശ്യമായി വേണ്ട എല്ലാ ഘടകങ്ങളും ഉത്തരകൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്ന് കിം ജോങ് ഉൻ നേരത്തെ അവകാശപ്പെട്ടിരുന്നു. അണുവിഘടനമാണ് ആറ്റംബോംബിന്റെ പ്രഹര തത്വം. അതേസമയം ഹൈഡ്രജൻ ബോംബ് സ്‌ഫോടനത്തിൽ അണു സംയോജനമാണ് നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാന ആണവായുധ പരീക്ഷണം ഉത്തരകൊറിയ നടത്തിയത്.